വെന്റിലേറ്റര്‍ പൂര്‍ണ്ണമായും നീക്കംചെയ്‌തു; കരുണാകരന്റെ നില മെച്ചപ്പെട്ടു

December 17, 2010 കേരളം,മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: ചികില്‍സയില്‍ കഴിയുന്ന മുതിര്‍ന്ന കോണ്‍ഗ്രസ്‌ നേതാവ്‌ കെ.കരുണാകരന്റെ ആരോഗ്യനില കൂടുതല്‍ മെച്ചപ്പെട്ടതായി ഡോക്‌ടര്‍മാര്‍ അറിയിച്ചു. വെന്റിലേറ്റര്‍ സംവിധാനം പൂര്‍ണമായും നീക്കി. ദ്രവരൂപത്തിലുള്ള ആഹാരം ട്യൂബ്‌ വഴി നല്‍കുന്നുണ്ട്‌. മാസ്‌ക്‌ ഉപയോഗിച്ച്‌ ആവശ്യാനുസരണം ഓക്‌സിജന്‍ നല്‍കുന്നുണ്ട്‌. നാലു ദിവസം മുന്‍പാണ്‌ കരുണാകരന്‌ പൂര്‍ണമായും വെന്റിലേറ്ററിന്റെ സഹായം നല്‍കിയത്‌. തുടര്‍ന്ന്‌ ഓരോ ദിവസവും അദ്ദേഹത്തിന്റെ ആരോഗ്യനില മെച്ചപ്പെട്ടു വരുകയാണ്‌.
അതേസമയം അച്‌ഛന്റെ ആയുരാരോഗ്യത്തിന്‌ പ്രാര്‍ഥിച്ചുകൊണ്ട്‌ കെ. മുരളീധരന്‍ ശബരിമല ദര്‍ശനത്തിനായി യാത്ര തിരിച്ചു. തിരുവനന്തപുരം ജവഹര്‍ നഗറിലെ വസതിയില്‍ നിന്നായിരുന്നു യാത്ര. മുരളീധരനോടൊപ്പം മക്കളും ഉണ്ടായിരുന്നു. എല്ലാ വര്‍ഷവും അച്‌ഛന്റെ അനുഗ്രഹത്തോടെയാണ്‌ മുരളീധരന്‍ ശബരിമല ദര്‍ശനം നടത്തുന്നത്‌. പതിവായി അച്‌ഛന്‍ നിറച്ച കെട്ടുമായാണ്‌ ശബരിമലയില്‍ പോകുന്നതെന്നും ഇത്തവണയും ശബരിമല ദര്‍ശനത്തിന്‌ പോകാനായതില്‍ ഏറെ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം