ഹനുമാന്‍ സ്വാമിയുടെ ചിത്രം ആലേഖനം ചെയ്ത 397 വര്‍ഷം പഴക്കമുള്ള അപൂര്‍വ നാണയം കണ്ടെത്തി

December 30, 2013 കേരളം

coin1എരുമേലി: ശബരിമല എരുമേലി വലിയമ്പല കുളിക്കടവില്‍ നിന്നു 397 വര്‍ഷം പഴക്കമുള്ള പുരാതന നാണയം ലഭിച്ചു. എരുമേലി ചുണ്ടില്ലാമറ്റം സത്യരാജിനാണ് തീര്‍ഥാടകര്‍ കുളിക്കാനിറങ്ങുന്ന കടവില്‍ നിന്നും അപൂര്‍വ നാണയം ലഭിച്ചത്. 1616 വര്‍ഷമെന്നാണ് നാണയത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. നാണയത്തിന്റെ ഒരു വശത്ത് ഈസ്റ് ഇന്ത്യാ കമ്പനിയെന്നും യുകെഎല്‍ എന്നും ഒരു അണ എന്നും രേഖപ്പെടുത്തിയിട്ടുണ്ട്. മറുവശത്ത് ഗദയുമായി നില്‍ക്കുന്ന ഹനുമാന്‍ സ്വാമിയുടെ ചിത്രമാണ്. 1616ല്‍ ബ്രിട്ടീഷ് ഈസ്റ് ഇന്ത്യാ കമ്പനി പുറത്തിറക്കിയ നാണയമാണിതെന്ന് ഗൂഗിളിന്റെ സേര്‍ച്ച് പേജില്‍ വ്യക്തമാക്കുന്നു.

എന്നാല്‍ ഗൂഗിളില്‍ കാണപ്പെടുന്ന 1616ലെ ഒരു അണ നാണയത്തിന്റെ മറുവശത്ത് ഹനുമാന്റെ ചിത്രം ആലേഖനം ചെയ്തിട്ടില്ല. 1818ല്‍ ബ്രിട്ടീഷ് ഈസ്റ് ഇന്ത്യാ കമ്പനി പുറത്തിറക്കിയ അര അണ നാണയത്തിന്റെ മറുവശത്ത് ഹനുമാന്‍ സ്വാമിയുടെ ചിത്രമുള്ളതായി ഗൂഗിളില്‍ അറിയാന്‍ സാധിക്കും. ഇന്ത്യയില്‍ കച്ചവടം നടത്തി നാട്ടുകാരുടെ വിശ്വാസം ആര്‍ജിക്കുന്നതിന്റെ തന്ത്രപരമായ നീക്കത്തിന്റെ ഭാഗമായാണ് ഹൈന്ദവദേവന്‍മാരുടെ ചിത്രങ്ങളുള്ള നാണയങ്ങള്‍ അക്കാലത്ത് ബ്രിട്ടീഷ് ഈസ്റ് ഇന്ത്യാ കമ്പനി പുറത്തിറക്കിയത്. നാണയം സര്‍ക്കാരിനു കൈമാറാനാണ് ഉദ്ദേശിക്കുന്നതെന്നു സത്യരാജ് അറിയിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം