ഭക്ഷ്യ വില്‍പ്പനയിലെ ക്രമക്കേട്: രണ്ടര ലക്ഷം രൂപ പിഴ ഈടാക്കി

December 14, 2013 കേരളം

ശബരിമല: സന്നിധാനത്തും പരിസരത്തും കഴിഞ്ഞ ഒരാഴ്ചക്കിടെ ജില്ലാ കളക്ടറുടെ സ്‌പെഷ്യല്‍ സ്‌ക്വാഡ് നടത്തിയ പരിശോധനയില്‍ ക്രമക്കേടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് രണ്ട് ലക്ഷത്തി അറുപത്തിഒമ്പതിനായിരം രൂപ പിഴയീടാക്കി. 41 കേസുകളില്‍ നിന്നാണ് ഇത്രയും തുക ഈടാക്കിയത്. അമിതവില ഈടാക്കല്‍, കാലാവധി കഴിഞ്ഞതും പഴകിയതുമായ ആഹാരസാധനങ്ങളുടെ വില്‍പ്പന, നിരോധിത വസ്തുക്കളുടെ വില്‍പ്പനയും ഉപയോഗവും, അനധികൃത വഴിയോര കച്ചവടം, വില രേഖപ്പടുത്താത്തതും പായ്ക്കിംഗ് തീയ്യതി ഇല്ലാത്തതുമായ പായ്ക്കറ്റുകള്‍, അളവ് തൂക്കത്തിലെ ക്രമക്കേട്, വൃത്തിഹീനമായ സാഹചര്യത്തില്‍ വില്‍പ്പനയ്ക്കുള്ള ആഹാരം പാകം ചെയ്യല്‍,  തുടങ്ങിയവയാണ് കണ്ടെത്തിയത്. ക്രമക്കേടുകള്‍ ആവര്‍ത്തിച്ചാല്‍ കുറ്റക്കാര്‍ക്കെതിരെ സ്ഥാപനം അടച്ചുപൂട്ടുന്നതുള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് ഡ്യൂട്ടി മജിസ്‌ട്രേറ്റ് അറിയിച്ചു. ഡ്യൂട്ടി മജിസ്‌ട്രേറ്റ് എസ് ഇന്ദുകലാധരന്റെ നേതൃത്വത്തിലുള്ള സ്‌ക്വാഡില്‍ എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റ് കെ ദിവാകരന്‍ നായര്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍ എ വിജയന്‍, സിവില്‍ സപ്ലൈസ് ജൂനിയര്‍ സൂപ്രണ്ട് എം ആര്‍ വിജയകുമാര്‍, വില്ലേജ് ഓഫീസര്‍ മനോജ് കുമാര്‍, ലീഗല്‍ മെട്രോളജി ഇന്‍സ്‌പെക്ടര്‍ എ ഷാജഹാന്‍, ലീഗല്‍ മെട്രോളജി ഇന്‍സ്‌പെക്ടിംഗ് അസിസ്റ്റന്റ് എ കെ സാബു എന്നിവര്‍ പങ്കെടുത്തു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം