ലോക്പാല്‍ ബില്‍ ലോക്‌സഭ പാസ്സാക്കി; നിരാഹാരം അവസാനിപ്പിക്കുമെന്ന് അണ്ണഹസാരെ

December 18, 2013 പ്രധാന വാര്‍ത്തകള്‍

anna-hazare11ന്യൂഡല്‍ഹി: ലോക്പാല്‍ ബില്‍ ലോക്‌സഭ പാസ്സാക്കി. ശബ്ദവോട്ടോടെയാണ് ബില്‍ പാസ്സാക്കിയത്. ലോക്‌സഭയും ബില്‍ പാസാക്കിയതോടെ അണ്ണഹസാരയുടെ സത്യാഗ്രഹ പന്തലില്‍ വിജയാഘോഷം നടക്കുകയാണ്. രാജ്യത്തെ അഴിമതി തടയാനുള്ള ബില്‍ രാജ്യസഭ ഇന്നലെ അംഗീകരിച്ചതിനു പിന്നാലെ ശബ്ദവോട്ടോടെ ഏകകണ്ഠമായാണ് രാജ്യസഭ ബില്‍ പാസാക്കിയത്.

നാല് പതിറ്റാണ്ട് നീണ്ട ചര്‍ച്ചകള്‍ക്ക് അന്ത്യംകുറിച്ചുകൊണ്ടാണ് ലോക്പാല്‍ നിയമമാകുന്നത്. ബിജെപി നിര്‍ദേശിച്ച ചില ഭേദഗതികള്‍ സര്‍ക്കാര്‍ അംഗീകരിച്ചിട്ടുണ്ട്. മുന്നറിയിപ്പില്ലാതെ അഴിമതിക്കാരായ ഉദ്യോഗസ്ഥരുടെ വീടുകള്‍ അന്വേഷണ ഏജന്‍സികള്‍ക്ക് റെയ്ഡ് ചെയ്യാമെന്ന നിര്‍ദേശമാണ് ഇതിലൊന്ന്. സ്വകാര്യ മേഖലയേയും പൊതു സ്വകാര്യ പങ്കാളിത്തത്തേയും ലോക്പാല്‍ പരിധിയില്‍ കൊണ്ടുവരണമെന്ന സിപിഐഎമ്മിലെ കെ എം ബാലഗോപാലിന്റെ ഭേദഗതി സഭ വോട്ടിനിട്ട് തള്ളി.

ബില്ലിനെ എതിര്‍ക്കുന്ന സമാജ് വാദി പാര്‍ട്ടി ചര്‍ച്ച തുടങ്ങുമുമ്പെ സഭയില്‍ നിന്നും ഇറങ്ങി പോയിരുന്നു. ജനഹിതം അറിഞ്ഞ് രാഷ്ട്രീയത്തിനപ്പുറം ബില്‍ പാസാക്കാന്‍ സഹകരിച്ചതിന് മന്ത്രി കപില്‍ സിബല്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് നന്ദി പറഞ്ഞു.

ലോക്പാല്‍ ബില്ലിനായി മഹാരാഷ്ട്രയിലെ റാളഗണ്‍ സിദ്ധിയില്‍ നിരാഹാര സമരം തുടരുന്ന അണ്ണ ഹസാരെ രാജ്യസഭയ്ക്ക് നന്ദി പറഞ്ഞു. ഇന്ന് ലോക്‌സഭയില്‍ ബില്‍ പാസ്സാക്കുന്നതോടെ നിരാഹാരം അവസാനിപ്പിക്കുമെന്നും അണ്ണ ഹസാരെ അറിയിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - പ്രധാന വാര്‍ത്തകള്‍