രാജ്യപുരോഗതിക്ക് വേണ്ടത് കൃത്യതയുള്ള സെന്‍സസും ആസൂത്രണവും: മുഖ്യമന്ത്രി

December 10, 2013 പ്രധാന വാര്‍ത്തകള്‍

തിരുവനന്തപുരം: രാജ്യത്തിന്റെ ഭാവിയ്ക്ക് ശരിയായ സ്ഥിതിവിവര കണക്കും അതനുസരിച്ചുള്ള ആസൂത്രണവുമാണ് വേണ്ടതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. തൈക്കാട് ഗവണ്‍മെന്റ് ഗസ്റ്റ് ഹൗസില്‍ നടന്ന സെന്‍സസ് 2011-ന്റെ പുരസ്‌കാരവിതരണ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. സെന്‍സസിന്റെ കാര്യത്തില്‍ കേരളത്തിന്റെ പ്രവര്‍ത്തനം മാതൃകാപരമാണ്. മികവോടെ കൃത്യതയുള്ള പ്രവര്‍ത്തനമാണ് സര്‍ക്കാര്‍ എല്ലാ മേഖലയില്‍ നിന്നും പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി

. ജനങ്ങളുടെ സ്ഥിരിവിവര കണക്കുകള്‍ രാജ്യത്തിന്റെ പുരോഗതിയുടെ അടിസ്ഥാന രേഖയാണെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ആരോഗ്യവകുപ്പ് മന്ത്രി വി.എസ്. ശിവകുമാര്‍ പറഞ്ഞു. ജനങ്ങളുടെ ജീവിതനിലവാരവും സാഹചര്യവും മനസിലാക്കിയുള്ള കര്‍മ്മപദ്ധതികള്‍ തയ്യാറാക്കുന്നതില്‍ സെന്‍സസിന്റെ പങ്ക് വലുതാണെന്നും അദ്ദേഹം പറഞ്ഞു. മികച്ച സേവനം കാഴ്ചവച്ച അന്‍പതോളം പേര്‍ക്ക് ചടങ്ങില്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു. പൊതുഭരണ സെക്രട്ടറി കെ.ആര്‍. ജ്യോതിലാലിനെ ചടങ്ങില്‍ അനുമോദിച്ചു. ചീഫ് സെക്രട്ടറി ഇ.കെ. ഭരത്ഭൂഷണ്‍ മുഖ്യപ്രഭാഷണം നടത്തിയ ചടങ്ങില്‍ സെന്‍സസ് ഓപ്പറേഷന്‍സ് ഡയറക്ടര്‍ ഡോ. വി.എം. ഗോപാല മേനോന്‍, ജോയിന്റ് ഡയറക്ടര്‍ എന്‍. രവിചന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

കൂടുതല്‍ വാര്‍ത്തകള്‍ - പ്രധാന വാര്‍ത്തകള്‍