രാഹുല്‍ ഗാന്ധിയുടേത്‌ പാകിസ്ഥാനിയുടെ ഭാഷ: ബിജെപി

December 17, 2010 ദേശീയം,മറ്റുവാര്‍ത്തകള്‍

ന്യൂഡല്‍ഹി: ഹൈന്ദവ തീവ്രവാദം ലഷ്‌കറെ തയിബയെക്കാള്‍ അപകടകരമാണെന്ന രാഹുല്‍ ഗാന്ധിയുടെ പ്രസ്‌താവന രാജ്യത്തിനു ഭീഷണിയാണെന്നു ബിജെപി. യുഎസ്‌ അംബാസഡര്‍ തിമോത്തി റോമറുമായുള്ള സംഭാഷണത്തില്‍ ഹൈന്ദവ തീവ്രവാദം പാക്കിസ്‌ഥാന്‍ തീവ്രവാദി സംഘടനയായ ലഷ്‌കറിനെക്കാള്‍ അപകടമാണെന്നു രാഹുല്‍ പറഞ്ഞതായുളള വിക്കിലീക്‌സ്‌ വെളിപ്പെടുത്തലിനെ തുടര്‍ന്നാണു രാഹുലിനെതിരെ ബിജെപി രംഗത്തെത്തിയത്‌. രാഹുല്‍ ഗാന്ധി പാക്കിസ്‌ഥാന്‍കാരന്റെ ഭാഷയില്‍ സംസാരിക്കുകയാണെന്നും രാജ്യത്തു വര്‍ഗീയ ധ്രുവീകരണത്തിനാണു രാഹുല്‍ ശ്രമിക്കുന്നതെന്നും ബിജെപി ആരോപിച്ചു.
അതേസമയം, വിക്കിലീക്‌സ്‌ വെളിപ്പെടുത്തല്‍ ഗൂഢാലോചനയുടെ ഭാഗമാണെന്നു സംശയിക്കുന്നതായി കോണ്‍ഗ്രസ്‌ പ്രതികരിച്ചു. ഇതിന്റെ സത്യാവസ്‌ഥ കണ്ടെത്തണമെന്നു കോണ്‍ഗ്രസ്‌ ജനറല്‍ സെക്രട്ടറി ജനാര്‍ദ്ദന്‍ ദ്വിവേദി പറഞ്ഞു. വിക്കിലീക്‌സ്‌ വെളിപ്പെടുത്തലിനെ കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനു മറുപടി പറയുകയായിരുന്നു അദ്ദേഹം.
2009 ജൂലൈയില്‍ പ്രധാനമന്ത്രിയുടെ വസതിയില്‍ നടന്ന വിരുന്നിനിടെയാണു രാഹുല്‍ ഗാന്ധി റോമറോട്‌ ഹൈന്ദവ തീവ്രവാദത്തിലുളള ആശങ്ക പങ്കുവച്ചതെന്നാണു വിക്കിലീക്‌സ്‌ വെളിപ്പെടുത്തല്‍. രാജ്യത്തെ ചില ഹിന്ദു സംഘടനകള്‍ മുസ്‌ലിം തീവ്രവാദികളെക്കാള്‍ അപകടമാണ്‌. -രാഹുല്‍ പറഞ്ഞു. ലഷ്‌കറെ തയിബയുടെ തീവ്രവാദ പ്രവര്‍ത്തനങ്ങളെ കുറിച്ചുളള തിമോത്തി റിമോറുടെ ചില ചോദ്യങ്ങള്‍ക്കു മറുപടി പറയുമ്പോഴാണ്‌ രാഹുല്‍ ഗാന്ധി ഇത്തരത്തില്‍ പ്രതികരിച്ചതെന്നു വിക്കിലീക്‌സ്‌ രേഖ പറയുന്നു.
തിമോത്തി റോമറുമായുളള രാഹുല്‍ ഗാന്ധിയുടെ സംഭാഷണത്തില്‍ തിരഞ്ഞെടുപ്പും കോണ്‍ഗ്രസ്‌ പാര്‍ട്ടി നേരിടുന്ന പ്രശ്‌നങ്ങളും ഉള്‍പ്പെടെ ഒട്ടേറെ രാഷ്‌ട്രീയ കാര്യങ്ങളും കടന്നു വന്നിരുന്നതായി വിക്കിലീക്‌സ്‌ രേഖ ചൂണ്ടിക്കാട്ടി.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം