ഗുരുദര്‍ശനങ്ങള്‍ക്ക് സാമൂഹികപ്രസക്തിയേറുന്നു: മന്ത്രി കെ.സി. ജോസഫ്

December 19, 2013 കേരളം

തിരുവനന്തപുരം: ശ്രീനാരായണഗുരുവിന്റെ ആശയങ്ങള്‍ക്കും ദര്‍ശനങ്ങള്‍ക്കും വര്‍ത്തമാനകാലത്തില്‍ പ്രസക്തിയേറി വരുകയാണെന്ന് സാംസ്‌കാരികവകുപ്പ് മന്ത്രി കെ.സി. ജോസഫ് പറഞ്ഞു. മാനവികതയും മാനവഐക്യവും ശ്രീനാരായണ ആദര്‍ശങ്ങളിലൂടെ എന്ന വിഷയത്തില്‍ ശ്രീനാരായണ അന്തര്‍ദേശീയ പഠനകേന്ദ്രം സംഘടിപ്പിച്ച പഠന-പ്രചാരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഗുരുദേവദര്‍ശനങ്ങളുടെ പ്രാധാന്യം കാലങ്ങളോളം നിലനില്‍ക്കും. സമൂഹത്തില്‍ നാമിന്ന് കാണുന്ന എല്ലാത്തരം പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ ഗുരുദര്‍ശനങ്ങള്‍ക്ക് കഴിയും. ഇപ്പോള്‍ ആറ് ക്ലാസുകളില്‍ ഗുരുദര്‍ശനം പാഠ്യഭാഗമാക്കിയിട്ടുണ്ട്. അടുത്തവര്‍ഷം മുതല്‍ ഹയര്‍സെക്കന്‍ഡറി തലത്തിലും തുടര്‍ന്ന് കോളേജുതലത്തിലും ഇവ സിലബസിന്റെ ഭാഗമാക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിച്ചുവരികയാണെന്നും മന്ത്രി അറിയിച്ചു. നല്ല മനുഷ്യരേയും സമൂഹത്തേയും സൃഷ്ടിക്കാനാണ് ഗുരുദേവന്‍ ശ്രമിച്ചതെന്ന് ചടങ്ങിന് അധ്യക്ഷത വഹിച്ച രമേശ് ചെന്നിത്തല എം.എല്‍.എ. അഭിപ്രായപ്പെട്ടു. മനുഷ്യമനസുകളില്‍ വിപ്ലവകരമായ ആശയങ്ങള്‍ സൃഷ്ടിക്കാനും വര്‍ത്തമാനകാലത്തെ ക്രിയാത്മകമാക്കാനും ശ്രീനാരായണഗുരുവിന്റെ ആശയങ്ങള്‍ പങ്കുവഹിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. വഴുതയ്ക്കാട് ഗവ. വനിതാകോളേജില്‍ നടന്ന ചടങ്ങില്‍ ബി. സത്യന്‍ എം.എല്‍.എ. മുഖ്യപ്രഭാഷണം നടത്തി. കേരളസര്‍വകലാശാല പ്രോ വൈസ്ചാന്‍സലര്‍ ഡോ. എന്‍. വീരമണികണ്ഠന്‍, എം.ജി. സര്‍വകലാശാല പ്രോ വൈസ്ചാന്‍സലര്‍ ഡോ. ഷീനാ ഷുക്കൂര്‍, ശ്രീനാരായണഗുരു അന്തര്‍ദേശീയ പഠനകേന്ദ്രം ഡയറക്ടര്‍ അഡ്വ. റ്റി.കെ. ശ്രീനാരായണദാസ്, വനിതാകോളേജ് പ്രിന്‍സിപ്പാല്‍ ഡോ. മേരി ഡൊറോത്തി തുടങ്ങിയവര്‍ സംസാരിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം