നാരായണീയ മഹോത്സവ പന്തലിന്‍റെ കാല്‍നാട്ടുകര്‍മ്മം നിര്‍വഹിച്ചു

December 12, 2013 കേരളം,ക്ഷേത്രവിശേഷങ്ങള്‍

തിരുവനന്തപുരം: ഡിസംബര്‍ 29 മുതല്‍ ജനുവരി 5വരെ ആറ്റുകാല്‍ ഭഗവതി ക്ഷേത്ര സന്നിധിയില്‍ നടക്കുന്ന നാരായണീയ മഹോത്സവ പന്തലിന്‍റെ കാല്‍നാട്ടുകര്‍മ്മം ക്ഷേത്ര മേല്‍ശാന്തി എന്‍. നീലകണ്ഠന്‍ നമ്പൂതിരി നിര്‍വഹിച്ചു. ആറ്റുകാല്‍ ക്ഷേത്ര ട്രസ്റ്റ് ചെയര്‍മാന്‍ കെ.പി. രാമചന്ദ്രന്‍ നായര്‍, ജി. രാമചന്ദ്രന്‍ നായര്‍, ഡോ. ബാലശങ്കര്‍ മന്നത്ത്, എസ്. സനല്‍കുമാര്‍ എന്നിവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.

29ന് രാവിലെ 5.30ന് ഗുരുവായൂര്‍ തന്ത്രി ചേന്നാസ് ദിനേശന്‍ നമ്പൂതിരിപ്പാട് ഭദ്രദീപം തെളിക്കും.തുടര്‍ന്ന് ഗണപതിഹോമത്തോടെ നാരായണീയ ഉത്സവം ആരംഭിക്കും. എഴുപത് പണ്ഡിതന്മാര്‍ നാരായണീയത്തിലെ വിവിധ ദശകങ്ങളെ അധികരിച്ച് പ്രഭാഷണം നടത്തും. ആയിരത്തോളം സമിതി അംഗങ്ങള്‍ എല്ലാ ദിവസവും നാരായണീയ പാരായണം നടത്തും.

വൈകുന്നേരം 6 മുതല്‍ 9വരെ നടക്കുന്ന സാംസ്ക്കാരിക പരിപാടിയില്‍ ശ്രീരാമദാസമിഷന്‍, മാതാ അമൃതാനന്ദമയീമഠം, ചിന്മയാ മിഷന്‍, ആര്‍ട്ട് ഓഫ് ലീവിംഗ് കേരളാശ്രമം,  ഇസ്കോണ്‍, സായിഗ്രാമം തുടങ്ങിയ ആശ്രമങ്ങള്‍ പങ്കെടുക്കും.

ശതകോടി അര്‍ച്ചന ഡിസംബര്‍ 13ന് രാവിലെ 10ന് നിയമസഭാ സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍ ശ്രീവരാഹം അയോദ്ധ്യാ നഗര്‍, ശ്രീസീതാരാമ ഭക്തസഭയില്‍ നിര്‍വ്വഹിക്കും. വൈകുന്നേരം 3 മുതല്‍ അമ്പലമുക്ക്  പേരൂര്‍ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലും ചിറ്റാഴ, കഴുനാട് ശ്രീ ഇണ്ടളയപ്പന്‍ ക്ഷേത്രത്തിലും ശതകോടി അര്‍ച്ചനയുടെ ഭാഗമായി ലക്ഷാര്‍ച്ചനകള്‍ നടക്കും.

ഭാരതത്തിലെ പ്രധാന ക്ഷേത്രങ്ങളില്‍ നടക്കും ലക്ഷാര്‍ച്ചനകളുടെ സമാപനമായാണ് ജനുവരി 5ന് ആറ്റുകാലില്‍ ശതകോടി അര്‍ച്ചന നടക്കുന്നത്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം