മഹാരസവും ഋഭുമോക്ഷവും (ഗര്‍ഗ്ഗഭാഗവതസുധ-ഭാഗം II)

December 27, 2013 സനാതനം

ചെങ്കല്‍ സുധാകരന്‍

garga-radha-krishna-slider-pbഭഗവത് കഥകള്‍കേട്ട് ബഹുലാശ്വമഹാരാജാവും സന്തുഷ്ടനായി. കൃഷ്ണലീലകളാലാകൃഷ്ടനായ രാജാവിന് ഭഗവത് കഥകള്‍ വീണ്ടും വീണ്ടും കേള്‍ക്കാന്‍ താല്പര്യമായി. അദ്ദേഹം ആനന്ദഭരിതനായി, അഞ്ജലീബദ്ധനായി, നാരദ മഹര്‍ഷിയോടു ചോദിച്ചു: ‘മഹര്‍ഷേ, മഥുരയില്‍ നിന്ന് വൃന്ദാവനത്തിലെത്തിയ ശ്രീകൃഷ്ണഭഗവാന്‍ എന്തൊക്കെയാണ് ചെയ്തത്? അദ്ദേഹം രാധാദേവിക്കും ഗോപികമാര്‍ക്കും ദര്‍ശനം നല്‍കിയതെങ്ങനെ? ഗോപികമാരുടെ ആഗ്രഹം സഫലീകരിച്ച ഭഗവാന്‍, പിന്നീട്, മഥുരയിലേക്കു മടങ്ങിയോ? എല്ലാം പറഞ്ഞു തന്നാലും’.

നാരദന്‍ ദന്തോത്തംസമായ ബഹുലാശ്വമഹാരാജാവിന്റെ ചോദ്യങ്ങള്‍ ഇഷ്ടമായി. അദ്ദേഹം ആ ഭക്തന്റെ ജ്ഞാനദാഹം ശമിപ്പിക്കുമാറ് കൃഷ്ണലീലകള്‍ പറഞ്ഞു കേള്‍പ്പിച്ചു. ‘മഹാരാജാവ് കേട്ടാലും, അച്ഛനമ്മമാരെ ക്കണ്ട് ആദരപൂര്‍വ്വം പ്രവര്‍ത്തിച്ച കൃഷ്ണനില്‍ നന്ദഗോപ-യശോദമാരും അവരില്‍ ഭഗവാനും അത്യന്തം പ്രീതരായി. സന്ധ്യയായപ്പോള്‍ ഭഗവാന്‍, രാധയുടെ ക്ഷണം സ്വീകരിച്ച് സുഖശീതളമായ കദളീവനത്തിലെത്തി. രംഭാകദംബങ്ങളാലും ചന്ദന തരുക്കളാലും നിബിഡമായിരുന്നു ആ സ്ഥലം. എന്നിട്ടും കൊടും ചൂടേറ്റപോലെ അവയെല്ലാം വാടിപ്പോയി. ശ്രീരാധാദേവിയുടെ വിരഹാഗ്നിയാണേ്രത ഈ വരള്‍ച്ചയ്ക്ക് കാരണമായി ഭവിച്ചത്! രാധയെ വീഴാതെ കാത്തത് അവള്‍ക്ക് കൃഷ്ണനെ പ്രതി ഉണ്ടായ പ്രേമം ഒന്നുമാത്രമാണ്.

ശ്രീകൃഷ്ണാഗമനമറിഞ്ഞ ഗോപീയൂഥങ്ങളെല്ലാം അവിടെ പാഞ്ഞെത്തി. രാധയും നൂറുയൂഥം ഗോപികമാരും! രാധാദേവി കൃഷ്ണനെ സ്വീകരിച്ചു. അര്‍ഘ്യപാദ്യാസനാദികള്‍ നല്‍കി കുശലാന്വേഷണം നടത്തി.

‘യുവകന്ദര്‍പ്പകോടീനാം
മാധുര്യാഹാരിണം ഹരിം
ദൃഷ്ട്വാ രാധാ ജഹൗ ദുഃഖം
ബ്രഹ്മാ ജ്ഞാത്വാ ഗുണം യഥാ’

(കോടി കന്ദര്‍പ്പ സമാനസുന്ദരനായ കൃഷ്ണനെകണ്ട് രാധയുടെ ദുഃഖമെല്ലാമകുന്നു. ബ്രഹ്മജ്ഞാനമുണ്ടാകുമ്പോള്‍ ഗുണത്രയങ്ങളകലുന്നപോലെ) അവള്‍ കൂടുതല്‍ സന്തോഷവതിയായി. കൃഷ്ണവിരഹഘട്ടത്തില്‍ താനുപേക്ഷിച്ചിരുന്ന ആടയാഭരണാദികള്‍ യഥോചിതമണിഞ്ഞു. ആനന്ദബാഷ്പമണിഞ്ഞ് ഗദ്ഗദകണ്ഠനായ രാധ ശ്രീഭഗവാനോടു പറഞ്ഞു: ‘യദുപുരി എത്ര അകലെയാണ്! അങ്ങേയ്ക്ക് ഇവിടെ ഒന്നു വരാനുമാകുന്നില്ലല്ലോ? എന്റെ ദുഃഖത്തെപ്പറ്റി ഞാനെന്തു പറയാനാണ്? അങ്ങ് എല്ലാറ്റിനും സാക്ഷിയല്ലേ? ഞാനനുഭവിക്കുന്ന ദുഃഖം മറ്റാരുമനുഭവിച്ചിട്ടുണ്ടാവില്ല. ഒരുപക്ഷേ, ദമയന്തിയോ മദയന്തിയോ സീതാദേവിയോ ഈ ദുഃഖമറിഞ്ഞിട്ടുണ്ടാവും. (പുരാണ പ്രസിദ്ധനായ കാല്മഷ പാദ മഹര്‍ഷിയുടെ ഭാര്യയാണ് മദയന്തി.) ഇതാ, ഈ ഗോപികമരെല്ലാം എന്നെപ്പോലെ ദുഃഖിതകളാണ്. ശരച്ചന്ദ്രനെ ചകോരികളെന്നപോലെ, പുതുമേഘത്തെ മയിലുകളെന്നപോലെ, ഞങ്ങള്‍ അങ്ങയെ കാത്തിരിക്കുന്നു. അങ്ങയുടെ ദൂതനായ ഉദ്ധവനാണ് ഞങ്ങള്‍ക്ക് സഹായിയായത്. അദ്ദേഹം അറിയിച്ചതിനാലായിരിക്കുമല്ലോ ഭവാനിങ്ങോട്ടുവന്നത്?

ഇപ്രകാരം പലതും പറഞ്ഞും കരഞ്ഞും വിഷമിച്ച രാധയെ ഭഗവാന്‍ സാന്ത്വനിപ്പിച്ചു. നയചതുരനായ കൃഷ്ണന്‍ രാധയുടെ കൈപിടിച്ചാശ്വസിപ്പിച്ചുകൊണ്ട് പറഞ്ഞു.

‘മാ ശോകം കുരു രാധേ ത്വം
ത്വല്‍ പ്രീത്യാഹം സമാഗതഃ
ആവയോര്‍ ഭേദരഹിതം
രോജശ്ചൈകം ദ്വിധാ ജനൈഃ’

(രാധേ, നീ വെറുതേ ദുഃഖിക്കരുത്. നിന്നോടുള്ള സ്‌നേഹം കൊണ്ടു തന്നെയാണ് ഞാനിവിടേയ്ക്കു വന്നത്. നാം തമ്മില്‍ യാതൊരു ഭേദവുമില്ലെന്നോര്‍ക്കുക. ഒരേ തേജസ്സ് രണ്ടായി രൂപം ധരിച്ചവരാണ് നമ്മള്‍) പാലും വണ്ണയുമെന്നപോലെ. എവിടെ ഞാനുണ്ടോ അവിടെ ഭവതിയുമുണ്ട്. ഭൂമി, അന്തര്‍ഭാഗത്തും ബഹിര്‍ഭാഗത്തും ഉള്ളതുപോലെ രാധേ, നീയും ഞാനും എല്ലായിടത്തും സ്ഥിതിചെയ്യുന്നു. നമുക്ക് വേര്‍പാടില്ല. ‘ഞാന്‍’, ‘എന്റെ” എന്നീ ഭാവങ്ങളാണ് ദൈ്വതീഭാവത്തിന് കാരണമാകുന്നത്.

‘പ്രിയേ, ഗുണബദ്ധമായ മനസ്സിന് ബന്ധനം ഭവിക്കുന്നു. മറിച്ചായാല്‍ പരമാത്മലയം – മുക്തി – ലഭിക്കുന്നു. ‘മനോ ദ്വയോഃ കാരണമാഹുരാരാത’ (മനസ്സാണ് ദൈ്വതീ ഭാവത്തിന് കാരണമാകുന്നത്.) അതുകൊണ്ട് ഗുണസക്തമായ രതി വെടിഞ്ഞ് അസംഗമായ മനസ്സോടെ ജീവിക്കണം). അനാസക്തരായി എന്നെ പ്രേമിക്കുന്നവര്‍ക്ക് ഗുണബദ്ധനം ഭവിക്കുകയില്ല. പ്രേമത്തിന് തുല്യമായൊന്നുമില്ല.

രാധ ഇതുകേട്ടു സന്തോഷിച്ചു. രാധാകൃഷ്ണ സംഗമം ഒരുത്സവമായി മാറി. ഭഗവാന്‍ ഓടക്കുഴല്‍ വിളിച്ചു. കാര്‍ത്തിക രാവില്‍ കൃഷ്ണന്‍ രാധാ സമേതം രാസമണ്ഡലത്തില്‍ വിരാജിച്ചു. മറ്റു ഗോപികമാരും ഒത്തുചേര്‍ന്നു. പീതാംബരവും വനമാലയും കുണ്ഡലവും കിരീടവും ധരിച്ച് ഒരു മഹാനടനെപ്പോലെ ശ്രീകൃഷ്ണ ഭഗവാന്‍ രാസമാടി. വനവിഹാരിയായ ഗോപീസഹിത കൃഷ്ണന്‍ യമുനാപുളിനവും വൃന്ദാവനവും ഉപവനങ്ങളും കടന്ന് ഗോവര്‍ദ്ധനഗിരിയിലെത്തി. തങ്ങളോടൊപ്പം ലീലാവിലാസിയായി രാജിക്കുന്ന കൃഷ്ണനില്‍ ഗോപീജനത്തിന് രാഗം വര്‍ദ്ധിച്ചു. സ്വകീയമേന്മകളാണ് അതിനു കാരണമെന്ന് അവര്‍ കരുതി. അഭിമാനം മൂത്ത ഗോപികമാരെ ദുഃഖത്തിലാഴ്ത്തിക്കൊണ്ട്, ഭഗവാന്‍, രാധയുമൊത്ത് അപ്രത്യക്ഷനായി.

രാധാകൃഷ്ണന്മാര്‍ ഗോവര്‍ദ്ധനത്തില്‍ നിന്നു മൂന്നു യോജന അകലെയുള്ള ചന്ദനവൃക്ഷനിബഡമായ രോഹിതാചലത്തിലെത്തി. അവിടെ അത്യന്തസുന്ദരമായ ആ സരോവര സൈകതത്തില്‍ രാധാസമേതനായ കൃഷ്ണന്‍ സാനന്ദം വിഹരിച്ചു. അവിടെ ഋഭു മഹര്‍ഷി കൃഷ്ണ സാക്ഷാത്ക്കാരത്തിനായി, ഒറ്റക്കാലില്‍ തപസ്സു ചെയ്യുന്നുണ്ടായിരുന്നു. അനേകവര്‍ഷങ്ങളായി ജലപാനം പൊലുമില്ലാതെ തപസ്സുചെയ്യുകയായിരുന്നു അദ്ദേഹം. അദ്ദേഹത്തകണ്ട് രാധ ഭഗവാനോടു പറഞ്ഞു. ‘പ്രഭോ, ഇതങ്ങയുടെ ഭക്തനാണല്ലോ? ഈ മഹര്‍ഷീശ്വരന്റെ ഭക്തി കണ്ടാലും. അദ്ദേഹത്തില്‍ അങ്ങയുടെ മാഹാത്മ്യം പ്രവര്‍ത്തിപ്പിച്ചാലും.’ ശ്രീഹരി മഹര്‍ഷിയുടെ സമീപമെത്തി. എന്നിട്ട് ‘ഋഭോ’ എന്ന് സസ്‌നേഹം വിളിച്ചു. പക്ഷേ, ആവിളി മഹര്‍ഷി കേട്ടില്ല. അദ്ദേഹം നിശ്ചലം നിന്നതേ ഉള്ളൂ. ഭഗവാന് കാരണമെന്തെന്ന് മനസ്സിലായി. അതുകൊണ്ട്, ഭഗവാന്‍, തന്റെ രൂപത്തെ, ഋഭുവിന്റെ മനസ്സില്‍ നിന്നും മറച്ചു. ധ്യാനത്തില്‍ താന്‍ കണ്ടു കൊണ്ടിരുന്ന ദേവരൂപം മറഞ്ഞപ്പോള്‍ ഋഭു ഞെട്ടിയുണര്‍ന്നു. കണ്‍ തുറന്നു നോക്കിയപ്പോള്‍ മുന്നില്‍, രാധാസമേതനായി നില്‍ക്കുന്ന ഭഗവാനെകണ്ട് മഹര്‍ഷി ആനന്ദാതിരേകത്താല്‍ മതിമറന്നു. മുനി ഭഗവാനെ പ്രദിക്ഷണം വച്ച് നമസ്‌ക്കരിച്ച് സഗദ്ഗദം പറഞ്ഞു. ‘പരിപൂര്‍ണ്ണരാമനം രാധാസഹിതനുമായ ഭഗവാന്‍ അങ്ങേയ്ക്കു നമസ്‌ക്കാരം! ഭൂഭാരം തീര്‍ത്ത് ഭക്തരക്ഷണം ചെയ്യാനവതരിച്ച അങ്ങ് അടിയനെ അനുഗ്രഹിക്കാനായി ഇവിടെ എത്തിയല്ലോ? ഭഗവാന് വന്ദനം!’  (തുടരും)

കൂടുതല്‍ വാര്‍ത്തകള്‍ - സനാതനം