റഷ്യയില്‍ റെയില്‍വെ സ്റ്റേഷനില്‍ ചാവേറാക്രമണം: 13 പേര്‍ മരിച്ചു

December 30, 2013 രാഷ്ട്രാന്തരീയം

മോസ്‌കോ: 2014ലെ റഷ്യന്‍ ഒളിമ്പിക്‌സിന് ആറാഴ്ച മാത്രം ശേഷിക്കെ റഷ്യയില്‍ റെയില്‍വെ സ്റ്റേഷനിലുണ്ടായ ഭീകരാക്രമണത്തില്‍ ആക്രമണത്തില്‍ 13 പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. തെക്കന്‍ റഷ്യയിലെ വോള്‍ഗോഗ്രാഡ് നഗരത്തിലെ റെയില്‍വെ സ്റ്റേഷനിലാണ് ചാവേര്‍ പൊട്ടിത്തെറിച്ചത്.

പ്രാദേശിക സമയം ഉച്ചയ്ക്ക് 12.45ഓടെയായിരുന്നു ചാവേറാക്രമണമുണ്ടായത്. സംഭവത്തിന് പിന്നില്‍ വനിതാ ചാവേറാണെന്ന് റഷ്യന്‍ ഭീകര വിരുദ്ധ സമിതി സംശയം പ്രകടിപ്പിച്ചു. എന്നാല്‍ ആക്രമത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടല്ല. കഴിഞ്ഞ വെള്ളിയാഴ്ച മറ്റൊരു നഗരമായ പ്യാറ്റിഗോര്‍സ്‌കിലുണ്ടായ കാര്‍ ബോംബ് സ്‌ഫോടനത്തില്‍ മൂന്നു പേര്‍ കൊല്ലപ്പെട്ടിരുന്നു. ഒക്ടോബറില്‍ ബസ്സില്‍ വനിതാ ചാവേര്‍ നടത്തിയ ആക്രമണത്തില്‍ ആറു പേര്‍ കൊല്ലപ്പെട്ടിരുന്നു. ഒളിമ്പിക്‌സ് ലക്ഷ്യമിട്ട് കൂടുതല്‍ ആക്രമണങ്ങള്‍ നടത്താന്‍ ചെചന്‍ ഭീകരര്‍ ആഹ്വാനം ചെയ്തിരുന്നു.

കസാഖിസ്ഥാനിനോട് ചേര്‍ന്ന മുസ്ലിം ഭൂരിപക്ഷ പ്രദേശമായ നോര്‍ത്ത് കോകേസസിലെ ഇസ്ലാമിക തീവ്രവാദികള്‍ അടുത്തിടെ റഷ്യയിലെ പ്രധാന നഗരങ്ങളിലടക്കം നിരവധി ആക്രമണങ്ങള്‍ നടത്തിയിരുന്നു. 2014ലെ സോചി ഒളിമ്പിക്‌സിന് ആറാഴ്ച മാത്രം ശേഷിക്കെ വേദിക്ക് 700 കിലോമീറ്റര്‍ അകലെയുണ്ടായ സ്‌ഫോടനം റഷ്യയ്ക്ക് പുതിയ തലവേദനയാകുകയാണ്.

കൂടുതല്‍ വാര്‍ത്തകള്‍ - രാഷ്ട്രാന്തരീയം