സുരക്ഷാസംവിധാനങ്ങള്‍ അടുത്തറിയാന്‍ സി.ആര്‍.പി.എഫ്. അസിസ്റ്റന്റ് കമാന്‍ഡന്റ് ട്രെയിനികള്‍ സന്നിധാനത്ത്

December 23, 2013 കേരളം

ശബരിമല: സുരക്ഷയ്ക്കും തീര്‍ഥാടകരുടെ തിരക്കുനിയന്ത്രിക്കുന്നതിനും സുരക്ഷാഉദ്യോഗസ്ഥര്‍ സ്വീകരിക്കുന്ന നടപടികള്‍ അടുത്തറിയാനായി കേന്ദ്ര റിസര്‍വ് പൊലീസ് സേനയിലെ (സി.ആര്‍.പി.എഫ്.) അസിസ്റ്റന്റ് കമാന്‍ഡന്റ് ട്രെയിനികള്‍ സന്നിധാനത്തെത്തി. സി.ആര്‍.പി.എഫ്. ഡെപ്യൂട്ടി കമാന്‍ഡന്റ് യാസിര്‍ അബ്ബാസിയുടെ നേതൃത്വത്തില്‍ ഗുഡ്ഗാവില്‍നിന്നുള്ള അസിസ്റ്റന്റ് കമാന്‍ഡന്റുമാരുടെ 44-ാം ബാച്ചിലെ 40 ട്രെയിനികളാണ് ഭാരത്ദര്‍ശന്‍ എന്ന അടിസ്ഥാന പരിശീലനത്തിന്റെ ഭാഗമായി എത്തിയത്.

സന്നിധാനത്തെ സുരക്ഷാ ചുമതലയുള്ള സ്‌പെഷല്‍ ഓഫീസര്‍ ഡോ. എ. ശ്രീനിവാസുമായി അസിസ്റ്റന്റ് കമാന്‍ഡന്റുമാര്‍ കൂടിക്കാഴ്ച നടത്തി. ശബരിമലയിലെ സുരക്ഷാസംവിധാനങ്ങള്‍, തിരക്കുനിയന്ത്രിക്കാന്‍ എടുക്കുന്ന നടപടികള്‍, തണ്ടര്‍ബോള്‍ട്ട്, സ്റ്റുഡന്റ്‌സ് പൊലീസ് കേഡറ്റ് പദ്ധതി, ജനമൈത്രി പൊലീസ്, മാവോയിസ്റ്റുകള്‍ക്കെതിരേയുള്ള നടപടികള്‍ തുടങ്ങി നിരവധി വിഷയങ്ങളില്‍ ചോദ്യങ്ങളുയര്‍ന്നു. ഇവയെക്കുറിച്ച് എ. ശ്രീനിവാസ് വിശദീകരിച്ചു. പ്രശ്‌നബാധിതമേഖലകളിലടക്കം വിന്യസിക്കപ്പെടുമ്പോള്‍ പ്രദേശത്തെ ജനങ്ങളുടെ സംസ്‌കാരത്തെയും ആചാരങ്ങളെയും ബഹുമാനിച്ച് അവരുടെ വിശ്വാസമാര്‍ജിക്കാന്‍ ശ്രമിക്കണമെന്ന് ശ്രീനിവാസ് പറഞ്ഞു. ആര്‍.എ.എഫ്. ഡെപ്യൂട്ടി കമാന്‍ഡന്റ് പി.എസ്. സുനില്‍, എന്‍.ഡി.ആര്‍.എഫ്. ഡെപ്യൂട്ടി കമാന്‍ഡന്റ് ബി. വിജയന്‍, അസിസ്റ്റന്റ് സ്‌പെഷല്‍ ഓഫീസര്‍ പി. കൃഷ്ണകുമാര്‍ എന്നിവര്‍ കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.

ഒമ്പതുദിവസത്തെ കേരള സന്ദര്‍ശനത്തിനെത്തിയ സംഘം ഗവര്‍ണര്‍, മുഖ്യമന്ത്രി, ഡി.ജി.പി. എന്നിവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. സംഘം ഉച്ചകഴിഞ്ഞ് മടങ്ങി.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം