രമേശ് ചെന്നിത്തല സത്യപ്രതിജ്ഞ ചെയ്തു

January 1, 2014 പ്രധാന വാര്‍ത്തകള്‍

ramesh_chennithalaതിരുവനന്തപുരം: കെപിസിസി അധ്യക്ഷന്‍ രമേശ് ചെന്നിത്തല മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ നിഖില്‍ കുമാര്‍ അദ്ദേഹത്തിന് സത്യവാചകം ചൊല്ലികൊടുത്തു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും യുഡിഎഫ് നേതാക്കളും പ്രതിപക്ഷ നേതാക്കളും ചടങ്ങില്‍ പങ്കെടുത്തു.

കോണ്‍ഗ്രസ് പ്രവര്‍ത്തകരും വന്‍തോതില്‍ ചടങ്ങിനെത്തി. പ്രവര്‍ത്തകരുടെ കരഘോഷത്തോടെയാണ് രമേശ് രാജ്ഭവനിലെത്തിയത്. ചടങ്ങിനെത്തിയ എല്ലാവര്‍ക്കും ഗവര്‍ണര്‍ പുതുവത്സരാശംസകളും നേര്‍ന്നു. രാവിലെ ആറിന് പഴവങ്ങാടി ഗണപതിക്ഷേത്രത്തിലും ശ്രീപത്മനാഭ സ്വാമിക്ഷേത്രത്തിലും ദര്‍ശനം നടത്തിയ ശേഷം രമേശ് ചെന്നിത്തല പാല്‍ക്കുളങ്ങരയിലെ സഹോദരിയുടെ വീട്ടിലെത്തി അമ്മയെ കണ്ട് അനുഗ്രഹം വാങ്ങി. രാവിലെ 8.30-ഓടെ വീട്ടിലെത്തിയ അദ്ദേഹം കുടുംബാംഗങ്ങളോടൊപ്പമിരുന്ന് പ്രഭാത ഭക്ഷണം കഴിച്ചു. മന്ത്രി വിഎസ്.ശിവകുമാറും നിരവധി കോണ്‍ഗ്രസ് പ്രവര്‍ത്തകരും രാവിലെ തന്നെ അദ്ദേഹത്തിന്റെ വസതിയിലെത്തിയിരുന്നു. 9.15-ഓടെ കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവനിലെത്തി കോണ്‍ഗ്രസ് നേതാക്കളുമായി ആശയവിനിമയം നടത്തിയ ശേഷം 10.45-ഓടെ രാജ്ഭവനിലേക്ക് തിരിച്ചു. സത്യപതിജ്ഞാ ചടങ്ങ് കാണാന്‍ സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ നിന്നുള്ള പാര്‍ട്ടി നേതാക്കളും പ്രവര്‍ത്തകരും നേരത്തെ തന്നെ എത്തിച്ചേര്‍ന്നിരുന്നു. അദ്ദേഹത്തിന്റെ മണ്ഡലമായ ഹരിപ്പാട്ട് നിന്നുള്ള പ്രവര്‍ത്തകരും രാവിലെയോടെ തന്നെ തലസ്ഥാനത്തെത്തിയിരുന്നു. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആവേശത്തോടെ രമേശ് ചെന്നിത്തലക്കും കോണ്‍ഗ്രസ് ദേശീയ നേതാക്കള്‍ക്കും അഭിവാദ്യമര്‍പ്പിച്ച് മുദ്രാവാക്യം വിളിച്ചു. സത്യപ്രതിജ്ഞാ ചടങ്ങിന് ശേഷം ആദ്യ മന്ത്രിസഭായോഗത്തില്‍ പങ്കെടുക്കാനായി രമേശ് ചെന്നിത്തല സെക്രട്ടറിയേറ്റിലേക്ക് തിരിച്ചു. രമേശ് ചെന്നിത്തലയ്ക്ക് ആഭ്യന്തരം, വിജിലന്‍സ് എന്നീ വകുപ്പുളാണ് ലഭിക്കുകയെന്നാണു സൂചന. അഭ്യന്തര വകുപ്പ് ഒഴിഞ്ഞ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് വനം, ഗതാഗതം, സ്പോര്‍ട്സ്, സിനിമ എന്നീ വകുപ്പുകളാണ് നല്‍കിയേക്കും.

കൂടുതല്‍ വാര്‍ത്തകള്‍ - പ്രധാന വാര്‍ത്തകള്‍