ലൈംഗിക പീഡനക്കേസ്: സന്തോഷ് മാധവന് ഹൈക്കോടതി എട്ടു വര്‍ഷം തടവ്ശിക്ഷ വിധിച്ചു

December 19, 2013 കേരളം

കൊച്ചി: ലൈംഗിക പീഡനക്കേസില്‍ സന്തോഷ് മാധവന് ഹൈക്കോടതി എട്ടു വര്‍ഷം ശിക്ഷ വിധിച്ചു. സന്തോഷ് മാധവന് എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി 16 വര്‍ഷം കഠിനതടവിനും രണ്ടു ലക്ഷത്തി ഇരുപതിനായിരം രൂപ പിഴയും ചുമത്തിയിരുന്നു. ഇത് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് സന്തോഷ് മാധവന്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നത്. ഇതില്‍ ഒരു കേസില്‍ ഹൈക്കോടതി ശിക്ഷ ശരിവയ്ക്കുകയും മറ്റൊരു കേസില്‍ സന്തോഷ് മാധവനെ വെറുതേ വിടുകയുമായിരുന്നു. വെറുതെ വിട്ട കേസില്‍ കോടതി വിധി പറഞ്ഞത് സിഡി ദൃശ്യങ്ങള്‍ പരിശോധിച്ചാണ്. ദൃശ്യങ്ങള്‍ പരിശോധിച്ച ജഡ്ജി സ്വയം സാക്ഷിയാകുകയായിരുന്നുവെന്നും ഹൈക്കോടതി നിരീക്ഷിച്ചു. എന്നാല്‍ രണ്ടാം കേസില്‍ മൂന്ന് പെണ്‍കുട്ടികള്‍ സന്തോഷ് മാധവനെതിരേ മൊഴി നല്‍കി. ഇതില്‍ രണ്ടു പേര്‍ പിന്നീട് മൊഴിമാറ്റിയെങ്കിലും ഒരാള്‍ അവസാനം വരെ പറഞ്ഞ കാര്യത്തില്‍ ഉറച്ചു നിന്നുവെന്നും കോടതി നിരീക്ഷിച്ചു. പ്രായപൂര്‍ത്തിയാകാത്ത രണ്ടു പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് ഇയാള്‍ക്കെതിരേയുള്ള കേസ്. നാല് കുറ്റപത്രങ്ങള്‍ സമര്‍പ്പിച്ച കേസില്‍ രണ്ടു കുറ്റപത്രങ്ങളിലായി എട്ടു വര്‍ഷം വീതമാണ് കഠിന തടവിന് ശിക്ഷ വിധിച്ചിരുന്നത്. സാക്ഷി മൊഴികളില്‍ വൈരുധ്യമുണ്ടെന്ന സന്തോഷ് മാധവന്റെ വാദം ഹൈക്കോടതി തള്ളുകയായിരുന്നു. രണ്ടു പെണ്‍കുട്ടികളില്‍ ഒരാള്‍ പിന്നീട് മൊഴി മാറ്റിയിരുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം