സഹസ്രകിരണന്‍ (ഭാഗം-11)

January 3, 2014 സനാതനം

ഡോ.എം.പി. ബാലകൃഷ്ണന്‍
പരമഭട്ടാരക വിദ്യാധിരാജ ശ്രീ ചട്ടമ്പിസ്വാമി തിരുവടികള്‍ നേരെ തിരുവനന്തപുരത്തേക്കു നടന്നു. ഇതു പഴയ കുഞ്ഞനല്ലെന്നും അവധൂതനോ അവതാരമോ ആണെന്നും ആളുകള്‍ക്ക് തോന്നി. ആരും അല്പനേരം നോക്കിനിന്നുപോകുന്ന ആകര്‍ഷണം ആ വിഗ്രഹത്തിനുണ്ടായിരുന്നു.

സന്ന്യാസിയാണെങ്കിലും കാഷായവസ്ത്രമില്ല. കമണ്ഡലുവുമില്ല. ഒരു വെളുത്ത മുണ്ടുടുത്ത് മറ്റൊരു വെള്ള വസ്ത്രംകൊണ്ട് പുതച്ചിരുന്നു. വിശാലമായ നെറ്റിത്തടം. ‘ഫാലദേശത്തിന് ഇത്രയും വിസ്താരമുള്ള ഒരു പുരുഷനേയും ഇതഃപര്യന്തം ഞാന്‍ കണ്ടിട്ടില്ല’ എന്ന് ജീവചരിത്രകാരനായ പറവൂര്‍ കെ.നാരായണപിള്ള രേഖപ്പെടുത്തിയിട്ടുണ്ട്. ആ നെറ്റിത്തടമാകട്ടെ സദാ ഭസ്മലേപിതമാണ്. നെറ്റിയുടെ ഇരു ഭാഗങ്ങളിലേക്കും പിന്നിലേക്കും അലസമായി ചുരുണ്ടു വളര്‍ന്ന് തോള്‍ കവിഞ്ഞു ചിതറിക്കിടക്കുന്ന തലമുടി. ശൗര്യം വഴിഞ്ഞൊഴുകുന്ന പുരികക്കൊടി. എന്നാല്‍ കരുണാമയമായ കടാക്ഷവീക്ഷണങ്ങളോടുകൂടിയ നേത്രങ്ങള്‍. ‘വിരഗതയുടെ ആഗ്നേയവും അതിശീതളവും കൃപാര്‍ദ്രവുമായ സാര്‍വ്വഭൗമത്വത്തോടുകൂടി അത്യുജ്ജ്വലമായി മിന്നിത്തിളങ്ങുന്ന നേത്രമണികള്‍’ എന്നാണ് ചിത്രമെഴുത്ത് കെ.എം.വര്‍ഗ്ഗീസ് ആ കണ്ണുകളെ വര്‍ണ്ണിച്ചിട്ടുള്ളത്. പ്രഥമ ദര്‍ശനത്തില്‍ രാജസഭാവം തോന്നുമെങ്കിലും ക്രമേണ പരമസാത്വികത സ്പഷ്ടമാകുന്ന സൗമ്യമായ മുഖപത്മം. ‘അഗാധാര്‍ത്ഥദ്യോതകവും മധുരവുമായ സൗമ്യമായ മുഖപത്മം. ‘അഗാധാര്‍ത്ഥദ്യോതകവും മധുരവുമായ വാക്പീയൂഷധാരികള്‍’ നെഞ്ച് വിസ്താരമായി ഉയര്‍ന്നിട്ടുള്ളതായിരുന്നു. പുറവും അതുപോലെ അല്പം ഉയര്‍ന്നതായിരുന്നു. നെഞ്ചോളമല്ല, നാഭീദേശത്തോളം ഞാന്നുകിടക്കുന്ന താടി. ഒത്തപൊക്കവും വണ്ണവും വിഭക്തമായ അംഗങ്ങളും. ആജാനുബാഹുക്കള്‍. ചെമപ്പുകലര്‍ന്ന വെളുപ്പുനിറം. കഴുത്തില്‍ ചെറുമണികളുള്ള ഒരു രുദ്രാക്ഷമാല. വലതു കൈയിലെ ചൂണ്ടാണിവിരലില്‍ ഒരു ഇരുമ്പുമോതിരം. കൈയില്‍ ഒരു വിശറി. ‘ഒക്കെപ്പാടേകൂടി അവാച്യമായ, മഹത്തായ നിഗൂഢശക്തികള്‍ സംഭരിച്ചിട്ടുള്ള ഒരു ചൈതന്യ ഭണ്ഡാഗാരമാണ് ആ അസാധാരണ പുരുഷന്‍’.

സ്വാമിതിരുവടികളെ ആദ്യമായിക്കണ്ടപ്പോള്‍ ഉണ്ടായ അനുഭവം ശ്രീമാന്‍ ചിത്രമെഴുത്ത് കെ.എം. വര്‍ഗ്ഗീസ് ഇങ്ങനെയാണെഴുതിയിട്ടുള്ളത്. ‘…… ദേവത്വവും മനുഷ്യത്വവും കേവലം അരയിഞ്ചുമാത്രം വ്യത്യാസപ്പെട്ടതാണെന്നു പറയുന്നത് വാസ്തവമാണെങ്കില്‍ മനുഷ്യത്വം ഏതാണ്ടതിന്റെ പരിപൂര്‍ണ്ണതയിലെത്തിച്ചേര്‍ന്ന ഒരു ആര്‍ഷപ്രഭാവമാണ് എന്റെ കണ്‍മുന്നില്‍ പ്രാദുര്‍ഭവിച്ചത്’.

പ്രശസ്ത കവിയും സാഹിത്യകാരനുമായിരുന്ന ശ്രീ.സി.എസ്സ്.സുബ്രഹ്മണ്യന്‍പോറ്റി താന്‍ കണ്ട ചട്ടമ്പിസ്വാമികളെ ഇങ്ങനെ സ്മരിക്കുന്നു. ‘ഒത്തശരീരം; ആരെയും ആകര്‍ഷിക്കുന്ന രൂപവിശേഷം; ഗംഭീരമെങ്കിലും പ്രസന്നവും സ്‌നേഹമസൃണവുമായ മുഖഭാവം; മധുരമായ ശബ്ദം; സിദ്ധരാമന്‍ ബദരീനാഥത്തിലെ ഗുരുപാദരില്‍ ദര്‍ശിച്ച ആ മഹത്വവൈശിഷ്ട്യം ഞാന്‍ അദ്ദേഹത്തില്‍ ദര്‍ശിച്ചു’.

ഇങ്ങനെ വെറും സാമാന്യവേഷമെങ്കിലും ആള്‍ പുറമേ കാണുന്നതൊന്നുമല്ലെന്ന തോന്നലാണ് അദ്ദേഹത്തെ ദര്‍ശിച്ചവര്‍ക്കെല്ലാം ഉണ്ടായത്. അതിനു വേറെ ചില കാരണങ്ങളും ഉണ്ടായി. ദീര്‍ഘകാലം ചികിത്സകൊണ്ടുപോലും മാറാത്ത കൊടിയ അപസ്മാര ബാധകള്‍ ഒറ്റദിവസംകൊണ്ടു മാറ്റിയ സംഭവങ്ങള്‍; മരുന്നുകളൊന്നും ഫലിക്കാതെ ആസന്നമരണരായിക്കിടന്നിരുന്ന ചിലരെ ഒരൊറ്റമൂലി പ്രയോഗമോ ലഘുചികിത്സയോ കൊണ്ടു സുഖപ്പെടുത്തിയ വാര്‍ത്തകള്‍; സര്‍പ്പദംശനമേറ്റവരെ സ്വല്പനേരത്തെ മന്ത്രജപത്താല്‍ വിഷമിറക്കി രക്ഷപ്പെടുത്തിയ അനുഭവങ്ങള്‍ – ഇവയൊക്കെ നാടെങ്ങും പ്രചരിച്ചു. മിക്കവാറും രാത്രി കാലങ്ങളില്‍ സഞ്ചരിച്ചിരുന്ന അദ്ദേഹത്തെ പാമ്പുകടിച്ചപ്പോള്‍ വിഷം ഏറ്റതുമില്ല. കടുവാ മുതലായ ക്രൂരജന്തുക്കള്‍പോലും സ്വാമിയുടെ മുമ്പില്‍ വിനീതദാസരെപ്പോലെ വര്‍ത്തിക്കുന്നതും ജനം നേരില്‍കണ്ടു.

‘ശാന്തിയെപ്പരത്തുമാ സ്വാമിതന്‍ മുന്നില്‍ ചെന്നാല്‍
ശാര്‍ദ്ദൂല ഭുജംഗാദി ഹിംസ്രജാതികള്‍പോലും
ചിക്കെന്നുഭാവം മാറി ശിഷ്യര്‍പോലൊതുക്കത്തില്‍
നില്ക്കയേ പതിവുള്ളൂ, ഹാ! തൊഴാം തപോരാശേ!’ എന്ന വരികളില്‍ മഹാകവി വള്ളത്തോള്‍ ഇത് സൂചിപ്പിച്ചിട്ടുണ്ട്.

തിരുവനന്തപുരത്തു ‘കല്ലുവീട്’ എന്ന ബന്ധുഗൃഹമായിരുന്നു സ്വാമികള്‍ക്കു വിശ്രമത്താവളം. കല്ലുവീട്ടില്‍ താമസിച്ചു എന്നു പറയാതെ അവിടമായിരുന്നു വിശ്രമത്താവളം എന്നു പറഞ്ഞതിനു കാരണമുണ്ട്. നിരന്തര സഞ്ചാരമായിരുന്നുവല്ലോ അദ്ദേഹത്തിന്റെ സ്വഭാവം. ഇറങ്ങിപ്പുറപ്പെട്ടാല്‍ തിരികെ വന്നെങ്കിലുമായി ഇല്ലെങ്കിലുമായി. അനേകദിവസം കഴിഞ്ഞു മടങ്ങിയെത്തി എന്നും വരും. ചിലപ്പോള്‍ രാത്രിയുടെ നാലാംയാമത്തിലായിരിക്കും ഇറങ്ങിത്തിരിക്കുക. അര്‍ദ്ധരാത്രിയായിരിക്കും മടങ്ങിയെത്തുക. കടിക്കാന്‍ ചെല്ലുന്ന പട്ടികള്‍ അദ്ദേഹം കൈഞൊടിക്കുമ്പോള്‍ വാലാട്ടി കൂടെപ്പോവുകയും വീട്ടില്‍ കൊണ്ടുചെന്ന് ചോറുകൊടുത്ത് മടക്കി അയക്കുകയും ചെയ്യുന്ന പതിവും ഉണ്ട്. ഈദൃശ സംഭവങ്ങള്‍ക്കെല്ലാം സാക്ഷിയായ ജനങ്ങള്‍ അദ്ദേഹത്തെ സാധാരണ മനുഷ്യനല്ലെന്നു കരുതിയതില്‍ അത്ഭുതമില്ല. പക്ഷേ അദ്ദേഹമാകട്ടെ എപ്പോഴുമൊരു സാധാരണക്കാരനായേ ഭാവിച്ചിട്ടുള്ളൂ. ഇതിനെപ്പറ്റി ജീവചരിത്രകാരനായ പി.കെ. പരമേശ്വരന്‍നായര്‍ പറയുന്നത് കേള്‍ക്കുക: ‘ചട്ടമ്പിസ്വാമികള്‍ എന്ന നാമം ഒരു മനുഷ്യാതീതന്റേതായി നാടുമുഴുവന്‍ പരന്നു. ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥമേധാവികളുടെയും ഗൃഹങ്ങളില്‍ അദ്ദേഹം സ്വാഗതം ചെയ്യപ്പെട്ടു. അതേസമയംതന്നെ അഗതികളുടെയും അശരണരുടേയും ഉറ്റബന്ധുവുമായിരുന്നു അദ്ദേഹം’.
—————————————————————————————————
ഗ്രന്ഥകര്‍ത്താവിനെക്കുറിച്ച്:
ഡോ.എം.പി.ബാലകൃഷ്ണന്‍
മലയാള വര്‍ഷം 1122 ല്‍ ജനിച്ചു. അച്ഛന്‍ തിരുവനന്തപുരം ഋഷിമംഗലത്തു മാധവന്‍നായര്‍. അമ്മ കന്യാകുമാരി ജില്ലയില്‍ കവിയല്ലൂര്‍ മേച്ചേരിത്തറവാട്ടില്‍ ഗൗരിക്കുട്ടിയമ്മ. സാഹിത്യം, വേദാന്തം, സംഗീതം, ജ്യോതിഷം, വാസ്തുശാസ്ത്രം, വൈദ്യം ഇവ പരിചിത മേഖലകള്‍ നെയ്യാറ്റിന്‍കരയില്‍ ഹോമിയോ പ്രാക്റ്റീസ് ചെയ്യുന്നു. ശ്രീ വിദ്യാധിരാജ വേദാന്തപഠനകേന്ദ്രം, സാരസ്വതം കലാസാഹിത്യവേദി എന്നിവയില്‍ പ്രവര്‍ത്തിക്കുന്നു.

ഇതരകൃതികള്‍ : കൊടിയേറ്റം (കവിത), എരിനീര്‍പ്പൂക്കള്‍ (കവിത), നമ്മുടെ റോസയും പൂത്തു (ബാല സാഹിത്യം), പാലടപ്പായസം (ബാലസാഹിത്യം), എന്റെ മണ്ണ് എന്റെ മാനം (ബാലനോവല്‍)

വിലാസം : ഗൗരീശങ്കരം, രാമേശ്വരം, അമരവിള പോസ്റ്റ്, നെയ്യാറ്റിന്‍കര
തിരുവനന്തപുരം, പിന്‍ – 695 122, ഫോണ്‍ : 0471-2222070

പ്രസാധകര്‍ : വിവേകം പബ്ലിക്കേഷന്‍സ്
രാമേശ്വരം, അമരവിള P.O ,
നെയ്യാറ്റിന്‍കര, തിരുവനന്തപുരം – 695 122
ഫോണ്‍: 0471-2222070

കൂടുതല്‍ വാര്‍ത്തകള്‍ - സനാതനം