മുഖ്യമന്ത്രിക്ക് യു.എ.ഇ രാജാവിന്റെ പുസ്തകോപഹാരം

January 2, 2014 കേരളം

തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് യുഎഇയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്കു ചുക്കാന്‍ പിടിക്കുന്ന യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തും നല്കിയ സ്‌നേഹോപഹാരം ശ്രദ്ധേയമായി. വികസന പ്രക്രിയയിലെ പ്രായോഗികമായ ഇടപെടല്‍, വ്യക്തിപരമായ അനുഭവം, ദൈനംദിന വ്യവഹാരങ്ങള്‍ എന്നിവ ഉള്‍ക്കൊള്ളുന്ന അദ്ദേഹത്തിന്റെ പുസ്തകമാണ് മുഖ്യമന്ത്രിക്കു സമ്മാനിച്ചത്.

യുഎഇയുടെ സവിശേഷമായ വികസന അനുഭവങ്ങള്‍ അദ്ദേഹം ഇതില്‍ വിവരിക്കുന്നു. ഒരു നാടിന്റെ മുന്നേറ്റത്തിന് മൗലികമായ ദര്‍ശനവും നിശ്ചയദാര്‍ഢ്യമുള്ള നേതൃത്വവും കാര്യക്ഷമമായ മാനേജ്‌മെന്റും നേതാവിന്റെ ദര്‍ശനത്തെ യാഥാര്‍ത്ഥ്യമാക്കാന്‍ പൂര്‍ണശേഷിയുള്ള നിര്‍വാഹക സംഘവും ഉണ്ടായിരിക്കണമെന്ന് അദ്ദേഹം കരുതുന്നു. മുഖ്യമന്ത്രിക്കുള്ള വ്യക്തിപരമായ ഉപഹാരമാണിതെന്ന് അദ്ദേഹം മുഖ്യമന്ത്രിക്കു നല്‍കിയ സന്ദേശത്തില്‍ ചൂണ്ടിക്കാട്ടി. ഇംഗ്ലീഷില്‍ എഴുതിയിട്ടുള്ള പുസ്തകത്തിന്റെ മലയാളം പരിഭാഷ മുഖ്യമന്ത്രിക്ക് നോര്‍ക്ക റൂട്ട്‌സ് വൈസ് ചെയര്‍മാന്‍ എംഎ യൂസഫലി കൈമാറി.

ധനമന്ത്രി കെ.എം മാണി, എക്‌സൈസ് മന്ത്രി കെ. ബാബു, വ്യോമയാന പ്രിന്‍സിപ്പല്‍ സെക്രട്ടറി വി.ജെ.കുര്യന്‍ എന്നിവര്‍ പങ്കെടുത്തു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം