81-ാമത് ശിവഗിരി തീര്‍ഥാടനം: ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നു

December 24, 2013 കേരളം

വര്‍ക്കല: 81-ാമത് ശിവഗിരി തീര്‍ഥാടനത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നു.  20000 ചതുരശ്രയടി വിസ്തൃതിയിലുള്ള വിശാലമായ ഏഴുതട്ട്  തീര്‍ഥാടന പന്തലിന്റെ പണി പൂര്‍ത്തിയായി. നാലു നില അലങ്കരിച്ച പന്തലാണ് ഇത്തവണത്തേത്. രണ്ടുമാസം കൊണ്ടാണ് പന്തല്‍പണി പൂര്‍ത്തിയായത്. 30ന് രാവിലെ 7. 30ന് ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി പ്രകാശാനന്ദ ധര്‍മ്മപതാക ഉയര്‍ത്തുന്നതോടെ തീര്‍ഥാടനത്തിന് തുടക്കമാകും.

തീര്‍ഥാടനത്തോടനുബന്ധിച്ചുള്ള കാര്‍ഷിക-വ്യവസായ-ശാസ്ത്ര പ്രദര്‍ശനം തുടങ്ങി. സ്റ്റാളുകള്‍ക്കും മറ്റാവശ്യങ്ങള്‍ക്കുമുള്ള പന്തലുകളുടെയും പണി പൂര്‍ത്തിയായി. തീര്‍ഥാടന വിപണി ലക്ഷ്യമിട്ട് കച്ചവടക്കാരും എത്തി. മഠ് ജങ്ഷനിലെ  കമാനത്തിന്‍റെ പണി പൂര്‍ത്തീകരിച്ചു. കമാനം മുതല്‍ ശിവഗിരി വരെയുള്ള പൂപ്പന്തലിന്റെ നിര്‍മ്മാണം അവസാനഘട്ടത്തിലാണ്.

തീര്‍ത്ഥാടനത്തിന് മുന്നോടിയായുള്ള ശ്രീനാരായണദിവ്യസത്സംഗം 25ന് തുടങ്ങും. 26ന് കലാപരിപാടികളും ആരംഭിക്കും. 30ന് രാവിലെ 9.30ന് മഹാരാഷ്ട്ര ഗവര്‍ണര്‍ കെ. ശങ്കരനാരായണന്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ആധ്യക്ഷ്യം വഹിക്കും. കേന്ദ്രമന്ത്രി കൊടിക്കുന്നില്‍ സുരേഷ്, മന്ത്രി കെ. ബാബു, പി. ടി. തോമസ് എം. പി,   പി. വി. ചന്ദ്രന്‍, ഗോകുലം ഗോപാലന്‍, തോട്ടം രാജശേഖരന്‍ തുടങ്ങിയവര്‍ സംസാരിക്കും.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം