അയ്യന്‍കാളിയുടെ ധീരതയും നിശ്ചയദാര്‍ഢ്യവും തലമുറകള്‍ക്കു പ്രചോദനമായി: രാഷ്ട്രപതി

December 21, 2013 കേരളം

pranab-mukherjee_297കൊച്ചി: പട്ടികജാതി -വര്‍ഗക്കാരുടെ ക്ഷേമത്തിനായി പടപൊരുതിയ അയ്യന്‍കാളിയുടെ ധീരതയും നിശ്ചയദാര്‍ഢ്യവും തലമുറകള്‍ക്കു പ്രചോദനമാണെന്നു രാഷ്ട്രപതി പ്രണാബ് മുഖര്‍ജി. കേരള പുലയര്‍ മഹാസഭയുടെ ആഭിമുഖ്യത്തില്‍ ഒരു വര്‍ഷക്കാലം നീണ്ടുനിന്ന അയ്യന്‍കാളി 150-ാം ജയന്തി ആഘോഷങ്ങളുടെ സമാപനമായ യുഗസ്മൃതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമൂഹത്തില്‍ ഉച്ചനീചത്വവും മുന്‍വിധികളും നിലനില്‍ക്കുന്നിടത്തോളം കാലം അയ്യന്‍കാളിയുടെ ആശയങ്ങള്‍ക്കും അദ്ദേഹത്തിന്റെ സന്ദേശങ്ങള്‍ക്കും പ്രസക്തിയുണ്ടായിരിക്കുമെന്നു പ്രണാബ് മുഖര്‍ജി ചൂണ്ടിക്കാട്ടി. ജാതീയതയ് ക്കെതിരേയും അവസരസമത്വത്തിനായുള്ള പോരാട്ടത്തിനുമായി പൂര്‍ണമായി സമര്‍പ്പിച്ച ജീവിതമായിരുന്നു അയ്യന്‍കാളിയുടേത്. വടക്കേ ഇന്ത്യയില്‍ അംബേദ്കറും ജ്യോതി ബാ ഫൂലേയും നടത്തിയ പോരാട്ടങ്ങള്‍ക്കു സമാനമാണിത്.

കേരളത്തിലെ പ്രമുഖ ദളിത് സമുദായങ്ങളിലൊന്നായ പുലയര്‍ക്ക് ഒട്ടേറെ പീഡനങ്ങള്‍ ജാതീയതയുടെ പേരില്‍ നേരിടേണ്ടിവ ന്നിരുന്നു. അവര്‍ക്കു വഴിനടക്കാന്‍ അവകാശമുണ്ടായിരുന്നില്ല, മാറു മറയ്ക്കാന്‍ അവകാശമുണ്ടായിരുന്നില്ല. അന്തമില്ലാത്ത ഇത്തരം ജാതീയ പീഡനങ്ങള്‍ക്കെതിരേ അയ്യന്‍കാളി പോരാടി.

സ്വന്തം ജന്മനാടായ വെങ്ങാനൂരില്‍ ദളിത് കുട്ടികള്‍ക്കു വിദ്യാഭ്യാസം ചെയ്യാനായി തുടങ്ങിയ പാഠശാല സവര്‍ണര്‍ തീയിട്ടു നശിപ്പിച്ചപ്പോള്‍, തങ്ങള്‍ക്കു പ്രവേശനം നിഷേധിച്ചിരുന്ന വെങ്ങാനൂരിലെ പൊതുവഴിയിലൂടെ വില്ലുവണ്ടിയോടിച്ച് ദളിതരുടെ ഉയര്‍ത്തെഴുന്നേല്‍പ്പിന്റെ കാഹളം മുഴക്കുകയാണ് അയ്യന്‍കാളി ചെയ്തത്. റഷ്യന്‍ വിപ്ലവത്തിനു പത്തുവര്‍ഷം മുമ്പ് കേരളത്തില്‍ തൊഴിലാളികളുടെ ആവശ്യത്തിനുവേണ്ടി അയ്യന്‍കാളി ഒരുവര്‍ഷം നീളുന്ന സമരം സംഘടിപ്പിച്ചു. 1905ല്‍ സാധുജന പരിപാലന സംഘം സ്ഥാപിച്ചുകൊണ്ട് കര്‍ഷകത്തൊഴിലാളികള്‍ക്ക് ആഴ്ചയില്‍ ആറു ദിവസത്തെ ജോലിയെന്ന വ്യവസ്ഥ നേടിയെടുത്തു.

സാക്ഷരനല്ലാത്ത ഒരാളാണ് ഇത്തരം സമരങ്ങള്‍ നടത്തിയതെന്നതും അദ്ദേഹത്തിന്റെ പോരാട്ടങ്ങള്‍ക്കു കൂടുതല്‍ മാനം നല്‍കുന്നു. അയ്യന്‍കാളി നടത്തിയ സമരങ്ങളുടെ ഭാഗമായി 1900ല്‍ ദളിതര്‍ക്കു പൊതുസ്ഥലങ്ങളിലൂടെ വഴിനടക്കാന്‍ അവകാശം ലഭിച്ചു. 1914ല്‍ ദളിത് കുട്ടികള്‍ക്കു സ്‌കൂളുകളില്‍ ചെന്നു പഠിക്കാന്‍ അവസരം ലഭിച്ചു. ദളിത് സ്ത്രീകള്‍ക്കു മാറു മറയ്ക്കാന്‍ അവകാശം ലഭിച്ചു. അയ്യന്‍കാളി നടത്തിയ സമരങ്ങള്‍ക്കു സവര്‍ണ സമൂഹത്തില്‍നിന്നുവരെ പിന്തുണ ലഭിക്കുകയുണ്ടായി. കേരളത്തിന്റെ പുരോഗമനമുഖം അയ്യന്‍കാളിയുടെയും നാരായണഗുരുവും ഉള്‍പ്പെടെയുള്ള നവോത്ഥാന നായകരുടെ പോരാട്ടങ്ങളുടെകൂടി ഫലമാണെന്നും രാഷ്ട്രപതി പറഞ്ഞു.

ചടങ്ങില്‍ ഗവര്‍ണര്‍ നിഖില്‍ കുമാര്‍, മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, കേന്ദ്രമന്ത്രിമാരായ പ്രഫ. കെ.വി. തോമസ്, വയലാര്‍ രവി, കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല, ബിജെപി സംസ്ഥാന ജ നറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന്‍, കെപിഎംഎസ് ജ നറല്‍ സെക്രട്ടറി ബൈജു കലാശാല എന്നിവര്‍ സംബന്ധിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം