ഡല്‍ഹിയില്‍ കേജ്രിവാള്‍ മുഖ്യമന്ത്രിയാകും

December 23, 2013 പ്രധാന വാര്‍ത്തകള്‍

arvind-kejriwalന്യൂഡല്‍ഹി: ആംആദ്മി പാര്‍ട്ടി കോണ്‍ഗ്രസിന്റെ പിന്തുണയോടെ ഡല്‍ഹിയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ തയാറാണെന്ന് എഎപി പാര്‍ട്ടി അധ്യക്ഷന്‍ അരവിന്ദ് കേജ്രിവാള്‍ മാധ്യമങ്ങളെ അറിയിച്ചു. രാവിലെ 11-നു കൌശാമ്പിയിലെ പാര്‍ട്ടി ആസ്ഥാനത്ത് പ്രഖ്യാപിച്ചു. ലഫ്. ഗവര്‍ണറെ കണ്ട് സര്‍ക്കാര്‍ രൂപീകരിക്കാന്‍ കേജ്രിവാള്‍ അവകാശവാദം ഉന്നയിച്ചു. രാംലീലാ മൈതാനത്ത് സത്യപ്രതിജ്ഞാ ചടങ്ങ് നടത്താന്‍ ലഫ്. ഗവര്‍ണര്‍ അനുവദിച്ചതായി കേജ്രിവാള്‍ അറിയിച്ചു. വ്യാഴാഴ്ചയാണ് സത്യപ്രതിജ്ഞ. മനീഷ് സിസോധിയ, വനിതാ എംഎല്‍എ രാഖി പിള്ള, ബിനോയ് കുമാര്‍ എന്നിവരാകും കെജ്രിവാളിനൊപ്പം സത്യപ്രതിജ്ഞ ചെയ്യുന്ന മന്ത്രിമാര്‍ എന്നാണ് വിവരം. ജനഹിതമനുസരിച്ചെടുത്ത തീരുമാനപ്രകാരമാണ് സര്‍ക്കാര്‍ രൂപീകരിക്കുന്നതെന്ന് കേജ്രിവാള്‍ അറിയിച്ചു. സര്‍ക്കാര്‍ രൂപീകരണം സംബന്ധിച്ച് ജനങ്ങളുടെ അഭിപ്രായം അറിയാന്‍ 128 ജനയോഗങ്ങള്‍ നടത്തിയിരുന്നു. ഇതില്‍ 110 യോഗങ്ങളിലും ഉയര്‍ന്നുവന്ന അഭിപ്രായം എഎപി ഡല്‍ഹിയില്‍ സര്‍ക്കാര്‍ രൂപീകരിക്കണമെന്നായിരുന്നു. കൂടാതെ ജനങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നതിനായി ലഘുലേഖകളും വിതരണം ചെയ്തിരുന്നു. ഇതിലും അനുകൂലമായ അഭിപ്രായമാണ് ലഭിച്ചത്. ഡിസംബര്‍ നാലിനു നടന്ന തെരഞ്ഞെടുപ്പില്‍ ആര്‍ക്കും കേവല ഭൂരിപക്ഷം ലഭിക്കാത്തതിനാലാണു ഡല്‍ഹിയിലെ സര്‍ക്കാര്‍ രൂപീകരണം അനിശ്ചിതത്വത്തിലായത്. 70 അംഗ നിയമസഭയില്‍ 31 സീറ്റ് ലഭിച്ച ബിജെപിയാണ് ഏറ്റവും വലിയ ഒറ്റക്കക്ഷി. ഭൂരിപക്ഷം ലഭിക്കാത്തതിനാല്‍ സര്‍ക്കാരുണ്ടാക്കാനില്ലെന്ന് അവര്‍ ആദ്യമേ അറിയിച്ചിരുന്നു. പിന്നീട് രണ്ടാമത്തെ വലിയ കക്ഷിയായ ആം ആദ്മി പാര്‍ട്ടിയെ സര്‍ക്കാരുണ്ടാക്കാന്‍ ഗവര്‍ണര്‍ ക്ഷണിച്ചു. എന്നാല്‍, ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ 10 ദിവസത്തെ സമയമാണ് ആം ആദ്മി പാര്‍ട്ടി ആവശ്യപ്പെട്ടിരുന്നത്. 28 സീറ്റുകിട്ടിയ ആം ആദ്മിയെ എട്ടു സീറ്റുള്ള കോണ്‍ഗ്രസ് പിന്തുണയ്ക്കുകയാണെങ്കില്‍ കേവല ഭൂരിപക്ഷത്തിനാവശ്യമായ 36 എന്ന സംഖ്യ തികയ്ക്കാനാകും.

കൂടുതല്‍ വാര്‍ത്തകള്‍ - പ്രധാന വാര്‍ത്തകള്‍