ഭൂട്ടാന്‍ ലോട്ടറി അടിയന്തിരമായി നിരോധിക്കണം: മുഖ്യമന്ത്രി

December 17, 2010 കേരളം,മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: ഭൂട്ടാന്‍ ലോട്ടറി പ്രശ്‌നത്തില്‍ മുഖ്യമന്ത്രി വീണ്ടും ഇടപെട്ടു. ഭൂട്ടാന്‍ ലോട്ടറി ഉടന്‍ നിരോധിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ ഹൈക്കോടതിയില്‍ റിട്ട്‌ ഹര്‍ജി നല്‍കാന്‍ നിയമ സെക്രട്ടറിക്ക്‌ മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. കേന്ദ്രസര്‍ക്കാരിനോട്‌ ഇതിനായി ആവശ്യപ്പെടണമെന്നും നിര്‍ദ്ദേശിച്ചു. കേന്ദ്രവും ഭൂട്ടാനും മാര്‍ട്ടിനും കേസില്‍ എതിര്‍കക്ഷികളാകും.
ഭൂട്ടാന്‍ സര്‍ക്കാരിന്റെ പേരില്‍ വില്‍പന നടത്തുന്ന ലോട്ടറികള്‍ നിരോധിക്കണമെന്നാവശ്യപ്പെട്ടു വി.എസ്‌. അച്യുതാനന്ദന്‍ കേന്ദ്രത്തിനു കത്തയച്ചിരുന്നു. 1998ലെ കേന്ദ്ര ലോട്ടറി നിയന്ത്രണ നിയമത്തിലെ ആറാംവകുപ്പ്‌ ലംഘിച്ചു നടത്തുന്ന ഇത്തരം ലോട്ടറികള്‍ നിരോധിക്കുന്നതിനുള്ള ധാര്‍മികവും നിയമപരവുമായ ഉത്തരവാദിത്തം കേന്ദ്ര സര്‍ക്കാരിനാണെന്നും ആഭ്യന്തരമന്ത്രി പി. ചിദംബരത്തിനയച്ച കത്തില്‍ മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയിട്ടുണ്ട്‌.
കേന്ദ്ര ലോട്ടറി നിയമവും 2010ലെ ലോട്ടറി ചട്ടവും പ്രകാരം ലോട്ടറി നടത്താന്‍ ഭൂട്ടാന്‍ തയാറാകുന്നതുവരെയോ അന്വേഷണം പൂര്‍ത്തിയാകുന്നതുവരെയോ ഭൂട്ടാന്‍ ലോട്ടറി നിരോധിക്കണമെന്നാണു വി.എസ്‌ ആവശ്യപ്പെടുന്നത്‌.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം