പരിസ്ഥിതി ദുര്‍ബല മേഖലയില്‍ ഭൂമി കൈമാറ്റത്തിനു വിലക്ക്

December 10, 2013 കേരളം

കട്ടപ്പന: പരിസ്ഥിതി ദുര്‍ബല മേഖലയില്‍ (ഇഎഫ്എല്‍) ഭൂമി കൈമാറ്റത്തിനു വിലക്ക്. 2006 മുതലാണ് ഇക്കോളജിക്കലി ഫ്രജയില്‍ ഭൂമി കൈമാറ്റം ചെയ്യുന്നതിന് സര്‍ക്കാര്‍ വിലക്ക് ഏര്‍പ്പെടുത്തി. 2005-ലെ കേരള ഫോറസ്റ് (വെസ്റിംഗ് ആന്‍ഡ് മാനേജ്മെന്റ് ഓഫ് ഇക്കോളജിക്കലി ഫ്രജയില്‍ ലാന്‍ഡ്സ്) ആക്ട് അനുസരിച്ചാണ് ഭൂമിയുടെ ക്രയവിക്രയം തടഞ്ഞത്.

ഇതനുസരിച്ച് ഇടുക്കി, വയനാട്, പാലക്കാട് ജില്ലകളില്‍ ഭൂമിയുടെ ആധാരം രജിസ്റര്‍ ചെയ്യണമെങ്കില്‍ പരിസ്ഥിതി ദുര്‍ബല മേഖലയില്‍പ്പെട്ടതല്ലെന്നു സ്ഥലമുടമ സത്യവാങ്മൂലം നല്‍കണം. പരിസ്ഥിതി ദുര്‍ബല പ്രദേശത്തു ഭൂമിയുടെ രജിസ്ട്രേഷന്‍ തടഞ്ഞിരുന്നതിന്റെ പശ്ചാത്തലത്തിലാണു കഴിഞ്ഞദിവസം ഇടുക്കി ജില്ലയില്‍ ആധാരം രജിസ്ട്രേഷന്‍ താത്കാലികമായി നിര്‍ത്തിയ സംഭവമുണ്ടായത്. 13-11- 13-ല്‍ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനത്തില്‍ കേരളത്തിലെ 123 വില്ലേജുകള്‍ പരിസ്ഥിതി ലോല മേഖലയായി പ്രഖ്യാപിച്ചിരുന്നു. പരിസ്ഥിതി ലോലവും ദുര്‍ബലവും ഒരേ അര്‍ഥം വരുന്ന വാക്കുകളായതാണു രജിസ്ട്രേഷന്‍ തടയാന്‍ ഇടയാക്കിയത്. ഇഎഫ്എല്‍ ആക്ടില്‍ പെട്ടിട്ടുള്ള സ്ഥലത്തിന്റെ ക്രയവിക്രയമാണു തടഞ്ഞതെന്ന് വിശദീകരണം വന്നതോടെയാണ് രജിസ്ട്രേഷന്‍ പുനരാരംഭിച്ചത്.

സംസ്ഥാന വനംവകുപ്പിന്റെ ഫ്രജയില്‍, ആക്ടനുസരിച്ച് ഇടുക്കി ജില്ലയില്‍ 80 പേരുടെ കൈവശഭൂമി വനഭൂമിയോടു ചേര്‍ക്കപ്പെട്ടിട്ടുണ്ട്. വനഭൂമിയോടു ചേര്‍ന്നുകിടക്കുന്ന 80 പേരുടെ കൈവശമുള്ള 120-ഓളം ഹെക്ടര്‍ സ്ഥലമാണ് വനംവകുപ്പ് ഏറ്റെടുത്തത്. ഈ നിയമമനുസരിച്ച് വനംവകുപ്പ് റേഞ്ച് ഓഫീസര്‍ നോട്ടീസ് നല്‍കി ഏറ്റെടുക്കുന്ന സ്ഥലം ജണ്ടയിട്ടു തിരിച്ചു വനത്തോടു ചേര്‍ക്കണം എന്നാണു വ്യവസ്ഥ. സ്ഥലം സംബന്ധിച്ചു തര്‍ക്കമുള്ളവര്‍ നോട്ടീസ് ലഭിച്ച് 60 ദിവസത്തിനുള്ളില്‍ സ്ഥലത്തിന്റെ ‘ഉടമയായ’ ഫോറസ്റ്റ് ചീഫ് കണ്‍സര്‍വേറ്റര്‍ക്കു പരാതി നല്‍കണം. പരാതി പരിശോധിച്ചു തീര്‍പ്പാക്കേണ്ടത് വനംവകുപ്പാണ്.

ഇടുക്കി ജില്ലയില്‍ വനംവകുപ്പ് ഏറ്റെടുത്ത സ്ഥലത്തിന്റെ തെക്ക്, പടിഞ്ഞാറ് അതിര്‍ത്തികള്‍ വനമാണെന്നാണു രേഖപ്പെടുത്തിയിരിക്കുന്നത്. വനത്തോടു ചേര്‍ന്നുകിടക്കുന്നതും വനത്താല്‍ ചുറ്റപ്പെട്ടുകിടക്കുന്നതും വന്യജീവികളുടെ വിഹാര, വാസകേന്ദ്രങ്ങളും ജൈവ വൈവിധ്യമുള്ള പ്രദേശങ്ങളും ഈ നിയമമനുസരിച്ച് വനംവകുപ്പിന് നഷ്ടപരിഹാരംപോലും കൂടാതെ ഏറ്റെടുക്കാം.  ഫ്രജയില്‍ ലാന്‍ഡിനു ദുര്‍ബല പ്രദേശമെന്നും സെന്‍സിറ്റീവ് ഏരിയയ്ക്കു ലോലപ്രദേശമെന്നും മലയാളത്തില്‍ വിവേചിച്ചിരിക്കുന്നതാണു നിലവിലുള്ള വ്യത്യാസം.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം