എറണാകുളം നോര്‍ത്ത് മേല്‍പ്പാലം നാടിനു സമര്‍പ്പിച്ചു

December 30, 2013 കേരളം

കൊച്ചി: എറണാകുളം നോര്‍ത്ത് മേല്‍പ്പാലം സമയബന്ധിതമായി പുനര്‍നിര്‍മിക്കാനായത് കൂട്ടായ്മയുടെ വിജയമാണെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. എറണാകുളം ടൌണ്‍ഹാളില്‍ ഉദ്ഘാടനം പാലത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. 2011 ജൂലൈയില്‍ നോര്‍ത്ത് മേല്‍പ്പാലത്തിന്റെ പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കു തുടക്കം കുറിക്കുമ്പോള്‍ നഗരത്തിലെ ഗതാഗതം സ്തഭിക്കുമോ സമയബന്ധിതമായി പുര്‍ത്തിയാവുമോ എന്നിങ്ങനെയുള്ള ആശങ്കകളായിരുന്നു. എന്നാല്‍, ഒരു ദിവസം പോലും റോഡ്, റയില്‍ ഗതാഗതം തടസപ്പെടുത്താതെ പുനര്‍നിര്‍മാണം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞതു വലിയ നേട്ടമാണെന്നും അദ്ദേഹം പറഞ്ഞു. ഒന്നിച്ചുനിന്നു പ്രവര്‍ത്തിച്ചാല്‍ ഒരു കാര്യത്തിലും നോ എന്നു പറയേണ്ടിവരില്ലെന്നും മന്ത്രിസഭയും ജനപ്രതിനിധികളുമെല്ലാം ഒറ്റക്കെട്ടാണെന്നും കേരളത്തിന്റെ വികസനകാര്യങ്ങളില്‍ നോ എന്നു പറയാതിരിക്കാനാണു സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. നോ പറയാതെ പോസിറ്റീവായി തീരുമാനമെടുക്കുന്നതിനുള്ള സാധ്യതകളാണ് താന്‍ ആരായാറുള്ളതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

സ്ഥലം ഏറ്റെടുക്കലാണു വികസനപദ്ധതികള്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. എന്നാല്‍, മെട്രോയ്ക്കു ജനങ്ങള്‍ നല്‍കുന്ന സഹകരണം മൂലം സ്ഥലം ഏറ്റെടുക്കല്‍ വളരെ വേഗത്തില്‍തന്നെ പൂര്‍ത്തിയാക്കാന്‍ സാധിച്ചു. 1995 ദിവസങ്ങള്‍ കൊണ്ടുതന്നെ മെട്രോ പ്രോജക്ട് പൂര്‍ത്തിയാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കണ്ണൂര്‍ വിമാനത്താവളത്തിന്റെ പ്രാരംഭ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അനൌദ്യോഗികമായി തുടങ്ങിക്കഴിഞ്ഞു. പ്രതിരോധമന്ത്രി എ.കെ. ആന്റണിയുടെ സൌകര്യം പരിഗണിച്ചതിനു ശേഷം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യുമെന്നും കേന്ദ്രാനുമതി ലഭിച്ചാല്‍ വിഴിഞ്ഞം തുറമുഖത്തിന്റെ നിര്‍മാണം തുടങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി.

നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തു സമയബന്ധിതമായി പൂര്‍ത്തിയാക്കുന്ന ഡിഎംആര്‍സിയുടെ ശൈലി കേരളത്തില്‍ പുതിയ തൊഴില്‍ സംസ്ക്കാരം രൂപപ്പെടുത്താന്‍ സഹായിക്കുമെന്നു ചടങ്ങില്‍ അധ്യക്ഷത വഹിച്ച പൊതുമരാമത്ത് വകുപ്പുമന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞ് പറഞ്ഞു. പ്രതിബന്ധങ്ങള്‍ ഏറെ ഉണ്ടായിട്ടും അതിനെയെല്ലാം അതിജീവിച്ചു സമയബന്ധിതമായാണു നോര്‍ത്ത് മേല്‍പ്പാലത്തിന്റെ പണി പൂര്‍ത്തിയാക്കിയതെന്നു ഡിഎംആര്‍സി മുഖ്യഉപദേശകന്‍ ഇ. ശ്രീധരന്‍ സ്വാഗതപ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി.

ചടങ്ങില്‍ കേന്ദ്രമന്ത്രി പ്രഫ.കെ.വി. തോമസ്, മന്ത്രിമാരായ കെ. ബാബു, ആര്യാടന്‍ മുഹമ്മദ്, ചാള്‍സ് ഡയസ് എംപി, എംഎല്‍എമാരായ ഹൈബി ഈഡന്‍, ഡൊമിനിക് പ്രസന്റേഷന്‍, കെഎംആര്‍എല്‍ എം.ഡി. ഏലിയാസ് ജോര്‍ജ്, ഡിഎംആര്‍സി എം.ഡി. മംഗു സിംഗ്, ജിഡിഡിഎ ചെയര്‍മാന്‍ എന്‍. വേണുഗോപാല്‍, മേയര്‍ ടോണി ചമ്മണി തുടങ്ങിയവര്‍ പങ്കെടുത്തു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം