ലക്ഷ്മണോപദേശം – ലോകം ശോകഹതം

December 29, 2013 സനാതനം

SLIDER-rama1ഡോ.പൂജപ്പുര കൃഷ്ണന്‍നായര്‍ (സത്യാനന്ദസുധാ വ്യാഖ്യാനം)
എന്തേ ഇങ്ങനെ വരാന്‍? ഭൗതികവസ്തുക്കളിലാണു ആനന്ദമിരിക്കുന്നതെങ്കില്‍ എന്തുകൊണ്ടു അവ മനുഷ്യനു ശാശ്വതമായ ശുഖ പകരുന്നില്ല? മനസ്സിരുത്തി ആലോചിക്കേണ്ട വിഷയമാണിത്. സൂക്ഷ്മചിന്തയില്‍ ഇതിനു പല കാരണങ്ങളുണ്ടെന്നു ബോധ്യമാകും ആഗ്രഹിക്കുന്നതു പലപ്പോഴും നേടാനാവുന്നില്ല. ഇഷ്ടവസ്തു ലഭിക്കുന്നതുവരെ സമാധാനവുമില്ല. ആഗ്രഹിച്ചതെല്ലാം നേടിയ മനുഷ്യനെ ഈ ലോകത്തു കണികാണാന്‍ പോലും കിട്ടില്ല. രാജാക്കന്മാര്‍, എന്തിനു ചക്രവര്‍ത്തിമാര്‍ പോലും ഇതിനു അപവാദമല്ല. ലോകം മുഴുവന്‍ കീഴടക്കാന്‍ വാളുമായി പുറപ്പെട്ട അലക്‌സാണ്ടര്‍ക്ക് അന്നറിയുമായിരുന്ന ഭൂമിയുടെ പകുതിപോലും കാണാനായില്ല. പിന്നല്ലേ കീഴടക്കല്‍. യുദ്ധത്തില്‍ വീരഗതി പ്രാപിക്കാനാഗ്രഹിച്ച അദ്ദേഹത്തിന് കൊതുകിന്റെ കടിമൂലം കട്ടിലില്‍ക്കിടന്നു മരിക്കേണ്ടിവന്നു. ‘മഹാന്‍’ എന്നു പാശ്ചാത്യചരിത്രകാരന്മാര്‍ കൊട്ടിഘോഷിക്കുന്ന അലക്‌സാണ്ടറുടെ ഗതിയാണെങ്കില്‍ മറ്റുള്ളവരുടെ കഥ എന്തായിരിക്കും?

ആഗ്രഹിച്ചവയില്‍ ചിലതു നേടാനായാലും മനുഷ്യനു പൂര്‍ണ്ണമായ സന്തോഷമുണ്ടാകുന്നില്ല. എന്തെന്നാല്‍ ആഗ്രഹം അനന്തമാണ്. ഒന്നൊന്നായി തൃപ്തിപ്പെടുത്തുന്നതിനനുസരിച്ച് അതു വളര്‍ന്നു കൊണ്ടേയിരിക്കും.

പത്തു ലഭിച്ചാലോ നൂറിനു ദാഹം
നൂറിനെയായിരമാക്കാന്‍ മോഹം
ആയിരമോ പതിനായിരമാക്കണം
ആശയ്ക്കുലകിതിലളവുണ്ടാമോ?

എന്ന കവിവാക്യം അക്ഷരംപ്രതി സത്യമാണ്. കിട്ടാത്ത വസ്തുക്കളെക്കുറിച്ചുള്ള വേവലാതി മനസ്സിനെ നിരന്തരം അലട്ടും. കിട്ടിയവയും അങ്ങനെതന്നെ. അധികാരത്തിലിരിക്കുന്ന ഭരണാധിപന് പോലീസും പട്ടാളവും കരിംപൂച്ചകളുമില്ലാതെ സ്വസ്ഥമായുറങ്ങാന്‍ സാധിക്കുന്നില്ല. അധികാരക്കസേര ഏതു നിമിഷവും കാലുവാരലും അമര്‍ച്ച ചെയ്യാനുള്ള തത്രപ്പാടില്‍ അധികാരത്തിന്റെ രുചി ആസ്വദിക്കാന്‍ കഴിയാതെ പോകുന്നു. പണമായാലും പണ്ടമായാലും മറ്റു വസ്തുവകകളായാലും കയ്യിലിരിക്കുമ്പോള്‍ നല്‍കുന്നത് ആനന്ദത്തെക്കാളേറെ ദുഃഖമാണ്. ഇഷ്ടപ്പെട്ട വ്യക്തികള്‍ക്കും പദാര്‍ത്ഥങ്ങള്‍ക്കും സ്വാഭാവികമായി വിനാശമുണ്ടാകുമെന്നതുകൊണ്ടും കള്ളന്‍മാരില്‍നിന്നും കൊള്ളക്കാരില്‍നിന്നും ധനംസംരക്ഷിക്കുക പ്രയാസമാകകൊണ്ടും, സാമൂഹികവും ഭരണപരവുമായ ക്രമങ്ങളും വ്യവസ്ഥകളും മാറിമാറി വരുന്നതുകൊണ്ടും കയ്യിരിക്കുന്ന അമിതധനം ജീവനുതന്നെ ഭീഷണിയായി മാറുമെന്നതുകൊണ്ടും അവ ഉടമസ്ഥനെ നിരന്തരം പീഡിപ്പിക്കുന്നു. പണവും പണ്ടവുമിരിക്കുന്ന വീടു പൂട്ടിയിട്ട് കുറച്ചു നാളത്തേക്കെങ്കിലും മാറിപ്പാര്‍ക്കേണ്ടിവരുന്ന ഗൃഹസ്ഥന്റെയും ഏറെ ധനവുമായി ദൂരയാത്ര ചെയ്യേണ്ടിവരുന്ന വ്യക്തിയുടെയും മാനസികാവസ്ഥ ഉദാഹരണം. പണം ഏറെയുണ്ടെന്നൊരു തെറ്റിദ്ധാരണപോലും അന്യര്‍ക്കുണ്ടാകുന്നത് ആപല്ക്കരമാണ്. ഇങ്ങനെ നോക്കുമ്പോള്‍ ആഗ്രഹിച്ചതു ലഭിച്ചാലും ആനന്ദമില്ല. അതു നഷ്ടപ്പെട്ടാലത്തെക്കഥ പിന്നെ പറയാനുമില്ല.

പ്രാപഞ്ചികവസ്തുക്കളും സ്ഥാനമാനങ്ങളും ആനന്ദം നല്‍കുമെന്നധാരണ അബദ്ധമാണ്. സൂക്ഷ്മമായാലോചിക്കുമ്പോള്‍ അവയില്‍ സുഖമില്ലെന്നു കാണാം. ‘ലോകം ശോകഹതം ച സമസ്തം’ എന്നു ശ്രീശങ്കരഭഗവത്പാദര്‍ പാടിയതു അതുകൊണ്ടാകുന്നു. ഭൗതികജഗത്തില്‍നിന്നും നാം ആഗ്രഹിക്കുന്ന ആനന്ദം ലഭിക്കുന്നില്ലെങ്കില്‍ അതിനെ എവിടെ അന്വേഷിക്കണം? അതു ലഭിക്കാനുള്ള ഉപായമെന്ത്? ഈ ചോദ്യങ്ങള്‍ക്കുള്ള മറുപടിയാണ് വേദാന്തം നല്‍കുന്നത്. അതാണ് വേദാന്തത്തിന്റെ മഹത്വവും.

കൂടുതല്‍ വാര്‍ത്തകള്‍ - സനാതനം