ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ നാടുനീങ്ങി

December 16, 2013 പ്രധാന വാര്‍ത്തകള്‍

Uthradam-Thirunal-marthandavarma1തിരുവനന്തപുരം: തിരുവിതാംകൂറിലെ അവസാനത്തെ മഹാരാജാവ് ശ്രീചിത്തിരതിരുനാള്‍ ബാലരാമവര്‍മയുടെ അനുജനും രാജവംശത്തിന്റെ  ഇപ്പോഴത്തെ മുതിര്‍ന്ന അംഗവുമായ ശ്രീപത്മനാഭദാസന്‍ ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ(91) നാടുനീങ്ങി. ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ മുറജപം നടക്കുന്ന പുണ്യവേളയിലാണ് ശ്രീപത്മനാഭ ദാസനായ മഹാരാജാവ് നാടിനോട് വിടചൊല്ലിയത്.

വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ആറാംതീയതിയാണ് അദ്ദേഹത്തെ എസ്.യു.ടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വെന്റിലേറ്ററിലായിരുന്ന തമ്പുരാന്റെ ആരോഗ്യനിലയ്ക്ക് ഇടയ്ക്ക് പുരോഗതി ഉണ്ടായെങ്കിലും ഇന്നു പുലര്‍ച്ചെ 2.20ന് അന്ത്യം സംഭവിക്കുകയായിരുന്നു. ഭൗതികശരീരം പുലര്‍ച്ചെ കോട്ടയ്ക്കകം ലെവി ഹോളിലേക്ക് മാറ്റി. സംസ്‌കാരം ഇന്ന് അസ്തമയത്തിനു മുന്‍പ് കവടിയാര്‍ കൊട്ടാരവളപ്പില്‍ നടക്കും.

അന്ത്യം സംഭവിക്കുമ്പോള്‍ മകള്‍ പാര്‍വതീവര്‍മ, പൂയം തിരുനാള്‍ ഗൗരി പാര്‍വതീ ഭായി, അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മീ ഭായി, മൂലം തിരുനാള്‍ രാമവര്‍മ (അടുത്ത അനന്തരാവകാശി) , പുത്രന്‍ പത്മനാഭവര്‍മ തുടങ്ങി കുടുംബാംഗങ്ങളെല്ലാം  കൂടെയുണ്ടായിരുന്നു.

രാജഭരണത്തിനും സ്വാതന്ത്ര്യസമരപ്രക്ഷോഭങ്ങളും ജനാധിപത്യത്തിലേക്കുള്ള പരിവര്‍ത്തനങ്ങളും ഉള്‍ക്കൊണ്ട വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേത്. നല്ലതിനെ സ്വാംശീകരിച്ചു. വിയോജിപ്പിന്റെ പേരില്‍ കാലുഷ്യം കാട്ടിയില്ല. തിരുവിതാംകൂര്‍ കൊട്ടാരത്തിന്റെ കുലീനതയും ഔന്നത്യവും ലാളിത്യവും അവസാനശ്വാസം വരെ കൂടെ കൊണ്ടുനടന്നു. കിളിമാനൂര്‍ കൊട്ടാരത്തിലെ രവിവര്‍മ കൊച്ചു കോയിതമ്പുരാന്റെയും അമ്മമഹാറാണി സേതുപാര്‍വതി ബായിയുടേയും മകനായി 1922 മാര്‍ച്ച് 22 ന് ഉത്രാടം നാളില്‍ ജനിച്ചു. ആറാംവയസില്‍ കൊട്ടാരത്തില്‍ വച്ചു തന്നെ വിദ്യാഭ്യാസം ആരംഭിച്ച ‘ഇളയരാജാവ്’ ബാല്യത്തില്‍ തന്നെ നിശ്ചല ഛായാഗ്രഹണത്തില്‍ മികവു പുലര്‍ത്തിയിരുന്നു.

യാത്രാവേളകളില്‍ ക്യാമറ ഒപ്പമുണ്ടായിരുന്നു. തിരുവിതാംകൂര്‍ കൊട്ടാരത്തിന്റെ ചരിത്രമുഹൂര്‍ത്തങ്ങളും നാടിനു സമര്‍പ്പിച്ച ശേഷമാണ് അദ്ദേഹം വിടചൊല്ലിയത്. കുതിരസവാരി, കായികവിനോദങ്ങള്‍, യാത്രകള്‍ തുടങ്ങിയവയും ഉത്രാടംതിരുനാളിന് ഹരങ്ങളായിരുന്നു.

ട്രാവന്‍കൂര്‍ വാഴ്‌സിറ്റിയില്‍ നിന്ന് സ്വര്‍ണമെഡലോടെ ഓണേഴ്‌സ് പാസായ ഉത്രാടംതിരുനാള്‍ പിന്നീട് ലണ്ടനിലും തുടര്‍വിദ്യാഭ്യാസം നടത്തി. ഭാര്യ രാധാദേവിയും മക്കളുമൊത്ത് വര്‍ഷങ്ങളോളം അദ്ദേഹം ബാംഗ്ലൂരിലായിരുന്നു. 1991 ല്‍ ശ്രിചിത്തിരതിരുനാള്‍ മഹാരാജാവ് നാടുനീങ്ങിയതിനെത്തുടര്‍ന്ന് പത്മനാഭസ്വാമിക്ഷേത്രഭരണ നേതൃത്വം ഏറ്റെടുക്കാനായി അനന്തപുരിയിലേക്കു മടങ്ങിയെത്തി. ലഫ. കേണല്‍ ഡോ: കെ.ജി പണ്ഡാലയുടെ മകള്‍ അന്തരിച്ച രാധാദേവിയാണ് ഭാര്യ. മക്കള്‍:അനന്തപത്മനാഭന്‍, പാര്‍വതിദേവി.

കൂടുതല്‍ വാര്‍ത്തകള്‍ - പ്രധാന വാര്‍ത്തകള്‍