ബജറ്റില്‍ ജനക്ഷേമകരമായ പദ്ധതികള്‍ക്ക് മുന്‍ഗണന നല്‍കും- ധനമന്ത്രി കെ.എം.മാണി

December 24, 2013 പ്രധാന വാര്‍ത്തകള്‍

തിരുവനന്തപുരം: ബജറ്റില്‍ ജനക്ഷേമകരമായ പദ്ധതികള്‍ക്ക് മുന്‍ഗണന നല്‍കുമെന്ന് ധനമന്ത്രി കെ.എം.മാണി. ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ആഭിമുഖ്യത്തില്‍ തൈക്കാട് പിഡബ്യുഡി റസ്റ്റ് ഹൗസില്‍ സംഘടിപ്പിച്ച കേരളാ ബജറ്റ് 2014-15 ന്റെ പ്രീ-ബജറ്റ് ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജനങ്ങള്‍ക്ക് നല്ല ഭരണനിര്‍വഹണം കൈവരുത്തുന്ന കാര്യത്തിലും സുസ്ഥിരവും സമഗ്രവുമായ സേവനം ലഭ്യമാക്കുന്ന കാര്യത്തിലുമുള്ള നടപടികള്‍ വരുന്ന ബജറ്റില്‍ കൈക്കൊള്ളും. പ്രീ-ബജറ്റ് ചര്‍ച്ചയില്‍ ഉയര്‍ന്നു വന്നിട്ടുള്ള അഭിപ്രായങ്ങള്‍ വിശകലനം ചെയ്ത് സ്വീകരിക്കേണ്ടവയെല്ലാം ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള ബജറ്റാവും അവതരിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. നടപടികള്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന് പൊതുജനങ്ങളില്‍ നിന്നുള്ള അഭിപ്രായങ്ങളും സ്വീകരിക്കും. ജനങ്ങള്‍ക്ക് തങ്ങളുടെ അഭിപ്രായങ്ങള്‍ എഴുതി അയയ്ക്കുന്നതിനും സൗകര്യമേര്‍പ്പെടുത്തിയിട്ടുണ്ട്. ഇത്തരത്തില്‍ ലഭ്യമാകുന്നതുള്‍പ്പെടെയുള്ള അഭിപ്രായങ്ങളും നിര്‍ദേശങ്ങളും ബന്ധപ്പെട്ടവര്‍ക്ക് നല്‍കും. അവര്‍ അതു പരിശോധിച്ച് സെക്രട്ടറിമാര്‍ വഴി ധനമന്ത്രിക്ക് ലഭ്യമാക്കുമെന്നും ധനമന്ത്രി കെ.എം.മാണി പറഞ്ഞു.

ടാക്‌സ് സെക്രട്ടറി അജിത്കുമാര്‍, ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ജോസ് ജേക്കബ്ബ് , ടാക്‌സ് കമ്മീഷണര്‍ മുതലായവര്‍ പ്രസംഗിച്ചു. 35-ഓളം വിവിധ സംഘടനകളും സ്ഥാപനങ്ങളുമുള്‍പ്പെടെയുള്ളവയുടെ പ്രതിനിധികള്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

കൂടുതല്‍ വാര്‍ത്തകള്‍ - പ്രധാന വാര്‍ത്തകള്‍