സ്വവര്‍ഗ്ഗരതി ക്രിമിനല്‍ കുറ്റം: കോടതി വിധിക്കെതിരെ കേന്ദ്രസര്‍ക്കാര്‍ പുനഃപരിശോധനാ ഹര്‍ജി നല്‍കി

December 20, 2013 ദേശീയം

ന്യൂഡല്‍ഹി: ഇന്ത്യന്‍ നിയമപ്രകാരം സ്വവര്‍ഗരതി ക്രിമിനല്‍ കുറ്റമാണെന്ന കോടതി വിധിക്കെതിരെ കേന്ദ്രസര്‍ക്കാര്‍ പുനഃപരിശോധനാ ഹര്‍ജി നല്‍കി. ഹര്‍ജിയില്‍ തുറന്ന കോടതിയില്‍ വാദം കേള്‍ക്കണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടു. നേരത്തെ ഡല്‍ഹി ഹൈക്കോടതി വിധിയാണ് ഇക്കാര്യത്തില്‍ ഉചിതമെന്നും കേന്ദ്രസര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നു.

അറ്റോര്‍ണി ജനറല്‍ ഗുലാം ഇ വഗന്‍വതിയുടെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രസര്‍ക്കാര്‍ പുന: പരിശോധനാ ഹര്‍ജി സമര്‍പ്പിക്കുന്നത്. നേരത്തെ വിധിക്കെതിരെ കേന്ദ്രസര്‍ക്കാരിനുള്ളില്‍ നിന്ന് തന്നെ രൂക്ഷമായ വിമര്‍ശനമുയര്‍ന്നിരുന്നു. യുപിഎ അധ്യക്ഷ സോണിയാ ഗാന്ധി, ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, മുതിര്‍ന്ന നേതാവ് പി ചിദംബരം എന്നിവരാണ് വിധിക്കെതിരെ രംഗത്തു വന്നിരുന്നു. 1960 ന് മുന്‍പുള്ള കാലഘട്ടത്തിലേയ്ക്ക് ജനങ്ങളെ കൊണ്ടുപോകുന്ന വിധിയാണ് സുപ്രീംകോടതിയുടെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്നതെന്നായിരുന്നു ചിദംബരത്തിന്റെ അഭിപ്രായം. കഴിഞ്ഞ ആഴ്ചയാണ് സ്വര്‍ഗ്ഗരതിയ്ക്ക് നിയമപിന്തുണ നല്‍കാനാകില്ലെന്ന് സുപ്രീംകോടതി പറഞ്ഞത്.

2009ല്‍ ഡല്‍ഹി ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവ് റദ്ദാക്കിയാണ് സ്വവര്‍ഗ്ഗരതി വീണ്ടും ക്രിമിനല്‍ കുറ്റമാക്കിയയത്. വിരമിച്ച ജസ്റ്റിസ് ജി എസ് സിങ്വി, ജസ്റ്റിസ് എസ് ജെ മുഖോപാധ്യായ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റെതായിരുന്നു വിധി. ഹൈക്കോടതിവിധി ചോദ്യം ചെയ്ത് വിവിധ മതസാമൂഹ്യ സംഘടനകള്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചാണ് സുപ്രീംകോടതി ഇക്കാര്യം വ്യക്തമാക്കിയത്. വവര്‍ഗരതി ഇന്ത്യന്‍ സംസ്കാരത്തിനു യോജിച്ചതല്ലെന്നും അതിനെതിരെയുള്ള 377-ാം വകുപ്പ് നിലനിര്‍ത്തണമെന്നും ആവശ്യപ്പെട്ട് 15-ഓളം ഹര്‍ജികളാണ് സുപ്രീം കോടതിയിലെത്തിയത്.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം