ശ്രീകൃഷ്ണന്‍ വീണ്ടും വൃന്ദാവനത്തില്‍ (ഗര്‍ഗ്ഗഭാഗവതസുധ-ഭാഗം II)

December 10, 2013 സനാതനം

ചെങ്കല്‍ സുധാകരന്‍

Garga-II-6-pbഉദ്ധവന്റെ വാക്കുകള്‍ ശ്രീകൃഷ്ണനില്‍ ആര്‍ദ്രത ഉളവാക്കി. വൃന്ദാവനത്തിലേക്കു തിരിച്ചു ചെല്ലേണ്ടതിന്റെ ആവശ്യകത അദ്ദേഹത്തിനു ബോദ്ധ്യപ്പെട്ടു. താന്‍ ഗോപന്മാര്‍ക്കും ഗോപികമാര്‍ക്കും നല്‍കിയ വാഗ്ദാനവുമോര്‍ത്തു. ഉടന്‍തന്നെ ഗോകുലത്തിലേക്കു പോകാന്‍ ഭഗവാന്‍ തീര്‍ച്ചയാക്കി. കൃഷ്ണന്‍, ചുമതലയെല്ലാം ബലരാമനെ ഏല്‍പ്പിച്ചു. വര്‍ദ്ധിച്ച ഉത്സാഹത്തോടെ വൃന്ദാവന യാത്രയ്ക്കു തയ്യാറായി. സുന്ദരമായൊരു തേരിലേറി ഭക്തദര്‍ശനലോലനായി, ഗോകുലത്തിലേക്കു യാത്രയായി.

‘ഗോവര്‍ദ്ധനാം ഗോകുലം ച
പശ്യന്‍ വൃന്ദാവനം വനം
പ്രാപ്‌തോഭൂത് പുളിനേ കൃഷ്ണഃ
കൃഷ്ണാതീരേ മനോഹരേ’

(ഗോവര്‍ദ്ധനം വൃന്ദാവനം എന്നിവ കണ്ടു കണ്ട് കൃഷ്ണന്‍ മനോഹരമായ യമുനാ പുളിനത്തിലെത്തി.)

ശ്രീകൃഷ്ണനെക്കണ്ട് വൃന്ദാവനമാകെ പുളകം പൂണ്ടു. പശുക്കള്‍ മുലചുരന്ന് പാലൊലിപ്പിച്ചുകൊണ്ട് കൃഷ്ണനടുക്കലേയ്‌ക്കോടിവന്നു. അവ വാലും തലയുമിളക്കി അദ്ദേഹത്തെത്തന്നെ നോക്കിനിന്നു. അവ കടിച്ചെടുത്ത പുല്ല് ചവയ്ക്കാന്‍ പോലും മറന്നുപോയി. മേഘങ്ങള്‍ സൂര്യരഥത്തെയെന്നപോലെ, അവ, കൃഷ്ണരഥത്തെ വളഞ്ഞു. പുശക്കളുടെ സ്‌നേഹപ്രകടനം ഭഗവാനെ, കൂടുതല്‍ സന്തോഷിപ്പിച്ചു. അദ്ദേഹം ഗോക്കളോരോന്നിനേയും പേര്‍ചൊല്ലിവിളിച്ച്, അടുത്തണച്ച്, തലോടി.

പശുക്കള്‍ കൂട്ടംകൂട്ടമായി ഓടിപ്പോകുന്നതും ഒരു രഥത്തെ തടഞ്ഞു നില്‍ക്കുന്നതും ഗോപന്മാര്‍ കണ്ടു. ശ്രീദാമാവ് ഉള്‍പ്പടെയുള്ള ഗോപന്മാര്‍ തമ്മില്‍തമ്മില്‍ പറഞ്ഞു: – ഈ മനോഹരമായ രഥത്തെ ഗോക്കളെന്തിനാണ് തടഞ്ഞു നിറത്തിയിരിക്കുന്നത്? കൂട്ടരേ, നിങ്ങളാരെങ്കിലും കാരണം തിരക്കിയോ? അധികം സന്തോഷത്തോടെ അവ, വാലിളക്കി ഉല്ലസിക്കുന്നു. തീര്‍ച്ചയായും ഈ രഥം മറ്റാരുടേതുമല്ല! അതില്‍ വന്നിരിക്കുന്നത് മറ്റാരുമല്ല. ഇതു നമ്മുടെ നന്ദനന്ദനന്‍ തന്നെയാണ്. ഇതാ എന്റെ വലതുഭാഗം തുടിക്കുന്നു. ആനന്ദമത്തരായി മയിലുകള്‍ പീലി വിടര്‍ത്തി നൃത്തം ചെയ്യുന്നു.’

ശ്രീനാരദന്‍, ബഹുലാശ്വമഹാരാജാവിനോട് ശ്രീകൃഷ്ണാഗമന കഥ വിശദീകരിച്ചു പറയാന്‍ തുടങ്ങി. ‘മഹാരാജാവേ, ഇപ്രകാരം ചിന്തിച്ചുനിന്ന ഗോപന്മാര്‍ വളരെ വേഗം ശ്രീകൃഷ്ണ സന്നിധിയിലെത്തി. കൃഷ്ണനെക്കണ്ട് അവര്‍, ആനന്ദത്താല്‍ മതിമറന്നു. കളഞ്ഞുപോയ നിധി തിരിച്ചുകിട്ടിയപോലെ ആഹ്ലാദിച്ചു. അപ്പോള്‍ ശ്രീകൃഷ്ണഭഗവാന്‍:-

‘അവപ്ലുത്യ രഥാല്‍ കൃഷ്ണഃ
പരിപൂര്‍ണ്ണതമഃ സ്വയം
പുരോനിധായ താന്‍ സര്‍വ്വാന്‍
ദോര്‍ഭ്യാം തത് പ്രേമവിഹ്വലഃ’
(കൃഷ്ണന്‍ ഉടന്‍, തേരില്‍ നിന്നു ചാടിയിറങ്ങി. സ്‌നേഹപരവശനായ അദ്ദേഹം മുന്നില്‍ക്കണ്ട സുഹൃത്തുക്കളെയെല്ലാം ആശ്ലേഷിച്ചു). കൃഷ്ണന്റെ ആകസ്മികമായ വരവില്‍ ഗോപന്മാര്‍ ഹര്‍ഷൈകവികാരഭരിതരായി. അമിതാനന്ദത്താല്‍ കണ്ണീരൊഴുക്കി കര്‍ത്തവ്യവിമൂഢരായി നിന്നുപോയി. അവരുടെ നിര്‍വ്യാജസ്‌നേഹത്താല്‍ ഭഗവാന്‍പോലും സാധാരണനെപ്പോലെ വികാരപരവശനായി. ഓരോരുത്തരേയും ആലിംഗനം ചെയ്ത് സ്‌നേഹപ്രകടനം നടത്തി. ഭക്തിയുടെ മാഹാത്മ്യം ആര്‍ക്കാണ് വിവരിക്കാനാവുക?

ആനന്ദ നിര്‍വൃതിയിലാണ്ട ഗോകുലവാസികള്‍ കണ്ണീരൊലിപ്പിച്ചുകൊണ്ട് കൃഷ്ണനെ നോക്കിനിന്നു. അവര്‍ക്ക് ഒന്നുമുരിയാടാന്‍ കഴിഞ്ഞില്ല. ഭക്തഹൃദയമറിഞ്ഞ ഭഗവാന്‍ അവരെ സ്‌നേഹ പൂരിതമായ വാക്കുകള്‍കൊണ്ട് ആശ്വസിപ്പിച്ചു. തന്നോടൊപ്പമെത്തിയിട്ടുള്ള ഉദ്ധവനെ നന്ദഗൃഹത്തിലേയ്ക്കയച്ചു. താന്‍ വന്നവാര്‍ത്ത അച്ഛനമ്മമാരെ അറിയിക്കാന്‍.

ശ്രീകൃഷ്ണാഗമനവാര്‍ത്ത വൃന്ദാവനമാകെ നിറഞ്ഞു. കൃഷ്ണന്‍ വന്നിട്ടുണ്ടെന്നു കേട്ട് എല്ലാവരും പൂര്‍ണ്ണമനോരഥരായി ഏവരും അദ്ദേഹത്തെ സ്വീകരിക്കാന്‍ പുറപ്പെട്ടു. ഭേരീ മൃദംഗാദിവാദ്യങ്ങള്‍ മുഴക്കി. വേദജ്ഞന്മാര്‍ വേദമന്ത്രങ്ങള്‍ ആലപിച്ചു. പൂര്‍ണ്ണകുംഭം മുന്നില്‍ വച്ച്, മലര്‍, അക്ഷതം മുതലായ മംഗലവസ്തുക്കളുമായി നന്ദഗോപരും യശോദാദേവിയും കൃഷ്ണനടുക്കലേയ്ക്കു തിരിച്ചു. വൃഷഭാനുവരന്‍ ഉന്നതമായൊരു ഗജവീരന്റെ മുതുകിലേറി കൃഷ്ണനെ സ്വീകരിക്കാനെത്തി. നന്ദോപനന്ദന്മാരും വൃഷഭാനുക്കളാറുപേരും യുവാക്കളും കുട്ടികളും വന്നു. അവര്‍ മാലയും പീലിയും ഓടക്കുഴലുമായി കൃഷ്ണനെ സ്വാഗതം ചെയ്തു. പാട്ടും നൃത്തവും കൊണ്ട് അവര്‍, തങ്ങളുടെ സന്തോഷമറിയിച്ചു. പീതാംബരം വീശിയും ഓടക്കുഴല്‍ വിളിച്ചും കൃഷ്ണനെ വരവേറ്റു.

രാധ, കൃഷ്ണന്‍ വന്നവിവരം സഖിമാരില്‍ നിന്നറിഞ്ഞു. ആ നല്ലവാര്‍ത്ത അറിയിച്ച തോഴിമാര്‍ക്ക് അവള്‍, തന്റെ സ്വര്‍ണ്ണാഭരണങ്ങള്‍ സമ്മാനിച്ചു. അനവധി സഖിമാരാല്‍ പരിസേവിതയായി, പല്ലക്കിലേറി, അവള്‍, കൃഷ്ണസന്നിധിയിലെത്തി. ഗോപികമാര്‍ ഗൃഹജോലികളെല്ലാമുപേക്ഷിച്ച് പട്ടു വസ്ത്രങ്ങളുമണിഞ്ഞ്, പ്രേമവിവശരായി ഓടിയെത്തി. വൃന്ദാവനത്തിലെ പശുക്കളും വൃക്ഷങ്ങളും പക്ഷികളുമെല്ലാം കൃഷ്ണനില്‍ പ്രേമമഗ്നരാണെന്ന വിവരം ഭഗവാനറിഞ്ഞു. അദ്ദേഹം മൂര്‍ദ്ധാവില്‍ കൂപ്പുകൈചേര്‍ത്ത് എല്ലാറ്റിനേയും വണങ്ങി. അച്ഛനമ്മമാരെ നമസ്‌കരിച്ച് പ്രദിക്ഷിണം ചെയ്തു.

കാലങ്ങള്‍ക്കുശേഷം കണ്ട പുത്രനെ, നന്ദരാജന്‍ മാറില്‍ച്ചേര്‍ത്താശ്ലേഷിച്ചു. പുത്രവത്സലയായ യശോദ ആനന്ദക്കണ്ണീരിനാല്‍ കൃഷ്ണനെ കളിപ്പിച്ചു. കുളിപ്പിച്ചു. ശ്രീകൃഷ്ണന്‍ നന്ദോപനന്ദന്മാരേയും വൃഷഭാനുവരനേയും ഇതര ഗോപവൃദ്ധന്മാരേയും നമസ്‌കരിച്ചു. പിന്നീടദ്ദേഹം അച്ഛനമ്മമാരേയും തേരില്‍ക്കയറ്റി, പരിവാരസമേതം, നന്ദഗൃഹത്തിലെത്തി.

ഈ കഥാഭാഗം ശ്രീഗര്‍ഗ്ഗന്റെ സ്വന്തം സൃഷ്ടിയാണ്. വ്യാസന്‍, ഇങ്ങനെയൊരു സാദ്ധ്യതതന്നെ കണ്ടെത്തിയില്ല. മഥുരയിലേക്കു പോയശേഷം കൃഷ്ണന്‍, വൃന്ദാവനത്തിലേക്കു പോകുന്നതേയില്ല. എന്നാല്‍ ഗര്‍ഗ്ഗാചാര്യര്‍ അതിനുമാറ്റം വരുത്തി കൃഷ്ണവിരഹാര്‍ത്തിമൂലം പരിതപിക്കുന്ന ഗോപികമാരെ, വേണ്ടപോലെ അനുനയിപ്പിക്കാനും അനുഗ്രഹിക്കാനുമാണ് കൃഷ്ണന്റെ തിരിച്ചുവരവ്. ഉദ്ധവന്, തന്റെ പാണ്ഡിത്യത്താലോ വാക്പടുതയാലോ ഗോപീജന ദുഃഖമകറ്റാന്‍ കഴിഞ്ഞില്ല. അവരുടെ ഭക്തി കൃഷ്ണ സചിവന്റെ മാനസമാര്‍ദ്രമാക്കുകയും ചെയ്തു. ഗോകുലവാസികളുടെ തീവ്രദുഃഖം അതേപടി കൃഷ്ണനെ ഗ്രഹിപ്പിക്കുവാന്‍ ഉദ്ധവര്‍ക്കു കഴിഞ്ഞു. അതിനു ഫലവുമുണ്ടായി. കൃഷ്ണഭഗവാന്‍ ഗോകുലത്തിലേക്കു വീണ്ടും വന്നു.

മറ്റു ഭാഗവത കഥകളിലെല്ലാമെന്നപോലെ ഇതിലും ഭക്തിയുടെ ഉദാത്തതയാണ് കാണാനാകുന്നത്. കൃഷ്ണദര്‍ശനം കൊണ്ടല്ലാതെ ഗോപീ-ഗോപന്മാരുടെ വിരഹാര്‍ത്തി ശമിക്കുകയില്ലെന്ന് ഉദ്ധവര്‍ക്കു ബോദ്ധ്യമായി. യഥാര്‍ത്ഥത്തില്‍, കൃഷ്ണദൂതനായി വൃന്ദാവനത്തിലെത്തിയ ഉദ്ധവര്‍ ഗോപീദൂതനായിട്ടാണ് തിരിച്ചുപോകുന്നത്. ഈ സന്ദര്‍ഭത്തില്‍ ഉദ്ധവര്‍, ഗോകുലത്തിന്റെ മാനസ പ്രതീകമാണ്. അവരുടെ ദുഃഖം കൃഷ്ണപാദങ്ങളില്‍ സമര്‍പ്പിച്ചത് അദ്ദേഹമാണല്ലോ? രുഗ്മിണീ സ്വയം വരത്തിലെ ബ്രാഹ്മണനും രാമായണത്തിലെ ഹനുമാനും ഇത്തരത്തില്‍ വിലയിരുത്താവുന്ന കഥാപാത്രങ്ങളാണ്. ശ്രീരാമദൂതനായി ലങ്കയിലേക്കുപോയ ഹനുമാന്‍ സീതാദൗത്യവുമായാണ് തിരിച്ചെത്തിയത്. രാമഭക്തിയാല്‍ സ്വയം മറന്ന ദൂതന്‍ തന്റെ പ്രാര്‍ത്ഥനാമൂര്‍ത്തിയില്‍ തന്മയീഭവിച്ച്, താനും ഭഗവാനും എന്ന അവസ്ഥയില്‍നിന്ന് ഏറെ ഉയര്‍ന്നു. സീതാദര്‍ശനത്തോടെ മായാശക്തിയായ സീതയും ജഗദുല്പത്തിസ്ഥാനമായ പുരുഷശക്തിയും ചേര്‍ന്ന രൂപം ഹനുമാന്റെ ഹൃദയപ്രതിഷ്ഠയായി. നിഷ്‌കളങ്ക ഭക്തിയാല്‍ സ്വയം സമര്‍പ്പിച്ച് രാമനാമത്തിലും കീര്‍ത്തനത്തിലും മുഴുകി പരമശക്തമായ വിഷ്ണുശക്തിയിലഭിരമിച്ചു. രുഗ്മിണിയുമങ്ങനെ. ശ്രീകൃഷ്ണനെയല്ലാതെ മറ്റൊരാളെ ഭര്‍ത്താവായി സങ്കല്‍പ്പിക്കാന്‍പോലും അവള്‍ക്കു കഴിഞ്ഞില്ല. വിപ്രനെ ദ്വാരകയിലേക്കയച്ചപ്പോള്‍ തന്റെ മനസ്സിനെ തന്നെയാണ് സമര്‍പ്പിച്ചത്. അതുപോലെ ഉദ്ധവര്‍, ഗോപികാമാനസം തന്നെയാണെന്ന് സങ്കല്പിക്കാന്‍ ന്യായമുണ്ട്.

കലര്‍പ്പറ്റ ഭക്തിയുടെ മാറ്റുകൂട്ടുന്ന ഒരു പ്രാര്‍ത്ഥനയാണ് ഉദ്ധവര്‍, കൃഷ്ണന്റെ മുന്നില്‍ സമര്‍പ്പിച്ചത്. അദ്ദേഹം ബദ്ധാജ്ഞലിയായി ഭഗവാനോടു പറഞ്ഞു.

‘പ്രഹ്ലാദ രുഗ്മാംഗദയോഃ പ്രതിജ്ഞാം
ബലേശ്ച ഖട്വാംഗ നൃപസ്യ സാക്ഷാല്‍
കഥാംബരീക്ഷ ധ്രുവയോസ്തഥാ മേ
കൃതാ ച ഭക്തേശ്വര രക്ഷ രക്ഷ

(ഹേ ഭക്തേശ്വരാ! അങ്ങ് എപ്രകാരമാണോ പ്രഹ്ലാദന്‍, രുഗ്മാംഗദന്‍, മഹാബലി, ഖട്വാംഗന്‍, അംബരീഷന്‍, ധ്രുവന്‍ എന്നീ ഭക്തന്മാരെ, അവരുടെ വ്രതം പാലിപ്പിച്ചത്, അതുപോലെ എന്നേയും സത്യവാക്കാക്കി രക്ഷിച്ചാലും!) ഗോപികമാരോടു പറഞ്ഞ വാക്കുപാലിക്കാന്‍ ഭഗവാന്‍ അനുഗ്രഹിക്കുമെന്നാണ് അദ്ദേഹത്തിന്റെ പ്രാര്‍ത്ഥന! പ്രഹ്ലാദ രുഗ്മാംഗദാദി ഭക്താഗ്രണിമാരെ രക്ഷിച്ചപോലെ തന്നെയും സത്യവാക്കാക്കണമെന്ന പ്രാര്‍ത്ഥന! ഈ ഉപമാനങ്ങള്‍ വിശുദ്ധഭക്തിയുടെ മികവ് കാട്ടുന്നവയാണ്. ഒപ്പം തന്റെ വാക്ക് സാര്‍ത്ഥകമാക്കാന്‍ ഭഗവാന് കടമയുണ്ടെന്ന സൂചനയും. ഭഗവാന്‍ വൃന്ദാവനത്തിലെത്തണമെന്ന അഭ്യര്‍ത്ഥനയാണിത്. അവിടെയെത്തിക്കാമെന്ന ഉദ്ധവന്റെ വാക്കാണ് പാലിക്കപ്പെടേണ്ടത്. അതാകട്ടെ ഗോപീ ഗോപന്മാരുടെ ആഗ്രഹസാഫല്യവും. ഭക്തമനോരഥം, അതെത്ര പ്രയാസപ്പെട്ടായാലും, സഫലമാക്കുകയാണ് ഭഗവാന്റെ ഉദ്ദേശ്യം! ഭക്തസത്യത്തെ രക്ഷിക്കുന്നതില്‍ ഭഗവാന്‍ അലംഭാവം കാണിക്കുകയില്ലെന്നതിന്റെ മകുടോദാഹരണമാണ്, ശ്രീകൃഷ്ണന്‍ വൃന്ദാവനത്തിലേക്കു തിരിച്ചുവന്ന കഥയിലന്തര്‍ഭവിച്ചിരിക്കുന്നത്.

ഗോവര്‍ദ്ധനം, വൃന്ദാവനം എന്നീ പൂര്‍വ്വവിഹാര അംഗങ്ങള്‍ കണ്ടുകണ്ടാണ് ശ്രീകൃഷ്ണന്‍ യമുനാപുളിനത്തിലെത്തിയത്. കൃഷ്ണാഗമനം ആദ്യം തിരിച്ചറിഞ്ഞത് വൃന്ദാവനത്തിലെ പശുക്കളാണ്. അവ കൂട്ടംകൂട്ടമായി ഓടിച്ചെന്ന് ഭഗവാനെ തടഞ്ഞു. ഭാഗവതത്തില്‍, ഗോക്കളെ, പ്രതീകാത്മകമായാണ് അവതരിപ്പിച്ചിട്ടുള്ളത്. കുട്ടിയായിരുന്നപ്പോള്‍ മുതല്‍ ‘ഗോപാലനം’ കൃഷ്ണന്റെ തൊഴിലായിരുന്നു. അവയെ വരുതിയിലാക്കാന്‍ അദ്ദേഹത്തിന് അല്പവും പ്രയാസമുണ്ടായില്ല. കഥയുടെ സൂക്ഷ്മഭാവങ്ങള്‍ ശ്രദ്ധിക്കുന്നൊരാള്‍ക്ക് ഗോക്കളെ ‘ഇന്ദ്രിയങ്ങള്‍’  എന്നു കാണാന്‍ എളുപ്പമാണ്. ചെറുതിലേതന്നെ ഇന്ദ്രിയനിയമം ചെയ്യാന്‍ അദ്ദേഹത്തിനു കഴിഞ്ഞു എന്നേ അര്‍ത്ഥമാക്കേണ്ടതുമുള്ളൂ. ഭഗവാന്‍ വൃന്ദാവനത്തിലെത്തിയപ്പോള്‍ ഗോക്കള്‍ അദ്ദേഹത്തെ വളഞ്ഞു. എന്നും രഥം മുന്നോട്ടുനയിക്കാനാകാതെ ഗതിമുടങ്ങിയെന്നും ഉള്ള സൂചന ആലോചനാമൃതമാണ്. ‘ശരീരം രഥമേവച’ എന്ന തത്ത്വമനുസരിച്ച് ‘പുരോഗതി’ മുടങ്ങിയത് കൃഷ്ണനുതന്നെ. കാരണങ്ങളായതോ, ഇന്ദ്രിയങ്ങളാകുന്ന ഗോക്കള്‍! അവ, ശരീരമാകുന്ന രഥത്തിന്റെ ഗതിമുടക്കി. വൃന്ദാവനവാസികളും ഭഗവാനും അഭിന്നരാണ്. ഭഗവാന്‍-ഭക്തന്‍ എന്ന ഭിന്നഭാവം ഇവിടെ, അലിഞ്ഞലിഞ്ഞില്ലാതാകുന്നു. യമുനാപുളനത്തിലെത്തിയപ്പോഴാണ് ഈ അവസ്ഥയുണ്ടായത്. ഭക്തിയാകുന്ന യമുനാദര്‍ശനമാണ് ഭഗവാനെ ഈ അവസ്ഥയിലെത്തിച്ചത്. ഭക്തിയാകുന്ന യമുനയില്‍ മുങ്ങിയ ഗോപീഗോപന്മാര്‍ സര്‍വ്വേന്ദ്രിയങ്ങളാലും ഭഗവാനെ ഉള്‍ക്കൊണ്ടു. ‘പങ്കജാക്ഷകൃപകൊണ്ട്’ ഭക്തന്മാരും അവരുടെ ഭക്തിയാല്‍ ഭഗവാനും കുഴങ്ങിയ സ്വാഭാവിക ചിത്രമാണ് ശ്രീഗര്‍ഗ്ഗന്‍ വരച്ചിരിക്കുന്നത്. പശുക്കള്‍ വാലും ചെവികളുമിളക്കി ഭഗവാനെത്തന്നെ നോക്കിനിന്നു. കൃഷ്ണനാകട്ടെ, അവയെ തലോടി, പേര്‍ചൊല്ലിവിളിച്ച്, സ്‌നേഹം പ്രകടിപ്പിച്ചു. ഭക്തന്‍ വാഗഗോചരമായ ഭക്തി ഭാവത്തില്‍ മുഴുകി. അത്തരം സന്ദര്‍ഭത്തിലുണ്ടാകുന്ന അംഗചേഷ്ടകളാണ് അവ പ്രകടിപ്പിച്ചത്. ഒന്നുമുരിയാടാനാകാതെ കൃഷ്ണസ്വരൂപം നുകര്‍ന്ന് ആനന്ദമനുഭവിക്കുന്ന ഭക്തരെ നമുക്കിവിടെകാണാം. നിഷ്‌കാമഭക്തനില്‍ മനമലിഞ്ഞ്, അഭീഷ്ടവരദാനത്തിന് വെമ്പിനില്‍ക്കുന്ന ഭഗവാനേയും പരസ്പരാപേക്ഷയോടെ ഉള്ള ആശ്രയാശ്രയീഭാവമാണ് ഇവിടെ വെളിവാക്കുന്നത്. ഇത്തരമപൂര്‍വ്വത ഭക്തിഭാവത്തിനുമാത്രമുള്ളതുമാണ്!

മേഘങ്ങള്‍ സൂര്യരഥത്തെയെന്നപോലെയാണ് ഗോക്കള്‍ കൃഷ്ണരഥത്തെ തടഞ്ഞത്. ശ്രദ്ധേയമായൊരപമാനം! മേഘങ്ങള്‍, അതിഭാസ്സോടുകൂടിയ സൂര്യനെ മറയ്ക്കുന്നു. അതുപോലെ പശുക്കള്‍ സംഘം ചേര്‍ന്ന് കൃഷ്ണരഥത്തെ മറച്ചു. ഭക്തരുടെ ഇന്ദ്രിയങ്ങള്‍ ഭഗവാനെ തടയുന്നു. ഭക്തപരായണനായ നാരായണന്‍ ഭക്തരുടെമുമ്പില്‍ ഗതിയറ്റ് നില്‍ക്കുന്നു. ഭക്തനും ഭഗവാനും താനും ഒന്നാകുന്ന ധന്യതയില്‍ എല്ലാം മറന്ന് ഈശ്വരനും നിന്നുപോവുകയാണ്. ശ്രീകൃഷ്ണരഥത്തെ ഗോക്കള്‍ നിരോധിച്ചു എന്ന സ്ഥൂലകഥാഭാഗത്തിന്റെ സൂക്ഷ്മാര്‍ത്ഥമിതാണ്.

ഗോക്കളെപിന്തുടര്‍ന്ന് ഗോപന്മാരും ശ്രീകൃഷ്ണനടുക്കലെത്തി. അവര്‍ അത്യധികം ആഹ്ലാദിച്ചു. കളഞ്ഞുപോയ അമൂല്യനിധി തിരിച്ചു കിട്ടിയാലെന്നപോലെ അവര്‍ ആനന്ദിച്ചു. ഭക്തിമാര്‍ഗ്ഗത്തില്‍ സഞ്ചരിക്കുന്നവരുടെ വിജയം തന്നെയാണിതും. ഇന്ദ്രിയദ്വാരാ ഭഗവദമൃതം ഉള്ളില്‍ കോരി നിറച്ച ഭക്തന്മാര്‍ക്ക് (ഗോപന്മാര്‍ക്ക്) ഈശ്വര ദര്‍ശനം കിട്ടി. തങ്ങളോടൊപ്പം കളിച്ചുനടന്ന കൃഷ്ണന്‍ മഥുരയിലേക്കു പോയിട്ട് കാലമേറെയായി. ഉദ്ധവവാക്കനുസരിച്ച് തിരിച്ചെത്തി. അപ്രതീക്ഷിതമായ ആ വരവ് ഗോപീഗോപന്മാരെ ആനന്ദപരവശരാക്കി. ഭക്തന് ആ ഭഗവത് സാന്നിദ്ധ്യമാണ് ഇടയ്ക്ക് നഷ്ടമായത്. പിന്നീടതു ലഭിച്ചു. അതില്‍പരം ഒരാനന്ദം ഭക്തന്മാര്‍ക്ക് വേറെ കിട്ടാനില്ല! സാക്ഷാല്‍കൃതമായ ദര്‍ശന സൗഭാഗ്യം നഷ്ടപ്പെടുമ്പോള്‍ ഭക്തഹൃദയം വേദനിക്കുന്നു. സര്‍വ്വവും നഷ്ടപ്പെട്ടുവെന്ന വേദനയാണപ്പോള്‍! നിരന്തരമായ ഭജനയും ധ്യാനവുംകൊണ്ട് വീണ്ടും ആ ഭാഗ്യം ഭക്തന് ലഭിക്കുന്നു. നഷ്ടസൗഭാഗ്യം തിരിച്ചു കിട്ടുമ്പോഴുണ്ടാകുന്ന വ്യക്തിയുടെ ആനന്ദമാണ്, ഭക്തന്, അപ്പോഴുണ്ടാകുന്നത്. ശ്രീദാമാദികള്‍ക്ക് കൈവന്ന പുണ്യവുമതാണ്. നിഷ്‌ക്കപട ഭക്തിയാല്‍ ഭഗവാനും ഭഗവത്കൃപയാല്‍ ഭക്തന്മാരും വികാരപരവശരായിപ്പോയി. ഭേദചിന്തകളകന്ന് ഭക്തന്മാരും ഭഗവാനും ആനന്ദൈക ഭാവത്തില്‍ ഉണ്ടാകുന്ന ദൃശ്യമാണിവിടെ.

ഭഗവദ്ദര്‍ശനം വൃന്ദാവനവാസികളെ കുളിര്‍പ്പിച്ചു. അവര്‍ ആനന്ദക്കണ്ണീരൊഴുക്കി. ഒരുവാക്കുമുരിയാടാനാകാതെ അവര്‍ നിന്നുപോയി. ഉദാത്തമായ ഭക്തിഭാവത്തില്‍ വാക്കുകള്‍ക്കൊന്നും പ്രാധാന്യമില്ലെന്നര്‍ത്ഥം. ‘യതോവായോ നിവര്‍ത്തന്തേ അപ്രാപ്യമനസാ സഹ’ എന്ന ഔപനിഷമുക്തിയുടെ സാര്‍ത്ഥകതയാണിത്. ഭക്താഗ്രണിയായ ധ്രുവന്‍ മഹാവിഷ്ണുവിനെ തപസ്സുചെയ്ത് ഭഗവത്തേജസ്സില്‍ ആമഗ്നനായി നിന്നതുപോലെ. സാക്ഷാല്‍ നാരായണന്‍ തന്നെ മുന്നില്‍ ചെന്നുനിന്നുവിളിച്ചിട്ടും അദ്ദേഹം കണ്ണുതുറന്നില്ല! കാരണം ആ ഭക്തന്‍ ‘ശ്രീനാരായണ രൂപം’ മനസ്സില്‍ കണ്ടുകൊണ്ടേയിരുന്നു. മറ്റൊന്നിലും പതിയാത്ത ഇന്ദ്രിയങ്ങള്‍ക്ക് ബാഹ്യദര്‍ശനമേ ഇല്ലല്ലോ? ഒടുവില്‍, ഭഗവാന്‍, ധ്രുവന്‍ ദര്‍ശിച്ച് കൊണ്ടിരുന്ന തന്റെ രൂപത്തെ, മറച്ചു. ധ്രുവന്റെ അമൃതാനന്ദാനുഭവത്തിന് വിഘാതമുണ്ടായി. അദ്ദേഹം കണ്‍തുറന്നു. അപ്പോള്‍ മുന്നില്‍ നില്‍ക്കുന്ന ഭഗവാനെ ധ്രുവന് കാണാന്‍കഴിഞ്ഞു.

സമാനമായ ഒരു ദര്‍ശനമാണ് ഗോകുല വാസികള്‍ക്കുമുണ്ടായത്. കണ്‍മുന്നിലും മനസ്സിലും ശ്യാമസുന്ദരന്‍! അവള്‍ക്ക് മറ്റൊന്നിലും മനസ്സ് പതിഞ്ഞില്ല. വേറൊന്നും ഇന്ദ്രിയ സംവേദത്തിനിടയായില്ല!

ശ്രീകൃഷ്ണനെ കണ്ട നന്ദനും യശോദയും ഉപനന്ദന്മാരും വൃഷഭാനുവരനും രാധയുമെല്ലാം ഇതേ വികാരത്തില്‍ തന്നെയായിരുന്നു. ശ്രീകൃഷ്ണഗമനമറിഞ്ഞ രാധ, തന്റെ ആഭരണങ്ങള്‍ വാര്‍ത്ത അറിയിച്ച സഖിമാര്‍ക്കു സമ്മാനിച്ചു. അവള്‍ അനവധി തോഴിമാരാല്‍ പരിസേവിതയായി, പല്ലക്കിലേറി, ശ്രീകൃഷ്ണ സന്നിധിയിലെത്തി. ഏതുനേരവും കൃഷ്ണനെത്തന്നെ, പ്രതീക്ഷിച്ചിരുന്നു. രാധയുടെ പരിവാരങ്ങള്‍, ഇന്ദ്രിയങ്ങളാണ്. അവയെ കൃഷ്ണനിലേക്ക്, രാധ തിരിച്ചുവിട്ടു. ഭക്തിയാകുന്ന പല്ലക്കിലേറിയാണ് അവളുടെ വരവ്! ഭക്തി നിറഞ്ഞ മനസ്സിന്റെ വിനയമസൃണമായ പ്രവൃത്തിയാണ് ആ സ്വര്‍ണ്ണാഭരണദാഹം! രാധയെ സമീപിച്ചവര്‍ക്കെല്ലാം ഭക്തിനിര്‍ഭരമനസ്സിനുടമയായ രാധയുടെ സൗജന്യമധുരമായ പെരുമാറ്റമാണഅ സമ്മാനമായി ലഭിച്ചത്. ഗോപികമാര്‍ ഗൃഹജോലികളെല്ലാമുപേക്ഷിച്ച്, കൃഷ്ണനെക്കാണാനോടിയെത്തി. ദര്‍ശന സായൂജ്യം നേടുന്നതിലധികം ശ്രേഷ്ഠമായൊന്നും ഗോപികമാര്‍ക്കില്ല. ഇവിടെ മറ്റൊരു സൂക്ഷ്മാര്‍ത്ഥവും കാണാം. ഗാര്‍ഹികവൃത്തി-ലൗകികാസക്തി-വെടിഞ്ഞാലേ ഈശ്വര രതി ഉണ്ടാവുകയുള്ളു. ഭക്തിസംവര്‍ദ്ധനത്തിനും ഈശ്വര സാക്ഷാല്‍ക്കാരത്തിനും അതത്യാവശ്യമാണ്. വീട്ടുജോലികളെല്ലാമുപേഷിച്ചോടിയെത്തിയ ഗോപികമാരുടെ പ്രവൃത്തിയിലുള്‍ക്കൊള്ളുന്ന ആശയമിതാണ്.

ശ്രീകൃഷ്ണനെ നന്ദനും യശോദയും സ്വീകരിച്ച സന്ദര്‍ഭവും ഈ പ്രാധാന്യത്തോടെ കാണുന്നത് നന്നാണ്. ഏറെക്കാലത്തിനുശേഷം കണ്ട പുത്രനെ നന്ദന്‍ മാറോടണച്ചാശ്ലേഷിച്ചു. യശോദാദേവി ആനന്ദക്കണ്ണീര്‍കൊണ്ട് കൃഷ്ണനെ അഭിഷേചിച്ചു. പുത്രവത്സലരായ മാതാപിതാക്കളുടെ സാധാരണ വൃത്തിയാണിത്. അതിലുമപ്പുറം ഭക്തന്മാരുടെ ഈശ്വരദര്‍ശന ധന്യതയുമാണ്. വൃന്ദാവനവാസികളായ മനുഷ്യരെന്നു മാത്രമല്ല, പശുപക്ഷിവൃന്ദങ്ങളും വൃക്ഷസസ്യജാലങ്ങളും ഹര്‍ഷൈകവികാരത്താല്‍ നിര്‍വൃതിയടഞ്ഞു. മഹാരാസത്തിന്റെ അഭൗമാനന്ദമാണ് അവരെല്ലാമനുഭവിച്ചത്. ശ്രീകൃഷ്ണന്റെ പുനരാഗമനത്തെ വര്‍ണ്ണിക്കുന്നതിലൂടെ ഗര്‍ഗ്ഗാചാര്യര്‍, സമര്‍പ്പണഭക്തിയിലൂടെ വിശുദ്ധചിത്രമാണ് ആരോപിച്ചിരിക്കുന്നത്. ഭാഗവതകഥകള്‍ക്കു പൊതുവേ ഈ സ്വഭാവമാണല്ലോ?

കൂടുതല്‍ വാര്‍ത്തകള്‍ - സനാതനം