ഔഷധസസ്യങ്ങളുടെ ലഭ്യത കുറവ് പരിഹരിക്കും: കേന്ദ്രമന്ത്രി

December 16, 2013 കേരളം

തൃശൂര്‍: ജൈവവൈവിധ്യംകൊണ്ടു സമ്പുഷ്ടമാണു നമ്മുടെ നാടെങ്കിലും ആയുര്‍വേദ ചികിത്സാമേഖലയില്‍ മരുന്ന് ഉത്പാദകര്‍ക്ക് ഔഷധസസ്യങ്ങളുടെ ലഭ്യത കുറവുണ്ടെന്നും ഇതുപരിഹരിക്കാനാണ് ഔഷധസസ്യബോര്‍ഡുകളുടെ പ്രവര്‍ത്തനംകൊണ്ട് ഉദ്ദേശിക്കുന്നതെന്നും കേന്ദ്ര ആരോഗ്യമന്ത്രി സന്തോഷ് ചൗധരി പറഞ്ഞു.

പരമ്പരാഗത ഔഷധസസ്യങ്ങളുടെ ലഭ്യത ഉറപ്പുവരുത്തേണ്ടതുണ്ട്. ആയുര്‍ വേദമരുന്നു ഉത്പാദത്തിലും വിപണനത്തിലും കേരളം മുന്നിലാണ്. മാത്രമല്ല, കേരളം ടൂറിസം മെഡിസിന്റെ പ്രധാന കേന്ദ്രമാണെന്നതില്‍ നമുക്ക് അഭിമാനിക്കാമെന്നും അവര്‍ പറഞ്ഞു. തൃശൂര്‍ തേക്കിന്‍ക്കാട് മൈതാനിയില്‍ ഔഷധകേരളം എക്സ്പോയില്‍ വിപണന മേള ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവര്‍.

ഗുണമേന്മയുള്ള അസംസ്കൃത വസ്തുക്കളുടെ പോരായ്മയാണ് ഈ മേഖല നേരിടുന്ന പ്രധാന പ്രശ്നം. കൃഷിക്കാരുടേയും മരുന്ന് ഉത്പാദകരുടേയും പ്രശ്നങ്ങള്‍ക്ക് ഇത്തരം പരിപാടികളിലൂടെ പരിഹാരം ലഭിക്കുമെന്നും അവര്‍ പറഞ്ഞു. ഔഷധസസ്യ കൃഷിയേയും ഔഷധ നിര്‍മാണ മേഖലയേയും കേന്ദ്രം പരമാവധി പ്രോത്സാഹിപ്പിക്കും. ആവശ്യമായ സാമ്പത്തിക സഹായങ്ങള്‍ തുടരുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഔഷധസസ്യകൃഷിയില്‍ മികച്ച വിജയം കൈവരിച്ച മൂന്നു കര്‍ഷകരെ ഉപഹാരങ്ങള്‍ നല്‍കി ആദരിച്ചു.

പി.സി. ചാക്കോ എംപി അധ്യക്ഷത വഹിച്ചു. ഔഷധ സസ്യകൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിനു കൂടുതല്‍ കേന്ദ്രസഹായം ലഭിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തുമെന്നും കര്‍ഷകര്‍ക്കും ഉത്പാദകര്‍ക്കും ഇത്തരം പരിപാടികള്‍ പ്രചോദമാകട്ടെയുന്നും എംപി ആശംസിച്ചു. ദേശീയ ഔഷധ സസ്യബോര്‍ഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫിസര്‍ ജിതേന്ദ്ര ശര്‍മ, ഔഷധി എംഡി ആര്‍.ആര്‍. ശുക്ള, ആരോഗ്യ സര്‍വകലാശാല പ്രോ-വൈസ് ചാന്‍സലര്‍ സി. രത്നാകരന്‍, ഐഎസ്എം ഡയറക്ടര്‍ അനിത ജേക്കബ്, ഡോ. ശിവദാസ്, സുദര്‍ശന്‍, ജെ. ഹരീന്ദ്രന്‍ നായര്‍, പി.എം. വാര്യര്‍, ഇ.ടി. നീലകണ്ഠന്‍ മൂസ്, എസ്എംപിബി മെമ്പര്‍ ഡി. രാമനാഥന്‍, ഔഷധ സസ്യബോര്‍ഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ കെ.ജി. ശ്രീകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

തുടര്‍ന്ന് നടന്ന കര്‍ഷക-ഉത്പാദക മുഖാമുഖം പരിപാടിയില്‍ എന്‍. ഗോപിനാഥന്‍ ഐഎഫ്എസ്, മിസിസ് മിനി ജേക്കബ് എന്നിവര്‍ മോഡറേറ്റര്‍മാരായി. ഡോ. എന്‍. ശശിധരന്‍, ഡോ. ഇന്ദിര ബാലചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ കന്ദ്ര-സംസ്ഥാന ഔഷധസസ്യ ബോര്‍ഡ് അംഗങ്ങള്‍, കെയര്‍ കേരളം അംഗങ്ങള്‍, കര്‍ഷകര്‍, മറ്റു പ്രതിനിധികള്‍ തുടങ്ങിയവരും ചര്‍ച്ചയില്‍ പങ്കെടുത്തു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം