രമേശ് ചെന്നിത്തല മന്ത്രിസഭയിലേക്ക്; സത്യപ്രതിജ്ഞ ജനുവരി ഒന്നിന്

December 30, 2013 പ്രധാന വാര്‍ത്തകള്‍

ramesh-chennithala-2തിരുവനന്തപുരം: കെപിസിസി പ്രസിഡണ്ട് രമേശ് ചെന്നിത്തല മന്ത്രിസഭയിലേക്ക്. രമേശ് ആഭ്യന്തരവകുപ്പ് ഏറ്റെടുക്കും. സത്യപ്രതിജ്ഞ ജനുവരി ഒന്നിന് ഉണ്ടാകുമെന്നാണ് സൂചന. കോണ്‍ഗ്രസ് ഹൈക്കമാന്റ് നിര്‍ദ്ദേശമനുസരിച്ചാണ് രമേശിന്‍റെ മന്ത്രിസ്ഥാനം പരിഗണനയിലെത്തിയത്. എ.കെ ആന്റണിയാണ് ഹൈക്കമാന്റ് നിര്‍ദ്ദേശം സംസ്ഥാന നേതാക്കളെ അറിയിച്ചത്.

പാര്‍ലമെന്ററി തെരഞ്ഞെടുപ്പിന് മുമ്പ് രമേശിനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തണമെന്നാണ് ഹൈക്കമാന്റ് നിര്‍ദേശം. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ മന്ത്രിസഭയില്‍ നിന്നും വിട്ടുനില്‍ക്കും. രമേശിന് പകരം കെപിസിസി പ്രസിഡണ്ടായി സ്പീക്കര്‍ ജി കാര്‍ത്തികേയനെയാണ് പരിഗണിക്കുന്നത്. സ്പീക്കര്‍ സ്ഥാനത്തേക്ക് തിരുവഞ്ചൂരും പരിഗണനയിലുണ്ട്. നിയമസഭാ സമ്മേളനത്തിന് ശേഷം മന്ത്രിസഭയില്‍ വിപുലമായ മാറ്റങ്ങള്‍ ഉണ്ടാകും.

ഇതേസമയം രമേശിനെ മന്ത്രിയാക്കണമെന്ന ഹൈക്കമാന്റ് നിര്‍ദേശം സ്വാഗതം ചെയ്യുന്നുവെന്ന് കെ മുരളീധരന്‍ പ്രതികരിച്ചു. പാര്‍ട്ടിയും സര്‍ക്കാരും തമ്മില്‍ ഐക്യമില്ലെങ്കില്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ തിരിച്ചടിയുണ്ടാകുമെന്ന് കോണ്‍ഗ്രസ്സ് സംസ്ഥാന നേതൃത്വത്തിന് ആന്റണി മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെയാണ് ചെന്നിത്തലയെ മന്ത്രി സഭാ പ്രവേശന ചര്‍ച്ച സജീമായിരിക്കുന്നത്. ഐക്യമാണ് സര്‍വ്വവും എന്ന് പാര്‍ട്ടി നേതൃത്വം മനസിലാക്കണമെന്ന് ആന്റണി പറഞ്ഞു.

കേരളത്തിലെ സംഘടനാ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുമായും രമേശ് ചെന്നിത്തലയുമായും നേരത്തെ ഹൈക്കമാന്റ് ചര്‍ച്ച നടത്തിയിരുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - പ്രധാന വാര്‍ത്തകള്‍