രാജര്‍ഷിയുടെ വിടവാങ്ങല്‍

December 17, 2013 പ്രധാന വാര്‍ത്തകള്‍

Editoral Uthradam Thirunal-pbശ്രീപത്മനാഭദാസ ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ ഇളയരാജാവ് ചരിത്രത്തിന്റെ ഭാഗമായി. ചേരവംശ പരമ്പരയിലെ 55-ാമത്തെ പിന്തുടര്‍ച്ചാവകാശിയായിരുന്നു ഉത്രാടം തിരുനാള്‍. രാജഭരണത്തില്‍ നിന്നു ജനാധിപത്യത്തിലേക്കുള്ള മാറ്റത്തിനു സാക്ഷ്യംവഹിച്ച ഉത്രാടം തിരുനാള്‍ രണ്ടുകാലഘട്ടങ്ങളുടെയും പ്രതിനിധിയായ അവസാനത്തെ രാജാവെന്ന നിലയില്‍ ചരിത്രത്തില്‍ പ്രത്യേക ഇടമുണ്ട്.

തിരുവിതാംകൂര്‍ മഹാരാജാവായിരുന്ന ശ്രീചിത്തിരതിരുനാള്‍ ബാലരാമവര്‍മ്മയുടെ പിന്തുടര്‍ച്ചാവകാശിയായാണ് ഉത്രാടം തിരുനാള്‍ ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിന്റെയും രാജകുടുംബത്തിന്റെയും ചുമതല ഏറ്റെടുത്തത്. അതിനുമുമ്പ് വ്യവസായ മേഖലയില്‍ പ്രവര്‍ത്തിച്ചിരുന്ന അദ്ദേഹം വളരെ ചുരുങ്ങിയ നാളുകള്‍ കൊണ്ടുതന്നെ ജ്യേഷ്ഠന്‍ ചിത്തിരതിരുനാളിനെ പോലെ ജനങ്ങളുടെ സ്‌നേഹവാത്സല്യങ്ങള്‍ക്ക് പാത്രീഭൂതനായി. ഇളയരാജാവെന്ന നിലയില്‍ അദ്ദേഹത്തിനു ലഭിച്ച വിദ്യാഭ്യാസവും മാതാവ് മഹാറാണി സേതുപാര്‍വതീ ഭായിയുടെയും ജ്യേഷ്ഠന്‍ ചിത്തിരതിരുനാളിന്റെയും കീഴില്‍ ലഭിച്ച കര്‍ശനമായ പരിശീലനവുമൊക്കെ പിന്നീട് അദ്ദേഹത്തിന് ജീവിതത്തിന്റെ വെളിച്ചമായി തീര്‍ന്നു.

ബാംഗ്ലൂരില്‍ താമസമാക്കിയിരുന്ന അദ്ദേഹം ചിത്തിരതിരുനാള്‍ നാടുനീങ്ങിയതിനെ തുടര്‍ന്ന് അനന്തപുരിയിലെത്തിയപ്പോള്‍ താമസിക്കുന്നതിന് കവടിയാര്‍ കൊട്ടാരത്തിനു പകരം തെരഞ്ഞെടുത്തത് പട്ടംകൊട്ടാരമായിരുന്നു. പേരുകൊണ്ട് കൊട്ടാരമെന്നാണെങ്കിലും വലിയൊരു മാളികയെന്നു മാത്രമേ അതിനെ പറയാനാകൂ. ഇതിനു കാരണമായി ഉത്രാടം തിരുനാള്‍ പറഞ്ഞത് വാനപ്രസ്ഥജീവിതത്തിന് കൊട്ടാരത്തില്‍ താമസിക്കാന്‍ പാടില്ല എന്നായിരുന്നു. ശ്രീപത്മനാഭദാസനായ ഉത്രാടം തിരുനാളിന്റെ പിന്നീടുള്ള ജീവിതം രാജര്‍ഷിയായാരുന്നു.

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ നൂറ്റാണ്ടുകളായി ഭഗവാന് സമര്‍പ്പിച്ച വിലമതിക്കാനാവാത്ത കാണിക്കയെ സംബന്ധിച്ച് ഉയര്‍ന്ന വിവാദവും അതില്‍ ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ സ്വീകരിച്ച നിലപാടുമാണ് അദ്ദേഹത്തെ ചരിത്രത്തില്‍ ചിരഞ്ജീവിയായി പ്രതിഷ്ഠിക്കുക. പത്മനാഭസ്വാമി ക്ഷേത്രത്തിലെ തുറന്ന നിലവറകളില്‍ കണ്ടെത്തിയ കാണിക്ക തന്നെ ഒരുലക്ഷം കോടിയിലേറെ വരും. അപ്പോഴും അതിനെക്കാള്‍ മൂല്യവത്തായ കാണിക്ക സൂക്ഷിച്ചിട്ടുള്ള ‘ബി’ നിലവറ തുറന്നിരുന്നില്ല. ലോകമാധ്യമങ്ങളുടെ ശ്രദ്ധമുഴുവന്‍ പത്മനാഭസ്വാമി ക്ഷേത്രത്തിലേക്ക് കേന്ദ്രീകരിച്ചപ്പോഴും നിസ്സംഗനായി അദ്ദേഹം എല്ലാം കണ്ടും കേട്ടുമിരുന്നു. ഒടുവില്‍ ശ്രീപത്മനാഭദാസന്റെ വാക്കുകള്‍ പുറത്തുവന്നപ്പോള്‍ അതിന് ലോകത്ത് സമാനതകളില്ലാത്തതായി. നിധി എന്ന് പുറംലോകം പറഞ്ഞതെല്ലാം ഭഗവാനു സമര്‍പ്പിച്ച കാണിക്കയാണെന്നും അത് ശ്രീപത്മനാഭനുമാത്രം അവകാശപ്പെട്ടതാണെന്നും പറഞ്ഞ ഉത്രാടം തിരുനാളിന്റെ തുടര്‍ന്നുള്ള വാക്കുകള്‍ കേട്ട് ലോകം വിസ്മയിച്ചു നിന്നു. ആ കാണിക്കയില്‍ ഒന്നും രാജകുടുംബത്തിന് അവകാശപ്പെട്ടതല്ലെന്നും ഭാവിയിലും ഒന്നും അവകാശപ്പെടില്ലെന്നും അദ്ദേഹം പറഞ്ഞു. തിരുവിതാംകൂര്‍ രാജകുടുംബത്തിന് ഏറ്റവും വലിയ നിധി ശ്രീപത്മനാഭനാണ്. അതിനു മുന്നില്‍ ലക്ഷം കോടിയെക്കാളും മൂല്യം വരുന്ന കാണിക്കയ്ക്ക് ഒരുവിലയും കാണാത്ത ശ്രീ പത്മനാഭദാസ പാരമ്പര്യത്തിന്റെ ധര്‍മ്മനിരതമായ ശബ്ദമാണ് ഉത്രാടം തിരുനാളിലൂടെ ലോകം കേട്ടത്.

നിത്യവും പത്മനാഭസ്വാമിക്ഷേത്ര ദര്‍ശനത്തിനുശേഷം കാലുകള്‍ കുടഞ്ഞിട്ടാണ് ശ്രീപത്മനാഭദാസന്‍മാര്‍ പുറത്തിറങ്ങുക. ശ്രീപത്മനാഭന്റെ ഒരുതരി മണ്ണുപോലും തങ്ങള്‍ക്ക് അവകാശപ്പെട്ടതല്ലെന്ന ധാര്‍മികമായ ബോധമാണ് തിരുവിതാംകൂര്‍ രാജകുടുംബം പിന്തുടരുന്നത്. ആ മഹിത പാരമ്പര്യത്തിന്റെ ഒരു കണ്ണികൂടി പഞ്ചഭൂതങ്ങളില്‍ വിലയം പ്രാപിച്ചു. ഉത്രാടം തിരുനിളിന്റെ വിശുദ്ധസ്മൃതികള്‍ക്കു മുന്നില്‍ പുണ്യഭൂമിയുടെ ശ്രദ്ധാഞ്ജലി.

കൂടുതല്‍ വാര്‍ത്തകള്‍ - പ്രധാന വാര്‍ത്തകള്‍