മകരവിളക്കു മഹോത്സവം: ശബരിമലയില്‍ നട ഇന്നു തുറക്കും

December 30, 2013 ക്ഷേത്രവിശേഷങ്ങള്‍

ശബരിമല: മകരവിളക്കു മഹോത്സവത്തിനായി ശബരിമല അയ്യപ്പക്ഷേത്ര നട ഇന്നു വൈകുന്നേരം 5.30നു തുറക്കും. മണ്ഡലപൂജ കഴിഞ്ഞു മൂന്നുദിവസത്തെ ഇടവേളയ്ക്കുശേഷം നട തുറക്കുന്നതും കാത്ത് നിരവധി അയ്യപ്പഭക്തന്മാര്‍ പമ്പയില്‍ എത്തിയിട്ടുണ്ട്. ഇന്ന് ഉച്ചകഴിയുന്നതോടെ ഇവര്‍ മല കയറിത്തുടങ്ങും. ഇന്നു മേല്‍ശാന്തി നാരായണന്‍ നമ്പൂതിരി നട തുറന്നു ശ്രീകോവിലില്‍ ദീപം തെളിക്കുന്നതോടെയാണു മകരവിളക്ക് തീര്‍ഥാടനത്തിനു തുടക്കമാകുന്നത്.

നാളെ രാവിലെ മുതല്‍ നെയ്യഭിഷേകത്തിനു തുടക്കമാകും. ഭക്തിപ്രധാനമായ നിരവധി ചടങ്ങുകള്‍ക്കുശേഷം ജനുവരി 14നാണു മകരവിളക്ക്. അമ്പലപ്പുഴ, ആലങ്ങാട് സംഘങ്ങളുടെ എരുമേലി പേട്ടതുള്ളല്‍ ജനുവരി 11നു നടക്കും. മകരസംക്രമസന്ധ്യയില്‍ അയ്യപ്പവിഗ്രഹത്തില്‍ ചാര്‍ത്താനുള്ള തിരുവാഭരണവും വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര പന്തളം കൊട്ടാരത്തില്‍ നിന്ന് 12നു പുറപ്പെടും. 13നു പമ്പവിളക്കും പമ്പസദ്യയും നടക്കും. ജനുവരി 14നു വൈകുന്നേരം ദീപാരാധനയ്ക്കൊപ്പമാണ് പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിയുന്നത്. മാളികപ്പുറത്തെ എഴുന്നള്ളത്തും കളമെഴുത്തും 14ന് ആരംഭിക്കും.

ജനുവരി 19വരെ തീര്‍ഥാടകര്‍ക്ക് ദര്‍ശനം അനുവദിക്കും. 19നു രാത്രി മാളികപ്പുറത്ത് ഗുരുതി നടക്കും. 20നു രാവിലെ പന്തളം രാജപ്രതിനിധിയുടെ ദര്‍ശനത്തിനുശേഷം നട അടയ്ക്കും.  എരുമേലിയില്‍ നിന്ന് കാല്‍നടയായി കാനനപാതയിലൂടെ കൂടുതല്‍ തീര്‍ഥാടകരെത്തുന്നതും മകരവിളക്കു കാലത്താണ്.

കൂടുതല്‍ വാര്‍ത്തകള്‍ - ക്ഷേത്രവിശേഷങ്ങള്‍