ശബരിമലയില്‍ ഏത് സാഹചര്യവും നേരിടാന്‍ ദ്രുതകര്‍മസേന സജ്ജമാണെന്ന് ഐ ജി

January 2, 2014 കേരളം

ശബരിമല: അടിയന്തിരമായ ഏതു സാഹചര്യവും നേരിടുന്നതിന് സന്നിധാനത്ത് വിന്യസിച്ചിട്ടുള്ള ദ്രുതകര്‍മസേന സര്‍വസജ്ജമാണെന്ന് റാപ്പിഡ് ആക്ഷന്‍ ഫോഴ്സ് ന്യഡല്‍ഹി ആസ്ഥാന ഐജി അജിത് കുല്‍ ശ്രേഷ്സ്ത അറിയിച്ചു. സന്നിധാനത്ത് ആര്‍ എ എഫ് 105 ബറ്റാലിയന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. സൈന്യത്തിന്റെ പ്രവര്‍ത്തനം കൂടുതല്‍ മെച്ചപ്പെടുത്താന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.  ശബരിമലയില്‍ ദ്രുതകര്‍മസേനയുടെ സേവനം തീര്‍ത്ഥാടനകാലാവസാനം വരെയുംതുടരും. തീര്‍ഥാടകര്‍ക്ക് സുഗമമായ ദര്‍ശനംസാധ്യമാക്കുന്നതിന് ശക്തമായ സുരക്ഷ ഉറപ്പുവരുത്തി. വിധ്വംസക പ്രവര്‍ത്തനങ്ങള്‍ പോലുള്ള അപ്രതീക്ഷിത സംഭവങ്ങളോ അത്യാഹിതങ്ങളോ സംഭവിച്ചാല്‍ അത് നേരിടാന്‍ സേന സര്‍വ സജ്ജമാണ് ആത്മ സമര്‍പ്പണത്തോടെ ഉത്തരവാദിത്വങ്ങള്‍ സ്വയം ഏറ്റെടുത്ത് ശബരിമലയില്‍ പ്രവര്‍ത്തിക്കണമെന്ന് സേനാംഗങ്ങള്‍ക്ക് ഐജി നിര്‍ദ്ദേശം നല്‍കി. കോയമ്പത്തൂര്‍ ആസ്ഥാനമായ ദ്രുതകര്‍മ സേനയുടെ 105 ബറ്റാലിയന്റെ 152 അംഗങ്ങള്‍ ഉള്‍പ്പെട്ട കമ്പനിയെയാണ് സന്നിധാനത്ത് സുരക്ഷയ്ക്ക് നിയോഗിച്ചിട്ടുള്ളത്.ആര്‍ എഎഫ് കമാണ്ടന്റ് പി പി പോളി, ഡെപ്യൂട്ടി കമാണ്ടന്റ് പി എസ് സുനില്‍കുമാര്‍, എന്‍ഡിആര്‍ എഫ് ഡെപ്യൂട്ടി കമാണ്ടന്റ് ജി. വിജയന്‍, സന്നിധാനത്ത് സുരക്ഷ ചുമതലയുള്ള അസിസ്റന്റ് സ്പെഷ്യല്‍ ഓഫീസര്‍ എന്‍. വിജയകുമാര്‍ എന്നിവരുമായി ഐജി സന്നിധാനത്ത് ചര്‍ച്ച നടത്തി.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം