വികസനത്തില്‍ കേരളം ഒന്നാമത്

December 23, 2013 പ്രധാന വാര്‍ത്തകള്‍

തിരുവനന്തപുരം: വിദ്യാഭ്യാസം, സൂക്ഷ്മ സമ്പദ് വ്യവസ്ഥ, കൃഷി, ഉപഭോക്തൃ വിപണി, നിക്ഷേപം എന്നീ മേഖലകളില്‍ നേട്ടങ്ങള്‍ കൈവരിച്ചുകൊണ്ട് കേരളം ഇന്ത്യാ ടുഡേ നടത്തിയ സ്റ്റേറ്റ് ഓഫ് ദ സ്റ്റേറ്റ്‌സ് സര്‍വേയില്‍ ഒന്നാമതായി. കഴിഞ്ഞ വര്‍ഷം രണ്ടാം സ്ഥാനത്തും 2011 ല്‍ ഒന്‍പതാം സ്ഥാനത്തുമായിരുന്നു കേരളം. കഴിഞ്ഞ തവണ ഒന്നാംസ്ഥാനത്തായിരുന്ന ഗുജറാത്ത് ഇത്തവണ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ആന്ധ്ര പ്രദേശ്, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങള്‍ക്കാണ് രണ്ടും മൂന്നും സ്ഥാനങ്ങള്‍. ചെറിയ സംസ്ഥാനങ്ങളുടെ പട്ടികയില്‍ ഗോവയ്ക്കാണ് ഒന്നാം സ്ഥാനം.

ഇന്ത്യാ ടുഡേ ഡിസംബര്‍ 30 ലെ ലക്കത്തിലാണ് സര്‍വേ പ്രസിദ്ധീകരിച്ചിരിക്കുന്നത്. ആഭ്യന്തര ഉത്പാദന വളര്‍ച്ചയില്‍ 10 ശതമാനം വര്‍ദ്ധന സൂചിപ്പിക്കുന്നത് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയിലെ മാന്ദ്യം കേരളത്തെ അശേഷം ബാധിച്ചിട്ടില്ലെന്നാണ്. മൂലധനച്ചെലവില്‍ 30 ശതമാനം വര്‍ദ്ധനയും കേരളം രേഖപ്പെടുത്തി. ദേശീയ ശരാശരി അഞ്ചു ശതമാനം മാത്രം. അധ്യാപക വിദ്യാര്‍ഥി അനുപാതം നൂറ് വിദ്യാര്‍ഥികള്‍ക്ക് രണ്ട് അധ്യാപകര്‍ എന്നിടത്ത് ഇരുപത്തഞ്ചു വിദ്യാര്‍ഥികള്‍ക്ക് ഒരധ്യാപകന്‍ എന്ന നിലയിലായി. ഇരുചക്രവാഹന ഉടമകളുടെ എണ്ണത്തില്‍ 35 ശതമാനം വര്‍ദ്ധനയുണ്ടായതാണ് (ദേശീയ തലത്തില്‍ 15 ശതമാനം) എടുത്തുപറയത്തക്ക മാറ്റങ്ങളില്‍ ഒന്ന്. ആളോഹരി വരുമാനത്തിലും സംസ്ഥാനം തന്നെ മുന്നിലെന്നതിന് തെളിവാണിതെന്ന് ഇന്ത്യാ ടുഡേ വിലയിരുത്തുന്നു. ഏതാനും മാസങ്ങള്‍ക്കു മുന്‍പ് കേരളത്തെയും ഗുജറാത്തിനെയും ചൊല്ലി ധനകാര്യ വിദഗ്ധര്‍ക്കിടയില്‍ ഉണ്ടായ തര്‍ക്കങ്ങള്‍ പരാമര്‍ശിച്ചുകൊണ്ടാണ് കേരളത്തെ വിലയിരുത്തുന്ന ലേഖനം ആരംഭിക്കുന്നത്. സാമ്പത്തിക വളര്‍ച്ചയിലും മാനവ വികസനത്തിലും കേരളത്തിന്റെ മേല്‍ക്കോയ്മ അടിവരയിട്ടുറപ്പിക്കുന്നതാണ് സര്‍വേ ഫലമെന്ന് ലേഖനം ചൂണ്ടിക്കാട്ടുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - പ്രധാന വാര്‍ത്തകള്‍