ഹരിത പുരസ്‌കാരങ്ങള്‍ക്ക് അപേക്ഷ ക്ഷണിച്ചു

December 20, 2013 മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: 2013-ലെ ഹരിത പുരസ്‌കാരങ്ങള്‍ക്ക് സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് അപേക്ഷ ക്ഷണിച്ചു. പരിസ്ഥിതി സംരക്ഷണ രംഗത്ത് മാതൃകാപരമായ പ്രവര്‍ത്തനം കാഴ്ച വച്ചിട്ടുള്ള വ്യക്തി, നാടന്‍ വിള ഇനങ്ങളുടെ സംരക്ഷണത്തിനായി പ്രവര്‍ത്തിക്കുന്ന വ്യക്തി, പരിസ്ഥിതി വിഷയങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കി പത്രപ്രവര്‍ത്തന രംഗത്ത് മികവ് കാഴ്ചവച്ചിട്ടുളള ഇംഗ്ലീഷ്, മലയാളം പത്രപ്രവര്‍ത്തകര്‍, ഇലക്ട്രോണിക് മാധ്യമം വഴി പരിസ്ഥിതി സംരക്ഷണ വിഷയങ്ങള്‍ക്ക് പ്രചാരം നല്‍കുന്ന മാധ്യമ പ്രവര്‍ത്തകന്‍, നാട്ടറിവുകളുടെ സംരക്ഷകന്‍, പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ഗവണ്‍മെന്റ് സ്‌കൂളുകള്‍/ എയിഡഡ് സ്‌കൂളുകള്‍, ഐ.സി.എസ്.സി./ സി.ബി.എസ്.സി./ സെന്‍ട്രല്‍ സ്‌കൂളുകള്‍, ഗവണ്‍മെന്റ്/ എയിഡഡ്, അണ്‍ എയ്ഡഡ് കോളേജുകള്‍, പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രാധാന്യം നല്‍കി പ്രവര്‍ത്തിക്കുന്ന സര്‍ക്കാരിതര സംഘടനകള്‍ എന്നീ ഇനങ്ങളിലായി 12 അവാര്‍ഡുകളാണ് ഈ വര്‍ഷം നല്‍കുന്നത്.

50,000 രൂപയും ഫലകവും പ്രശസ്തി പത്രവും, മികച്ച പ്രവര്‍ത്തനം കാഴ്ചവച്ചിട്ടുള്ള ജൈവവൈവിധ്യ പരിപാലന സമിതിക്ക് ഒരു ലക്ഷം രൂപയും അവാര്‍ഡായി നല്‍കും. അപേക്ഷാഫോറവും വിശദവിവരവും സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡിന്റെ സൈറ്റില്‍ (keralabiodiversity.org) ലഭിക്കും. അപേക്ഷകള്‍ ജനുവരി 25 ന് മുമ്പ് മെമ്പര്‍ സെക്രട്ടറി, കേരള സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ്, പളളിമുക്ക്, പേട്ട പി.ഒ., തിരുവനന്തപുരം – 695024 എന്ന വിലാസത്തില്‍ അയക്കണം.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍