ശബരീശന് പണക്കിഴിയര്‍പ്പിച്ച് മണര്‍കാട് സംഘം

December 19, 2013 കേരളം

ശബരിമല: പാരമ്പര്യ ആചാരപ്രകാരം സന്നിധാനത്തെ തിരുനടയില്‍ പണക്കിഴി സമര്‍പ്പിച്ച് മണര്‍കാട് സംഘം മടങ്ങി. മണര്‍കാട് ദേവീക്ഷേത്രത്തിലെ ശാസ്താ നടയില്‍ ധനുമാസം ഒന്നിന് വിരിക്കുന്ന നീലപ്പട്ടില്‍ ഇരുപത്തിയെട്ടര ദേശവഴികളില്‍നിന്നുള്ള ഭക്തര്‍ സമര്‍പ്പിക്കുന്ന കാണിക്കയാണ് ശബരീശന് പണക്കിഴിയായി സമര്‍പ്പിക്കുന്നത്. ഇന്നലെ രാവിലെ സന്നിധാനത്തെത്തിയ മണര്‍കാട് സംഘം ഉച്ചപൂജയ്ക്കുശേഷം നീലപ്പട്ടില്‍ പൊതിഞ്ഞ കിഴി സോപാനത്ത് സമര്‍പ്പിച്ച് തന്ത്രി കണ്ഠര് മഹേശ്വരര് നല്‍കിയ തീര്‍ഥവും പ്രസാദവും സ്വീകരിച്ചു.
പെരിയസ്വാമിമാരായ ആര്‍. രവി മനോഹര്‍, സി.എസ്. രാജപ്പന്‍, മണര്‍കാട് ക്ഷേത്രം ഖജാന്‍ജി എം.എന്‍. ശശീന്ദ്രന്‍ എന്നിവര്‍ ചേര്‍ന്നാണ് കിഴി സമര്‍പ്പിച്ചത്.  പ്രകാശ്കുമാര്‍, സുനില്‍കുമാര്‍, വി.ജി. രാജന്‍, സോമശേഖരന്‍ നായര്‍ എന്നിവരുടെ നേതൃത്വത്തിലാണ് 36 പേരടങ്ങുന്ന സംഘമെത്തിയത്.
സംഘത്തിലുള്ളവര്‍ വൃശ്ചികം ഒന്നു മുതല്‍ വൃതമെടുത്താണ് യാത്രയ്‌ക്കൊരുങ്ങുന്നത്. തിങ്കളാഴ്ച രാവിലെ മണര്‍കാട് ദേവീക്ഷേത്രത്തിലെ ശാസ്താ നടയില്‍നിന്ന് കെട്ടുനിറച്ച സംഘം എരുമേലിയിലെത്തി പേട്ടതുള്ളല്‍ നടത്തി അഴുത, കരിമല, വലിയാനവട്ടം, ചെറിയാനവട്ടം വഴി പമ്പയിലെത്തി ഭജന നടത്തിയശേഷമാണ് മലചവിട്ടിയത്. ഇന്ന് (വ്യാഴാഴ്ച) മണര്‍കാട് ശാസ്താ നടയില്‍ പള്ളിക്കെട്ടുകള്‍ സമര്‍പ്പിക്കുന്നതോടെ മണര്‍കാട് സംഘത്തിന്റെ ഈ വര്‍ഷത്തെ തീര്‍ഥാടനത്തിന് സമാപനമാകും.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം