നവഭാരതത്തിനു നാന്ദിയാകട്ടെ പുതുവര്‍ഷം

January 1, 2014 എഡിറ്റോറിയല്‍,പ്രധാന വാര്‍ത്തകള്‍

voting-pb  ഇരുപത്തൊന്നാം നൂറ്റാണ്ട് ഭാരതത്തിന്റേതായിരിക്കുമെന്ന് ദീര്‍ഘദര്‍ശനം ചെയ്തത് മഹര്‍ഷി അരവിന്ദനാണ്. ലോകത്തിന്റെ വെളിച്ചമാണ് ഭാരതമെന്നും ആ ജ്യോതിസ്സ് കെട്ടുപോയാല്‍ ലോകം ഇരുട്ടിലാകുമെന്നും അദ്ദേഹം മുന്നറിയിപ്പു നല്‍കി. സ്വാതന്ത്ര്യസമരത്തിന്റെ കനല്‍വീഥികളില്‍ നിന്ന് ഉള്‍വലിയുകയും ലോകത്തിനായി തന്റെ ആന്തരജ്യോതിസ്സ് പ്രകാശിപ്പിക്കുകയും ചെയ്ത മഹര്‍ഷി അരവിന്ദന്റെ വാക്കുകള്‍ സത്യമായി ഭവിക്കുമെന്നുറപ്പാണ്.

സ്വാതന്ത്ര്യാനന്തരം ഭാരതം സാമ്പത്തികമായും സാമൂഹികമായും വളരെയേറെ മുന്നോട്ടുപോയി. വിദ്യാഭ്യാസ രംഗത്തും ശാസ്ത്രസാങ്കേതിക മേഖലകളിലും വളരെയേറെ മുന്നേറി. സ്വാതന്ത്ര്യം ലഭിച്ച് ആറരപതിറ്റാണ്ട് പിന്നിടുമ്പോഴും ഭാരതത്തിന്റെ മണ്ണില്‍ ജനാധിപത്യപ്രക്രിയ അഭംഗുരം നിലനില്‍ക്കുകയാണ്. ആര്‍ഷ സംസ്‌കൃതിയുടെ ധര്‍മ്മബോധമാണ് ഭാരതത്തെ എക്കാലവും മുന്നോട്ടു നയിക്കുന്നത്. ഭാരത്തോടൊപ്പമോ അതിനുശേഷമോ സ്വാതന്ത്ര്യം നേടിയ പലരാജ്യങ്ങളും പട്ടാളഭരത്തിലേക്കും അരാജകത്വത്തിലേക്കുമൊക്കെ വീണുപോയിട്ടും ആര്‍ഷഭാരതമെന്ന ഈ ഭൂമിയില്‍ ജനാധിപത്യം നിലനില്‍ക്കുന്നുവെങ്കില്‍ അത് ആയിരക്കണക്കിന് വര്‍ഷങ്ങളിലൂടെ ഈ മണ്ണില്‍ കടന്നുപോയ തലമുറകള്‍ കൈമാറിയ ധര്‍മ്മനിരതമായ മൂല്യബോധം കൊണ്ടാണ്.

ഭൗതികതയുടെ അതിപ്രസരം സൃഷ്ടിച്ച മൂല്യത്തകര്‍ച്ച പാശ്ചാത്യലോകത്തെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. അതേസമയം ദാരിദ്ര്യത്തിനു നടുവിലും ജീവിതത്തെ മനോഹരമായി കാണാനും മൂല്യങ്ങളെ ആദരിക്കാനും ഇല്ലായ്മയിലും ജീവിതത്തെ പ്രതീക്ഷാനിര്‍ഭരമായി മുന്നോട്ടുകൊണ്ടുപോകാനും കഴിയുന്ന ഭാരതീയന്റെ ജീവിതം പാശ്ചാത്യന് എന്നും അത്ഭുതമാണ്. പക്ഷേ പാശ്ചാത്യസംസ്‌കാരം ഭാരതത്തിന്റെ മണ്ണില്‍ വേരുപിടിച്ചപ്പോള്‍ മൂല്യത്തകര്‍ച്ചയുടെ അതിഭീകരത ഇവിടെയും വ്യാപിച്ചു. പണമാണ് എല്ലാത്തിനും മീതെ എന്ന ചിന്ത ഭാരതത്തിലെ ന്യൂനപക്ഷത്തെയും എങ്ങിനെയൊക്കെയോ സ്വാധീനിച്ചു. പണം നേടാന്‍ ഏതുവഴിയും നിഷിധമല്ലെന്ന അധാര്‍മ്മിക ബോധം ഒരു ന്യൂനപക്ഷത്തെയെങ്കിലും കീഴടക്കിയപ്പോള്‍ അഴിമതിയും അധികാരമോഹവും ഈ മണ്ണിലും വേരുകളാഴ്ത്താന്‍ തുടങ്ങി.

ഈ ഇരുണ്ടസാഹചര്യത്തിലാണ് ഒരുവെളിച്ചം പോലെ അഴിമതിക്കെതിരെ അണ്ണാഹസാരെ എന്ന മനുഷ്യന്‍ ഭാരതത്തെ പിടിച്ചുലച്ചത്. അവിടെ നിന്നായിരുന്നു ആം ആദ്മി പാര്‍ട്ടിയുടെ ജനനം. ഏതാനും മാസത്തെ പ്രവര്‍ത്തനം കൊണ്ട് ഡല്‍ഹിയിലെ അധികാരക്കസേരയില്‍ അരവിന്ദ് കെജ്‌രിവാളെന്ന മനുഷ്യനെ എത്തിച്ചത് ഭാരതത്തിന്റെ മനസില്‍ എക്കാലവും നിലനിന്ന മൂല്യബോധംകൊണ്ടാണ്. ജനങ്ങള്‍ മാറി ചിന്തിക്കാന്‍ തുടങ്ങിയിരിക്കുന്നു. ജനാധിപത്യത്തില്‍ ജനങ്ങളുടെ ശക്തിയാണ് വലുത്. ഇത് ഒരു ഇടാക്കാലത്തെങ്കിലും ജനങ്ങള്‍ മറന്നപ്പോഴാണ് അധികാരക്കസേര കയ്യാളിയവര്‍ അഴിമതിക്കാരും അഴിമതിയുടെ സ്തുതി പാഠകരുമായത്.

അടുത്ത അഞ്ചുവര്‍ഷം ആരുഭരിക്കണമെന്ന വിധിയെഴുത്ത് ഏതാനും മാസങ്ങള്‍ക്കുള്ളില്‍ നടക്കാന്‍ പോവുകയാണ്. ആം ആദ്മി പാര്‍ട്ടി ഭാരതത്തിന്റെ ചക്രവാളങ്ങളില്‍ സൃഷ്ടിച്ച പുതുയുഗത്തിന്റെ ഇടിമുഴക്കം ഈ വിധിയെഴുത്തില്‍ പ്രതിഫലിക്കുമെന്നുറപ്പാണ്. പ്രധാനമായും അഴിമതിക്കെതിരെയുള്ള ഒരു വിധിയെഴുത്താവും നടക്കാന്‍ പോകുന്നത്. അത് ധര്‍മ്മത്തിന്റെ വിജയവുമായിരിക്കും.

കൂടുതല്‍ വാര്‍ത്തകള്‍ - എഡിറ്റോറിയല്‍