വ്യാഴാഴ്ച ഗുരുവായൂരില്‍ കളഭാഭിഷേകം

December 24, 2013 ക്ഷേത്രവിശേഷങ്ങള്‍

ഗുരുവായൂര്‍:  വ്യാഴാഴ്ച ഗുരുവായൂരപ്പന് കളഭാഭിഷേകം നടക്കും. കോഴിക്കോട് സാമൂതിരി രാജാവിന്റെ വക വഴിപാടായാണ് കളഭാഭിഷേകം നടക്കുന്നത്.  ഇതിനായി 35,000 രൂപ സാമൂതിരി ദേവസ്വത്തില്‍ അടച്ചു.വൃശ്ചികം ഒന്നിനാരംഭിച്ച മണ്ഡലകാലം നാല്പത്തിയൊന്നാം ദിവസമായ വ്യാഴാഴ്ച സമാപിക്കും.

കശ്മീര്‍ കുങ്കുമം, മൈസൂര്‍ ചന്ദനം, പച്ചക്കര്‍പ്പൂരം എന്നിവ സാധാരണ ഉപയോഗിക്കുന്നതിന്റെ ഇരട്ടി അനുപാതത്തിലെടുത്ത് പനിനീരില്‍ അരച്ചുചേര്‍ത്താണ് കളഭക്കൂട്ട് തയ്യാറാക്കുക. കളഭം ഭക്തര്‍ക്ക് വിതരണം ചെയ്യും. കളഭാട്ടദിവസം ക്ഷേത്രത്തില്‍ചുറ്റുവിളക്കും ഉണ്ടാവും. കളഭാട്ടസമയം പഞ്ചമദ്ദളകേളി, ഉച്ചശ്ശീവേലിക്ക് അന്നമനട പരമേശ്വരമാരാരുടെ പ്രമാണത്തില്‍ പഞ്ചവാദ്യം, സന്ധ്യയ്ക്ക് തായമ്പക, രാത്രി വിളക്കെഴുന്നള്ളിപ്പിന് പഞ്ചാരിമേളം എന്നിവയുണ്ടാകും.

ഉച്ചപ്പൂജയ്ക്കുമുമ്പ് തന്ത്രി നമ്പൂതിരിപ്പാടാണ് അഭിഷേകച്ചടങ്ങ് നിര്‍വഹിക്കുക. മണ്ഡലം 40 ദിവസം പഞ്ചഗവ്യാഭിഷേകവും അവസാന ദിവസം കളഭാഭിഷേകവും ഗുരുവായൂരില്‍ വിശേഷപ്പെട്ടതാണ്.

കൂടുതല്‍ വാര്‍ത്തകള്‍ - ക്ഷേത്രവിശേഷങ്ങള്‍