ദേവയാനിയുടെ അറസ്റ്റ് : അമേരിക്ക ഖേദം പ്രകടിപ്പിച്ചു

December 19, 2013 പ്രധാന വാര്‍ത്തകള്‍

ന്യൂഡല്‍ഹി: ഇന്ത്യന്‍ നയതന്ത്രജ്ഞ ദേവയാനി ഖൊബ്രാഗഡയെ അറസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളില്‍ അമേരിക്ക ഖേദം പ്രകടിപ്പിച്ചു. സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറിയാണ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ശിവശങ്കര്‍ മേനോനെ ഫോണില്‍ വിളിച്ച് ഖേദം അറിയിച്ചത്.

ദേവയാനിക്ക് നേരിട്ട അപമാനത്തിനെതിരെ ഇന്ത്യ ശക്തമായ ഭാഷയില്‍ തന്നെ പ്രതികരിച്ചിരുന്നു. പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് ഉള്‍പ്പെടെയുള്ളവര്‍ സംഭവത്തെ അപലപിച്ചു. ദേവയാനിയെ വിവസ്ത്രയാക്കി പരിശോധിക്കുകയും മയക്കുമരുന്ന് കേസിലെ പ്രതികള്‍ക്കൊപ്പം താമസിപ്പിക്കുകയും ചെയ്ത സംഭവത്തില്‍ അമേരിക്ക മാപ്പ് പറയണമെന്നാണ് ഇന്ത്യ ആവശ്യപ്പെട്ടത്. തുടര്‍ന്നാണ് ജോണ്‍ കെറി ഖേദം പ്രകടിപ്പിച്ചത്.

നയതന്ത്ര ഉദ്യോഗസ്ഥയുടെ അറസ്റ്റിനെ തുടര്‍ന്ന് ഇന്ത്യ-അമേരിക്ക ബന്ധത്തില്‍ വിള്ളല്‍ വീണിരുന്നു. ഈ സാഹചര്യത്തിലാണ് അമേരിക്കന്‍ സ്‌റ്റേറ്റ് സെക്രട്ടറിയുടെ ഇടപെടല്‍. നിര്‍ഭാഗ്യകരമായ സംഭവമാണ് ഉണ്ടായതെന്നും ഇന്ത്യയുമായുള്ള ബന്ധം തകര്‍ക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും ജോണ്‍ കെറി വ്യക്തമാക്കി.

കഴിഞ്ഞ ദിവസം ദേവയാനിയെ ന്യൂയോര്‍ക്കിലെ യുഎന്നിന്റെ സ്ഥിരം ഓഫീസിലേക്ക് മാറ്റിക്കൊണ്ട് കേന്ദ്രസര്‍ക്കാര്‍ ഉത്തരവായിരുന്നു. അവര്‍ക്ക് പൂര്‍ണ നയതന്ത്ര പരിരക്ഷ ലഭ്യമാക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു ഇത്. അതിനിടെ ജോലിക്കാരിയുടെ തൊഴില്‍വിസ അപേക്ഷയില്‍ തെറ്റായ വിവരം നല്‍കിയതിനും അമേരിക്കന്‍ നിയമമനുസരിച്ചുള്ള ശമ്പളം നല്‍കാത്തതിനുമാണ് ദേവയാനിയെ ക്രിമിനല്‍ കുറ്റം ചുമത്തി അറസ്റ്റു ചെയ്തതെന്ന് അമേരിക്കന്‍ അറ്റോര്‍ണി അറിയിച്ചു.

നിയമപരമായ നടപടിക്രമങ്ങള്‍ പാലിച്ചായിരുന്നു അറസ്റ്റെന്ന് യുഎസ് അറ്റോര്‍ണി ആവര്‍ത്തിച്ചു. പൊതുസ്ഥലത്ത് വെച്ച് ദേവയാനിയെ കൈയാമം വെച്ചിട്ടില്ല. മകള്‍ക്കൊപ്പം വരുമ്പോഴായിരുന്നില്ല അറസ്റ്റ്. അറസ്റ്റിനു മുന്‍പ് ഫോണ്‍ ചെയ്യാന്‍ അനുവദിച്ചു. എന്നാല്‍ വിവസ്ത്രയായി പരിശോധിച്ചെന്നത് വാസ്തവമാണെന്ന് അറ്റോര്‍ണി സമ്മതിച്ചു. വനിതാ ഉദ്യോഗസ്ഥയാണ് ദേവയാനിയെ പരിശോധിച്ചതെന്നും ധനികനെന്നോ ദരിദ്രനെന്നോ വ്യത്യാസമില്ലാതെ ഇത്തരം പരിശോധനകള്‍ സ്വാഭാവികമാണെന്നും അറ്റോര്‍ണി വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - പ്രധാന വാര്‍ത്തകള്‍