അണ്ണാഹസാരെ

December 21, 2013 എഡിറ്റോറിയല്‍,പ്രധാന വാര്‍ത്തകള്‍

hazare-editorial-pbനാലരപ്പതിറ്റാണ്ടു നീണ്ട കാത്തിരിപ്പിനൊടുവില്‍ ലോക്പാല്‍ ബില്‍ യാഥാര്‍ത്ഥ്യമായി. മാറിവന്ന സര്‍ക്കാരുകള്‍ പലവട്ടം ശ്രമിച്ചിട്ടും നിയമമാക്കാന്‍ കഴിയാതിരുന്നതാണ് ലോക്പാല്‍ ബില്‍. ഭാരതത്തിലെ വര്‍ത്തമാനകാല ജനാധിപത്യ വ്യവസ്ഥയില്‍ ലോക്പാല്‍ അനിവാര്യമാക്കിയതിനു പിന്നിലെ ധര്‍മ്മസ്രോതസ്സ്  അണ്ണാഹസാരെ എന്ന ഗാന്ധിയനാണ്. ഗാന്ധിജിക്കു ശേഷം ഗാന്ധിയന്‍ ചിന്തയെ രാഷ്ട്രീയ പദ്ധതിയായി വികസിപ്പിച്ച നിശ്ശബ്ദ വിപ്ലവത്തിനാണ് അദ്ദേഹം ശ്രമിച്ചത്.

അഴിമതിക്കും കള്ളപ്പണത്തിനുമെതിരെ 2011 ഏപ്രിലില്‍ ഡല്‍ഹിയിലെ ജന്തര്‍മന്തറില്‍ സമരം നടത്തിയതിലൂടെയാണ് ഈ ഗാന്ധിയന്‍ ജനങ്ങള്‍ക്ക് സുപരിചിതനായത്. മഹാരാഷ്ട്രയിലെ റാലേഗാന്‍ സിദ്ധി എന്ന ഗ്രാമത്തില്‍ ജനിച്ച അദ്ദേഹം നിശ്ശബ്ദ വിപ്ലവത്തിലൂടെ തന്റെ ഗ്രാമത്തിന്റെ തലയിലെഴുത്ത് മാറ്റിമറിക്കുകയായിരുന്നു. വരണ്ടുണങ്ങിക്കിടന്ന ആ ഗ്രാമം നിരക്ഷരരുടെയും ദരിദ്രരുടെയും മദ്യപാനികളുടെയും നാടായിരുന്നു. ദശാബ്ദങ്ങള്‍ നീണ്ട പ്രവര്‍ത്തനത്തിലൂടെ അദ്ദേഹം ആ ഭൂമിയെ പച്ചപ്പാക്കി മാറ്റുകയും അവിടത്തെ ജനങ്ങളുടെ ജീവിതത്തെ മാറ്റിമറിക്കുകയും ചെയ്തു. രാഷ്ട്ര പുനര്‍നിര്‍മ്മാണം എങ്ങനെ നടത്താമെന്ന് അദ്ദേഹം ലോകത്തിനു കാട്ടിക്കൊടുക്കുകയായിരുന്നു. ഇന്ന് റാലേഗാന്‍ സിദ്ധിയില്‍ തീര്‍ത്ഥാടകരെപ്പോലെ ലോകത്തിന്റെ നാനാഭാഗത്തുനിന്നും ജനങ്ങളെത്തുന്നു. സ്വന്തം ജന്മനാടിന്റെ തലവര മാറ്റിക്കുറിച്ച ആ മനുഷ്യനോടാണ് ലോകപാല്‍ ബില്‍ യാഥാര്‍ത്ഥ്യമാകുന്നതിന് ഭാരതീയര്‍ കടപ്പെട്ടിരിക്കുന്നത്.

അഞ്ചു സംസ്ഥാനങ്ങളിലേക്കു നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിനുണ്ടായ തിരിച്ചടിയും ലോക്പാല്‍ ബില്‍ യാഥാര്‍ത്ഥ്യമാക്കുന്നതിനു കാരണമായി. ജന്തര്‍മന്തര്‍ സമരത്തില്‍ അണ്ണാഹസാരെയൊടൊപ്പം തോളോടുതോള്‍ ചേര്‍ന്നുനിന്നു പ്രവര്‍ത്തിച്ച കെജ്‌രിവാളിന്റെ ആം ആദ്മി പാര്‍ട്ടി ഡല്‍ഹിയില്‍ നേടിയ ഉജ്വല വിജയവും ലോക്പാല്‍ ബില്‍ പാസ്സാക്കുന്നതിനു പിന്നില്‍ കൂട്ടിവായിക്കേണ്ടതാണ്. അഴിമതിക്കെതിരെ പുതിയ തലമുറ ശക്തമായി പ്രതികരിച്ചു എന്നതിന്റെ പ്രതിഫലനമാണ് ആം ആദ്മി പാര്‍ട്ടിയുടെ വിജയത്തിനു പിന്നില്‍ ഉണ്ടായത്. പുതിയ തലമുറയുടെ മനസ്സ് എന്താണെന്ന് കാട്ടുന്നതായിരുന്നു ഡല്‍ഹി തെരഞ്ഞെടുപ്പു ഫലം. ഈ തിരിച്ചറിവും അഴിമതിക്കെതിരെയുള്ള ലോക്പാല്‍ ബില്‍ വളരെ പെട്ടെന്ന് പാസ്സാക്കുന്നതിന് കോണ്‍ഗ്രസ്സിന് പ്രചോദിതമായി.

ലോക്പാല്‍ ബില്‍ പാസ്സാക്കണമെന്നാവശ്യപ്പെട്ട് റാലേഗാന്‍ സിദ്ധിയില്‍ നിരാഹാരമനുഷ്ഠിച്ച അണ്ണാ ഹസാരെ ബില്‍ യാഥാര്‍ത്ഥ്യമായതോടെയാണ് സമരത്തില്‍നിന്നു പിന്തിരിഞ്ഞത്. അദ്ദേഹം വിഭാവനം ചെയ്ത തരത്തില്‍ ലോക്പാല്‍ ബില്‍ പൂര്‍ണ്ണമായല്ല പാസ്സാക്കാന്‍ കഴിഞ്ഞതെങ്കിലും അഴിമതിക്കെതിരായ പോരാട്ടത്തില്‍ ഇത് വലിയൊരു കാല്‍വയ്പ്പായാണ് കരുതേണ്ടത്.

ഗാന്ധിയന്‍ സമരമുറകള്‍ക്ക് ഭാരതത്തിന്റെ മണ്ണില്‍ ഇനിയും പ്രസക്തിയുണ്ടെന്ന് തെളിയിക്കുന്നതാണ് അണ്ണാഹസാരെയുടെ ജന്തര്‍മന്തര്‍ സമരവും തുടര്‍ന്ന് ലോക്പാല്‍ പാസ്സാക്കുന്നതുവരെയുള്ള സംഭവങ്ങളും. അഴിമതിക്കെതിരായി ഭാരതത്തിന്റെ ജനമനസ്സ് ഉണര്‍ത്തുന്നതില്‍ അണ്ണാഹസാരെ വഹിച്ച പങ്ക് സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ അടിയന്തരാവസ്ഥയ്‌ക്കെതിരെയുള്ള ജയ്പ്രകാശ് നാരായണന്റെ പോരാട്ടത്തിനു സമാനമാണ്.

അണ്ണാഹസാരെ വര്‍ത്തമാനകാല ഭാരതത്തിലെ ധാര്‍മ്മികതയുടെ പ്രതീകമാണ്. കര്‍മ്മശുദ്ധിയുള്ള ജീവിതങ്ങള്‍ ധര്‍മ്മബോധത്തോടെ സമരഭൂമിയിലെത്തിയാല്‍ എന്തു സംഭവിക്കുമെന്നതിന്റെ വലിയ ഉദാഹരണമാണ് ലോക്പാല്‍.

കൂടുതല്‍ വാര്‍ത്തകള്‍ - എഡിറ്റോറിയല്‍