നാരായണീയ മഹോത്സവത്തിന് ഇന്ന് തിരി തെളിയും

December 29, 2013 ക്ഷേത്രവിശേഷങ്ങള്‍

തിരുവനന്തപുരം: അഖില ഭാരത നാരായണീയ മഹോത്സവ സമിതിയുടെ ആഭിമുഖ്യത്തില്‍ ആറ്റുകാല്‍ ഭഗവതി ക്ഷേത്രസന്നിധിയില്‍ നാരായണീയ മഹോത്സവത്തിന് ഇന്ന് തിരി തെളിയുന്നു. വിവിധ സംഘടനകളും, ആശ്രമങ്ങളും, ക്ഷേത്രങ്ങളും സഹകരിച്ച്  നടത്തുന്ന പരിപാടിയുടെ ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി.  അയ്യായിരം പേര്‍ക്കിരിക്കാവുന്ന പന്തല്‍ തയ്യാറായി. ദിവസവും അന്നദാനം ഉണ്ടായിരിക്കും. കെ.എസ്.ആര്‍.ടി.സി. പ്രത്യേക ബസ് സര്‍വ്വീസ് നടത്തുന്നതാണ്. വൈകുന്നേരം നാലുമണിക്ക്  സംബോധ് ഫൗണ്ടേഷന്റെ ആഗോള സാരഥി സ്വാമി ബോധാനന്ദ സരസ്വതി ഉദ്ഘാടനം ചെയ്യും. ആറ്റുകാല്‍ ക്ഷേത്ര സെക്രട്ടറി എം.എസ്. ജ്യോതിഷ്‌കുമാര്‍ അദ്ധ്യക്ഷനായിരിക്കും. പൈതൃകരത്‌നം ഡോ.കെ. ഉണ്ണികൃഷ്ണന്‍ നമ്പൂതിരി ആമുഖപ്രസംഗവും കെ.ഹരിദാസ്ജി അനുഗ്രഹ പ്രഭാഷണവും നടത്തും. രഞ്ജിത് കാര്‍ത്തികേയന്‍, കെ.പി. രാമചന്ദ്രന്‍നായര്‍, ഡോ. ബാലശങ്കര്‍ മന്നത്ത് എന്നിവര്‍ സംസാരിക്കും. ആറ്റുകാല്‍ ക്ഷേത്ര ട്രസ്റ്റ് പ്രസിഡന്റ് എം. രാധാകൃഷ്ണന്‍ നായര്‍, കെ. ഹരിദാസ്ജിയെ മുഖ്യ യജ്ഞാചാര്യനായി വരിക്കുകയും ഗ്രന്ഥം കൈമാറുകയും ചെയ്യും. ബ്രഹ്മശ്രീ കണ്ടമംഗലം പരമേശ്വരന്‍ നമ്പൂതിരി മാഹാത്മ്യ പ്രഭാഷണം നടത്തും. ആറ്റുകാല്‍ ക്ഷേത്രസന്നിധിയില്‍ നിര്‍മ്മിച്ച താല്ക്കാലിക ഗുരുവായുരപ്പ ക്ഷേത്രത്തില്‍ ആറ്റുകാല്‍ മേല്‍ശാന്തി എന്‍. നീലകണ്ഠന്‍ നമ്പൂതിരി രാവിലെ 11 മണിക്ക് പ്രതിഷ്ഠ നടത്തി ഉത്സവത്തിന് കൊടിയേറ്റും.

വൈകിട്ട് 7 മണിക്ക് ശ്രീശ്രീരവിശങ്കര്‍ ആര്‍ട്ട് ഓഫ് ലീവിംഗ് അവതരിപ്പിക്കുന്ന സാംസ്‌ക്കാരിക പരിപാടി ഐ.എസ്.ആര്‍.ഒ. ശാസ്ത്രജ്ഞന്‍ രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. സംഗീതസംവിധായകന്‍ ജയന്‍ പിഷാരടിയുടെ നേതൃത്വത്തില്‍ ഭജന്‍സന്ധ്യ ഉണ്ടായിരിക്കും.

കൂടുതല്‍ വാര്‍ത്തകള്‍ - ക്ഷേത്രവിശേഷങ്ങള്‍