വ്യാസന്റെ നീതിപീഠത്തിനുമുന്നില്‍

December 20, 2013 സനാതനം

പഴയന്നൂര്‍ മഹാദേവന്‍

നരോത്തമ രാജാവ് അഹങ്കാരിയും കഠിനഹൃദയനുമായിരുന്നു. ആരുടേയും ഉപദേശം ആരായാതെയായിരുന്നു രാജ്യഭരണം. മനസ്സില്‍ തോന്നുന്നതു നിയമം. നിയമം പാലിക്കാത്തവര്‍ക്കു കഠിനശിക്ഷയും. തന്നിഷ്ടപ്രകാരമുള്ള രാജാവിന്റെ ഭരണത്തില്‍ പ്രജകള്‍ വലഞ്ഞു. പക്ഷെ രാജാവിനോട് എതിരുപറയാന്‍ ആര്‍ക്കും ധൈര്യമില്ല. എന്നാല്‍ മകന്‍ ചന്ദ്രസേനന്റെ സ്വഭാവം രാജാവിനെപ്പോലെ അല്ലായിരുന്നു. മകന്‍ ഗുണദോഷിക്കും; പക്ഷെ രാജാവ് ശ്രദ്ധിക്കാറില്ല. മകന്‍ ദുഃഖിതനായി.

ഒരു ദിവസം ചന്ദ്രസേനന്‍ ഉലത്താന്‍ ഇറങ്ങി. ഒരു സ്ഥലത്ത് ഒരു മഹാത്മാവിന്റെ ഭക്തിപ്രഭാഷണം നടക്കുകയാണ്. പ്രഭാഷണം രാജകുമാരനു വളരെ ഇഷ്ടപ്പെട്ടു. എന്നും പ്രഭാഷണം കേള്‍ക്കാന്‍ എത്തും. എന്നും നിശ്ചിതസമയത്തു പുറത്തിറങ്ങുന്ന മകനെ രാജാവ് സൂക്ഷ്മമായി നിരീക്ഷിച്ചുതുടങ്ങി. തനിക്കെതിരെ എന്തെങ്കിലും ഗൂഢാലോചന നടക്കുകയാണോ എന്ന സംശയം തീര്‍ക്കാന്‍ ഒരു ദിവസം രാജാവ് മകനെ പിന്തുടര്‍ന്നു. അങ്ങനെ അന്നത്തെ പ്രഭാഷണത്തില്‍ രാജാവും ഒരു ശ്രോതാവായി. പ്രഭാഷകന്‍ കഥ ആരംഭിച്ചു.

‘ഒരു ദിവസം വായുവും ജലവും മേഘവും തമ്മില്‍ വഴക്കായി. താന്‍ കാരണമാണ് ലോകം നിലനില്ക്കുന്നത് എന്നും താന്‍ ഇല്ലെങ്കില്‍ ജീവജാലങ്ങള്‍ ഒന്നടങ്കം നശിക്കുമെന്നും വായു പറഞ്ഞു.

ജീവജാലങ്ങള്‍ക്കെല്ലാം ജീവന്‍ നിലനിര്‍ത്തുന്നത് താനാണെന്ന് ജലവും പറഞ്ഞു.

താനാണ് ഏറ്റവും വലുതെന്നും താനില്ലെങ്കില്‍ ജലം ഭൂമിയില്‍ എത്തുകയില്ലെന്നും മേഘവും പറഞ്ഞു.

തര്‍ക്കം മൂത്തു. ഒരു തീരുമാനത്തിനായി അവര്‍ ഇന്ദ്രനെ സമീപിച്ചു. ഇന്ദ്രന്‍ പറഞ്ഞു ‘നിങ്ങള്‍ക്കു മൂന്നുപേര്‍ക്കും പ്രായോഗികബുദ്ധി കുറവാണ്. വായു മാത്രം വിചാരിച്ചാല്‍ മഴപെയ്യില്ല. മേഘം ആകാശത്തിലെത്തിയാലേ മഴയുണ്ടാകൂ. ആ മേഘത്തിന് വായുവിന്റെ സഹായം വേണം. മഴ പെയ്താലേ വെള്ളം ഉണ്ടാകൂ. ആ വെള്ളം തന്നെയാണ് മേഘമാകുന്നതും. ചുരുക്കത്തില്‍ വായു, മേഘം, ജലം ഈ മൂന്നുപേരും യോജിച്ചാലെ ധര്‍മ്മം നിറവേറുകയുള്ളൂ. അതിനാല്‍ മൂന്നുപേരും തുല്യരാണ്. ലോക നന്മക്കായി നിങ്ങള്‍ യോജിച്ചു പ്രവര്‍ത്തിക്കൂ…..’

ഈ കഥാശ്രവണം രാജാവിന്റെ ജീവിതത്തില്‍ ഒരു വഴിത്തിരിവായി. രാജാവിന്റെ അഹങ്കാരം മഞ്ഞുപോലെ ഉരുകി. പുതിയ ഉന്മേഷത്തോടെ മകനുമൊത്ത് രാജാവ് കൊട്ടാരത്തിലേക്കു മടങ്ങി.

കൂടുതല്‍ വാര്‍ത്തകള്‍ - സനാതനം