അഴിമതിക്കെതിരായ നടപടികള്‍ ജനവിശ്വാസം വര്‍ദ്ധിപ്പിക്കും: മുഖ്യമന്ത്രി

December 27, 2013 കേരളം

തിരുവനന്തപുരം: അഴിമതിക്കെതിരായ പ്രവര്‍ത്തനങ്ങളും ഔദ്യോഗികനടപടികളും സര്‍ക്കാരിനോടുളള പൊതുജനങ്ങളുടെ വിശ്വാസം വര്‍ദ്ധിപ്പിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോയുടെ സുവര്‍ണ്ണജൂബിലി ആഘോഷങ്ങളുടെയും ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ബോധവത്ക്കരണപരിപാടിയുടേയും ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

ഇന്ന് രാജ്യംമുഴുവന്‍ ചര്‍ച്ചചെയ്യുന്ന വിഷയമായി മാറിയിരിക്കുകയാണ് അഴിമതി. അഴിമതിയും സ്വജനപക്ഷപാതവുംമൂലം രാജ്യത്തിന് വിലമതിക്കാനാവത്ത നഷ്ടമാണ് ഉണ്ടാകുന്നത്. അതിലേറ്റവും പ്രധാനം ജനങ്ങള്‍ക്ക് സര്‍ക്കാരിലുളള വിശ്വാസം കുറയുമെന്നതാണ്. ജനങ്ങള്‍ക്ക് കിട്ടേണ്ട സേവനങ്ങള്‍ സമയബന്ധിതമായും സുതാര്യമായും ലഭ്യമാക്കുമ്പോഴാണ് ഒരു സര്‍ക്കാരിന് ജനങ്ങളില്‍ വിശ്വാസം നിലനിര്‍ത്താനാവുക. പൊതുരംഗത്തെ അഴിമതി അവസാനിപ്പിക്കാനുളള ലോകായുക്താനിയമം കൊണ്ടുവന്ന അവസരത്തില്‍ അതിനായി ഏറ്റവും കൂടുതല്‍ പരിശ്രമിച്ച സംസ്ഥാനമാണ് കേരളം. ഈ നിയമത്തില്‍ പോരായ്മകളുണ്ടെങ്കില്‍ അത് പരിഹരിക്കും. കേന്ദ്രത്തില്‍ ലോക്പാല്‍ യാഥാര്‍ത്ഥ്യമാകുമ്പോള്‍ അതിന്റെ ചുവടുപിടിച്ച് ലോകായുക്താനിയമം ശക്തിപ്പെടുത്തുന്നതിന് കേരളം സത്വരനടപടികള്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

ജനങ്ങളാഗ്രഹിക്കുന്ന വിധത്തില്‍ തെളിമയാര്‍ന്ന ഭരണം നിലനിര്‍ത്തുന്നതിന് വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോയുടെ സേവനം അനിവാര്യമാണെന്ന് ചടങ്ങിന് അധ്യക്ഷതവഹിച്ച ആഭ്യന്തര-വിജിലന്‍സ് വകുപ്പ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. കേസുകളുടെ ആധിക്യവും പരിഹരിക്കുന്നതിലെ കാലതാമസവും ജീവനക്കാരുടെ എണ്ണക്കുറവും വകുപ്പിന്റെ കാര്യക്ഷമതയെ ബാധിക്കാറുണ്ട്. അപര്യാപ്തതകള്‍ പരിഹരിക്കുന്നതിനും മികവുറ്റപ്രവര്‍ത്തനങ്ങള്‍ കാഴ്ചവയ്ക്കുന്നതിനും ആവശ്യമായ വിപുലീകരണപ്രവര്‍ത്തനങ്ങള്‍ വകുപ്പില്‍ നടപ്പാക്കുമെന്ന് അദ്ദേഹം അറിയിച്ചു.

കനകക്കുന്ന്‌കൊട്ടാരത്തില്‍ നടന്ന ചടങ്ങില്‍ വിജിലന്‍സ് ഡയറക്ടര്‍ മഹേഷ്‌കുമാര്‍ സിംഗള ആമുഖപ്രഭാഷണവും ചീഫ് സെക്രട്ടറി ഇ.കെ. ഭരത് ഭൂഷണ്‍ മുഖ്യപ്രഭാഷണവും നടത്തി. അന്വേഷണഉദ്യോഗസ്ഥന്‍മാര്‍ക്ക് പ്രയോജനകരമായ വിധത്തില്‍ എ.ഡി.പി. ജി. ശശീന്ദ്രന്‍ തയ്യാറാക്കിയ ആന്റി-കറപ്ഷന്‍ ലെക്‌സ് ഫോറി എന്ന പുസ്തകം ആഭ്യന്തരവകുപ്പ് മന്ത്രി മുഖ്യമന്ത്രിക്ക് നല്‍കി ചടങ്ങില്‍ പ്രകാശനം ചെയ്തു. ആഭ്യന്തരസെക്രട്ടറി എല്‍. രാധാകൃഷ്ണന്‍, സംസ്ഥാനപോലീസ് മേധാവി കെ.എസ്. ബാലസുബ്രഹ്മണ്യം എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. എ.ഡി.ജി.പി. ശ്രീലേഖ സ്വാഗതവും ഡി.ഐ.ജി. എച്ച്. വെങ്കടേഷ് കൃതജ്ഞതയും അര്‍പ്പിച്ചു. ആഘോഷപരിപാടികളുടെ ഭാഗമായി രാവിലെ പാളയം രക്തസാക്ഷി മണ്ഡപത്തില്‍ നിന്നും വിജിലന്‍സ് ആസ്ഥാനത്തേയ്ക്ക് ബോധവത്ക്കരണറാലിയും സംഘടിപ്പിച്ചിരുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം