കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ജയന്തി നടരാജന്‍ രാജിവെച്ചു

December 21, 2013 ദേശീയം

jayanthi-natarajanന്യൂഡല്‍ഹി: കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ജയന്തി നടരാജന്‍ രാജിവെച്ചു. വരുന്ന ലോക്‌സസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിനായാണ് രാജി വെച്ചത്. കേന്ദ്രമന്ത്രി ജയറാം രമേശും അടുത്ത ദിവസം രാജി വെക്കുമെന്നാണ് സൂചനകള്‍. കഴിഞ്ഞ തവണ രാജിവെച്ച് പാര്‍ട്ടി പ്രവര്‍ത്തനം നടത്തിയ ജയറാം രമേശ് പിന്നീട് യുപിഎ അധികാരത്തിലെത്തിയപ്പോള്‍ മന്ത്രിസ്ഥാനം ഏറ്റെടുക്കുകയായിരുന്നു.

പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഗുലാം നബി ആസാദടക്കമുള്ള മറ്റ് ചില മന്ത്രിമാരും രാജി വെച്ചേക്കുമെന്നാണ് സൂചനകള്‍. രാജി വെച്ച് പാര്‍ട്ടി പ്രവര്‍ത്തനം നടത്തണമെന്നാണ് ഈ മന്ത്രിമാരുടെ ആവശ്യം. എന്നാല്‍ പ്രധാനമന്ത്രി ഇവരോട് രാജി വെക്കരുതെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് വലിയ തോതില്‍ ചര്‍ച്ചാ വിഷയമായ സാഹചര്യത്തിലാണ് ജയന്തി നടരാജന്റെ രാജി. രാജി രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജി സ്വീകരിച്ചു.

ആദ്യമായി 1986ലാണ് ജയന്തി നടരാജന്‍ രാജ്യസഭയിലേക്ക് തെരെഞ്ഞടുക്കപ്പെട്ടത്. പിന്നീട് 1997ല്‍ കല്‍ക്കരി, ദേശീയ വ്യോമയാനം, പാര്‍ലമെന്ററി കാര്യം ചുമതലയുള്ള മന്ത്രിയായി പ്രവര്‍ത്തിച്ചു. പാര്‍ട്ടി അധ്യക്ഷ സോണിയാ ഗാന്ധിയുടെ വിശ്വസ്തയായ ഇവര്‍ പിന്നീട് പാര്‍ട്ടി വക്താവായി പ്രവര്‍ത്തിച്ചു. 2011ല്‍ ജയറാം രമേശ് രാജി വെച്ച ഒഴിവിലാണ് വനം- പരിസ്ഥിതി മന്ത്രിയാവുന്നത്.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം