മാര്‍ക്കു തട്ടിപ്പു കേസ്‌; കത്തില്‍ രാജയുടെ പേര്‌ സൂചിപ്പിച്ചിരുന്നു: ജസ്റ്റിസ്‌ രഘുപതി

December 18, 2010 ദേശീയം,മറ്റുവാര്‍ത്തകള്‍

ചെന്നൈ: മാര്‍ക്കു തട്ടിപ്പുക്കേസില്‍ മുന്‍ ടെലികോം മന്ത്രി എ.രാജ സ്വീധീനിക്കാന്‍ ശ്രമിച്ചുവെന്ന്‌ കാണിച്ച്‌ താന്‍ മദ്രാസ്‌ ഹൈക്കോടതി ചീഫ്‌ ജസ്റ്റിസിനയച്ച കത്തില്‍ രാജയുടെ പേര്‌ സൂചിപ്പിച്ചിരുന്നുവെന്ന്‌ മദ്രാസ്‌ ഹൈക്കോടതി മുന്‍ ജഡ്‌ജി ജസ്റ്റിസ്‌ രഘുപതി. ഈ വിഷയത്തില്‍ താന്‍ മുന്‍പ്‌ സ്വീകരിച്ച നിലപാടില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും രഘുപതി പറഞ്ഞു. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവിലും മന്ത്രിയുടെ പേര്‌ വ്യക്തമായി പരാമര്‍ശിച്ചിരുന്നു.ജുഡീഷ്യറിയുടെ ധാര്‍മികമൂല്യത്തില്‍ ഞാന്‍ എപ്പോഴും ഉറച്ചു നിന്നിട്ടുണ്ട്‌. വിവാദമുയര്‍ന്നശേഷം താന്‍ ആരെയും ഭയപ്പെട്ടിരുന്നില്ലെന്നും രഘുപതി പറഞ്ഞു.
മാര്‍ക്കു തട്ടിപ്പുക്കേസില്‍ മുന്‍ കേന്ദ്രമന്ത്രി എ.രാജ സ്വീധീനിക്കാന്‍ ശ്രമിച്ചുവെന്ന്‌ കാണിച്ച്‌ ജസ്റ്റിസ്‌ രഘുപതി തനിക്ക്‌ നല്‍കിയ പരാതി സുപ്രീം കോടതി ചീഫ്‌ ജസ്റ്റീസ്‌ ആയിരുന്ന കെ.ജി ബാലകൃഷ്‌ണന്‌ അയച്ചുകൊടുത്തിരുന്നുവെന്ന്‌ മദ്രാസ്‌ ഹൈക്കോടതി മുന്‍ ചീഫ്‌ ജസ്റ്റീസും ഇപ്പോള്‍ സുപ്രീംകോടതി ജഡ്‌ജിയുമായ എച്ച്‌.എല്‍.ഗോഖലെയും കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു.
എന്നാല്‍ തനിക്ക്‌ ലഭിച്ചത്‌ ഹൈക്കോടതി ചീഫ്‌ ജസ്റ്റീസായിരുന്ന ഗോഖലെയുടെ കത്തായിരുന്നുവെന്നും അതില്‍ രാജയെക്കുറിച്ച്‌ പരാമര്‍ശമില്ലായിരുന്നുവെന്നും കെ.ജി.ബാലകൃഷ്‌ണന്‍ വ്യക്തമാക്കിയിരുന്നു. മാധ്യമങ്ങളില്‍ വന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഹൈക്കോടതി ചീഫ്‌ ജസ്റ്റിസ്‌ ആയിരുന്ന എച്ച്‌.എല്‍.ഗോഖലെയോട്‌ റിപ്പോര്‍ട്ട്‌ തേടുകമാത്രമെ താന്‍ ചെയ്‌തുള്ളൂവെന്നും കെ.ജി.ബാലകൃഷ്‌ണന്‍ നേരത്തെ പറഞ്ഞിരുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം