ക്രമീകരണങ്ങള്‍ വിലയിരുത്താന്‍ 21 ന് ചീഫ്‌സെക്രട്ടറിയുടെ അധ്യക്ഷതയില്‍ യോഗം

December 19, 2013 ക്ഷേത്രവിശേഷങ്ങള്‍

ശബരിമല: മണ്ഡല-മകരവിളക്ക് ഉത്സവത്തോടനുബന്ധിച്ചുള്ള ക്രമീകരണങ്ങള്‍ വിലയിരുത്തുന്നതിനായി ഡിസംബര്‍ 21 ന് രാവിലെ 10 ന് ചീഫ് സെക്രട്ടറി ഇ.കെ. ഭരത്ഭൂഷന്റെ അധ്യക്ഷതയില്‍ വകുപ്പുതല അവലോകനയോഗം കൂടുമെന്ന് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ബി. മോഹന്‍ദാസ് പറഞ്ഞു. മണ്ഡല-മകരവിളക്ക് ഉത്സവത്തോടനുബന്ധിച്ചു ശബരി ഗസ്റ്റ് ഹൗസില്‍ ചേര്‍ന്ന അവലോകനയോഗത്തില്‍ ആധ്യക്ഷ്യം വഹിക്കുകയായിരുന്നു അദ്ദേഹം.
ശബരിമലയിലെ ഓക്‌സിജന്‍ പാര്‍ലറുകളില്‍ ഉടന്‍  രണ്ട് ഓക്‌സിജന്‍ സിലിണ്ടറുകള്‍ വീതം എത്തിക്കുമെന്നും പാര്‍ലറുകളില്‍ പരിശീലനം ലഭിച്ചവരെയാണ് നിയോഗിച്ചിരിക്കുന്നതെന്നും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ യോഗത്തെ അറിയിച്ചു. ഓക്‌സിജന്‍ പാര്‍ലറുകളുടെ സേവനം മുടക്കമില്ലാതെ ലഭ്യമാക്കാന്‍ നടപടിയെടുക്കും.
ചരല്‍മേട്ടില്‍ ഭക്തജനങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തനം ആരംഭിച്ച അലോപ്പതി ആശുപത്രിയില്‍ വൈദ്യുതി ലഭ്യമാക്കി. ചെറിയാനവട്ടം മുതല്‍ വലിയാനവട്ടം വരെയുള്ള ഒന്നര കിലോമീറ്റര്‍ ദൂരത്ത് വൈദ്യുതി ലൈന്‍ വലിച്ചു. പാണ്ടിത്താവളത്ത് വഴിവിളക്കുകള്‍ സ്ഥാപിക്കാന്‍ നടപടിയായി. കൊതുക് ശല്യം ഒഴിവാക്കുന്നതിനായി ഫോഗിങ് അടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെന്ന് സന്നിധാനം ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പറഞ്ഞു. വിവിധ വകുപ്പുകള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ യോഗം വിലയിരുത്തി.

കൂടുതല്‍ വാര്‍ത്തകള്‍ - ക്ഷേത്രവിശേഷങ്ങള്‍