ടി.പി ചന്ദ്രശേഖരന്റെ ഭാര്യ കെ.കെ രമയ്ക്ക് വധഭീഷണി

December 21, 2013 പ്രധാന വാര്‍ത്തകള്‍

K.K.Remaവടകര: ടി.പി.ചന്ദ്രശേഖരന്റെ ഭാര്യയും ആര്‍എംപി നേതാവുമായ കെ.കെ.രമയെ വധിക്കുമെന്ന് ഭീഷണി. ടി.പി കേസിന്റെ വിധി വരുന്നതിന് മുമ്പ് കഥ കഴിക്കുമെന്നാണ് രണ്ടാഴ്ചക്കിടെ ലഭിച്ച കത്തുകളിലുള്ളത്. കൊല്ലുമെന്ന ഭീഷണിയുമായി മൂന്നു ഊമക്കത്തുകളാണ് ഒഞ്ചിയത്തെ വീട്ടില്‍ കിട്ടിയിരിക്കുന്നത്. ടി.പി.വധക്കേസിന്റെ വിധി പ്രഖ്യാപനത്തിന് ഒരുമാസം മാത്രം ശേഷിക്കെ രമയ്ക്ക് നേരെയുണ്ടായ വധഭീഷണി ഗൌരവത്തിലാണ് ആര്‍എംപി എടുത്തിരിക്കുന്നത്. കാലിക്കട്ട് സര്‍വകലാശാല, ആലുവ പോസ്റ്റോഫീസുകളിലാണ് കത്തുകള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

കൊല്ലപ്പെടുന്നതിന് മുമ്പ് ടി.പി.ചന്ദ്രശേഖരനും ഇത്തരത്തിലുള്ള കത്തുകള്‍ വന്ന സാഹചര്യത്തില്‍ ഭീഷണി കത്തുകള്‍ പോലീസ് അത്യന്തം ഗൗരവത്തോടെയാണ്  പരിഗണിച്ചിട്ടുള്ളത്. വിഷയം ശ്രദ്ധയില്‍പെട്ട സ്പെഷല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ ആര്‍എംപി നേതാക്കളുമായി ബന്ധപ്പെട്ടിരുന്നു. ടിപി വധിക്കപ്പെട്ട് ഒരു മാസത്തിനുള്ളില്‍ തന്നെ ഭീഷണി സ്വരമുള്ള കത്ത് ഒഞ്ചിയത്തെ വീട്ടില്‍ കിട്ടിയിരുന്നു. മാനസാന്തരപ്പെടണമെന്ന മട്ടിലുള്ള കത്തായിരുന്നു അവ. ഇതാദ്യമായാണ് വധിക്കുമെന്ന ഭീഷണി വന്നിരിക്കുന്നത്. പ്രതികള്‍ക്കെതിരെയുള്ള കേസുകള്‍ പിന്‍വലിക്കണമെന്നും ഇല്ലെങ്കിലും വധിക്കുമെന്നാണ് ഭീഷണി.

ടിപി കേസിന്റെ വിധി വരുന്നതിന് മുമ്പ് കഥ കഴിക്കുമെന്നും ജയിലില്‍ കഴിയുന്ന ഞങ്ങളുടെ ചുണക്കുട്ടികള്‍ തെറ്റ് ചെയ്തിട്ടില്ലെന്നും ഇവര്‍ക്കെതിരെയുള്ള പരാതി പിന്‍വലിക്കണമെന്നും കത്തില്‍ പറയുന്നുണ്ട്. ഇനി കേസിനെക്കുറിച്ചോ പ്രതികള്‍ക്കെതിരായോ മാധ്യമങ്ങളോട് പ്രതികരിച്ചാല്‍ അനുഭവിക്കുമെന്നും പറയുന്നു. ശിക്ഷിക്കപ്പെട്ടാല്‍ കണക്കു പറയേണ്ടിവരുമെന്നും കത്തിലുണ്ട്. അന്യനാട്ടിലാണ് കത്തുകള്‍ പോസ്റ്റ് ചെയ്തതെങ്കിലും കത്തിന്റെ ഉറവിടം സംബന്ധിച്ച് വ്യക്തതയില്ല. ഇന്നാട്ടുകാര്‍ തന്നെ എഴുതി മറ്റിടത്ത് കൊണ്ടുപോയി പോസ്റ്റ് ചെയ്യാനാണ് സാധ്യത. രമയ്ക്ക് പോലീസ് സംരക്ഷണം ഏര്‍പെടുത്താന്‍ പോലീസ് നിശ്ചയിച്ചിരുന്നെങ്കിലും അവര്‍ വേണ്ടെന്നുവെച്ചിരിക്കുകയാണ്. രണ്ടു വനിതാ പോലീസുകാരെ നിയോഗിച്ചെങ്കിലും സംരക്ഷണം വേണ്ടെന്ന് രമ എഴുതി നല്‍കിയതായി പോലീസ് അറിയിച്ചു. ഭീഷണികള്‍ കൊണ്ടൊന്നും തന്നെ തളര്‍ത്താന്‍ കഴിയില്ലെന്നും ഈ തരത്തിലുള്ള പ്രതികരണങ്ങളും വ്യക്തിഹത്യയും പ്രതീക്ഷിച്ച് തന്നെയാണ് പ്രവര്‍ത്തനത്തിന് ഇറങ്ങിയതെന്നും രമ വ്യക്തമാക്കി. ജീവന്‍ നഷ്ടപെട്ടാലും അവസാനം വരെ നിയമ പോരാട്ടം തുടരുമെന്നും കത്തിന് പിന്നില്‍ സിപിഎമ്മാണെന്നും രമ പറഞ്ഞു. ടിപി വധത്തിലെ ഉന്നതതല ഗൂഡാലോചനയെ കുറിച്ച് സിബിഐ അന്വേഷണത്തിന് ശുപാര്‍ശ ചെയ്യുമെന്നാണ് സര്‍ക്കാര്‍ ഉറപ്പു നല്‍കിയിരുന്നത്. ഇപ്പോഴത്തെ സാഹചര്യത്തില്‍ പ്രതീക്ഷയില്ല. വിധി വന്നതിന് ശേഷം സര്‍ക്കാര്‍ തീരുമാനം ഉണ്ടായില്ലങ്കില്‍ കോടതിയെ സമീപിക്കുമെന്നും രമ പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - പ്രധാന വാര്‍ത്തകള്‍