വ്യാസന്റെ നീതിപീഠത്തിനുമുന്നില്‍ – ജ്യോതിഷ്മതീ ചരിതം

January 3, 2014 സനാതനം

ജ്യോതിഷ്മതീ ചരിതം

ഹരിപ്രിയ

പണ്ട് ചാക്ഷുഷന്‍ എന്ന മനുവിന് യജ്ഞകുണ്ഡത്തില്‍ നിന്ന് ജ്യോതിഷ്മതി എന്നു പേരുള്ള ഒരു കന്യകയെ ലഭിച്ചു. ലാളിച്ചു വളര്‍ത്തിയ മകള്‍ക്ക് വിവാഹപ്രായം വന്നപ്പോള്‍ മനു ചോദിച്ചു. ‘ഓമനമകളേ, വരനെക്കുറിച്ചുള്ള നിന്റെ സങ്കല്പം എന്താണ്?

ജ്യോതിഷ്മതി പറഞ്ഞു. ‘അച്ഛാ, ഉശിരുകെട്ട പുരുഷന്‍ സ്ത്രീക്ക് ഒരു ഭാരമാണ്. അതിനാല്‍ ലോകത്തിലെ ഏറ്റവും ബലവാനായ പുരുഷനെ ഞാന്‍ ശുശ്രൂഷിക്കാനാഗ്രഹിക്കുന്നു.’

സന്തുഷ്ടനായ മനു ചിന്തിച്ചു. ‘ഇന്ദ്രനാണ് എന്റെ അറിവില്‍ ഏറ്റവും ബലവാന്‍.’ മനു ഇന്ദ്രനെ സഭയില്‍ വരുത്തി പൂജിച്ച് ചോദിച്ചു. ‘അങ്ങയേക്കാള്‍ ബലവാന്‍ ആരെങ്കിലും ഉണ്ടോ? ഇന്ദ്രന്‍ സത്യം പറഞ്ഞു. ‘വായു എന്നേക്കാള്‍ ബലവാനാണ്. മഴ പെയ്യിക്കാന്‍ എന്നെ വായു സഹായിക്കുന്നു. ഭൂകമ്പംവരെ സൃഷ്ടിക്കാന്‍ വായുവിനു കഴിയും.

മനു, വായുഭഗവാനെ വരുത്തി ചോദിച്ചു. ‘അങ്ങയേക്കാള്‍ ബലവാന്‍ മറ്റാരെങ്കിലുമുണ്ടോ?’

പര്‍വ്വതങ്ങള്‍.. ഹിമവാന്‍ തുടങ്ങിയവര്‍ എന്റെ ആക്രമണങ്ങളെ അതിജീവിക്കുന്നുണ്ടല്ലോ. അതിനാല്‍ പര്‍വ്വതങ്ങളാണ് ബലിഷ്ഠര്‍.’ എന്ന് പറഞ്ഞ് വായൂ മറഞ്ഞു.

മനു പര്‍വ്വതങ്ങളെ വരുത്തി ചോദിച്ചപ്പോള്‍ ഭൂമിക്ക് തങ്ങളേക്കാള്‍ ബലമുണ്ട്. ക്ഷമയാണ് ബലം. എന്നവര്‍ പറഞ്ഞു. അപ്പോള്‍ ഭൂമീദേവി പ്രത്യക്ഷപ്പെട്ട് അരുളി: ‘ഹേ രാജന്‍, സങ്കര്‍ഷണഭഗവാന്‍ അഥവാ അനന്തഗുണങ്ങളുള്ള ആദിശേഷന്‍! ആയിരം ഫണങ്ങളിലൊന്നില്‍ എന്നെ കടുകുമണിപോലെ അനായാസം ധരിക്കുന്നു. വെള്ളിമാമല പോലെ വെളുത്ത ശരീരവും, നീലാംബരവും ധരിച്ച് കോടികന്ദര്‍പ്പദര്‍പ്പം ഹരിക്കുന്ന ആ ശേഷഭഗവാനാണ് ലോകത്തിലെ ഏറ്റവും പ്രഭാവശാലി. രസാതലവാസിയായ അവിടത്തെ നാരദാദി മാമുനിമാര്‍ സദാ സംഗീതം, വേദമന്ത്രങ്ങള്‍ ഇവയാല്‍ സേവിക്കുന്നു.’

ഭൂമിമതാവിന്റെ വാക്കുകള്‍ ജ്യോതിഷ്മതിയുടെ കരളില്‍ അമൃതം പകര്‍ന്നു. അച്ഛന്റെ അനുഗ്രഹവും വാങ്ങി ആ ധീരബാലിക, ഭൂമിക്കടിയില്‍ മഹാത്യാഗമനുഷ്ഠിച്ചു വസിക്കുന്ന ഈ മഹാപ്രതിഭയെ സ്വന്തമാക്കാന്‍ തപസ്സാരംഭിച്ചു. വിന്ധ്യാചലത്തില്‍; ഒരു ലക്ഷം – അഥവാ അനവധി വര്‍ഷം ബ്രഹ്മാവിനെ തപസ്സുചെയ്തു. ദിവസം പ്രതി തേജസ്സു വര്‍ദ്ധിച്ചു. സൗന്ദര്യവും. ദേവകള്‍ക്കുകൂടി ഭ്രമം വളര്‍ത്തുന്ന ശോഭ! അസുരഗുരു, ദേവഗുരു, ഇന്ദ്രാദികള്‍, ഗ്രഹങ്ങള്‍ തുടങ്ങി സര്‍വ്വരും ജ്യോതിഷ്മതിയുടെ ചുറ്റിലും കൂടി. സര്‍വ്വകക്ഷിനേതാക്കള്‍ അധികാര കസേരക്കു ചുറ്റും എന്നപോലെ.

‘അനന്തന്‍ പാമ്പാണ്. ഞാന്‍ ശതക്രതുവായ ഇന്ദ്രനാണ്. എന്നെ വരിക്കൂ.’ എന്ന് ദേവേന്ദ്രന്‍. ഞാന്‍ മംഗളനാണ്. എന്നെ വരിക്കൂ. എന്ന് ചൊവ്വ. ഞാന്‍ കവിയായ ശുക്രന്‍, അസുരഗുരുവാണ്, എന്നെ വരിക്കൂ. എന്ന് ദൈത്യഗുരു, ഇങ്ങനെ സര്‍വ്വരും പറഞ്ഞപ്പോള്‍ ബ്രഹ്മചര്യനിഷ്ഠയുള്ള, ശ്രീപാര്‍വ്വതിക്കു തുല്യയായ ജ്യോതിഷ്മതി സര്‍വ്വരേയും ശപിച്ചു. ‘ശുക്രന് കോങ്കണ്ണുണ്ടാവട്ടെ; സൂര്യനു പല്ലില്ലാതാവട്ടെ; ദേവഗുരുവിന്റെ പത്‌നി അപഹരിക്കപ്പെടട്ടെ; ഇന്ദ്രന്‍ രാക്ഷസന്മാരുടെ തടവില്‍ കിടക്കാനിട വരട്ടെ; അഗ്നി സര്‍വ്വ ഭക്ഷകനാവട്ടെ; ബുധഗ്രഹത്തിന്റെ ആഴ്ച ശൂന്യമാവട്ടെ; അന്നാരും വ്രതം നോല്‍ക്കാതിരിക്കട്ടെ.’ ഇങ്ങനെ ഊടുപാട് ശപിച്ചപ്പോള്‍ ദേവേന്ദ്രന്‍ കോപിച്ച് ഒരു മുറശാപം കൊടുത്തു. ‘ജ്യോതിഷ്മതീ, നീ ഇത്രയും കോപിച്ചതിനാല്‍ നിനക്ക് സങ്കര്‍ഷനെ പതിയായി ലഭിച്ചാലും സന്താനമുണ്ടാവാതെ പോകട്ടെ.’ ദേവകള്‍ മടങ്ങിപ്പോയി. ജ്യോതിഷ്മതി കുലുങ്ങിയില്ല. പുത്രരില്ലെങ്കില്‍ ആശ്വാസം അത്രയും സമയംകൂടി അനന്തന്റെ സേവ ചെയ്യാമല്ലോ. പഞ്ചാഗ്നി മദ്ധ്യത്തിലും, ശീതളജലത്തിലും നിന്ന് വീണ്ടും തപസ്സ്. ഒടുവില്‍ ബ്രഹ്മാവ് പ്രത്യക്ഷപ്പെട്ട് അരുളി; ‘മകളേ, സങ്കര്‍ഷണനെ ഭര്‍ത്താവാക്കുക എന്ന നിന്റെ മോഹം ഒരതിമോഹം തന്നെ. എങ്കിലും സാധിക്കും. ഇനി ഇരുപത്തേഴു ചതുര്‍യുഗവും കൂടി കഴിഞ്ഞാല്‍ സങ്കര്‍ഷണന്റെ ബലരാമാവതാരമുണ്ടാവും. അന്ന് മോഹം സാധിക്കും’.

ജ്യോതിഷ്മതിക്ക് ക്ഷമകെട്ടു. കോപം കടിച്ചൊതുക്കി, സവിനയം പറഞ്ഞു; ‘പിതാമഹാ അങ്ങ് സര്‍വ്വ സമര്‍ത്ഥനാണ്. ഇനിയും എനിക്ക് കാത്തിരിക്കാന്‍ വയ്യ. വേഗം എന്റെ മനോരഥം സഫലമാകണം. ഇല്ലെങ്കില്‍ ഞാനങ്ങയേയും ചിലപ്പോള്‍ ശപിച്ചെന്നിരിക്കും.

അനന്തശക്തിയെ ധ്യാനത്തിലൂടെ ജ്യോതിഷ്മതി ഉള്‍ക്കൊണ്ടിരിക്കുന്നു. ബ്രഹ്മാവിന്റെ കൂട്ടു കിരീടം ഒന്നുവിറച്ചു. ആദരവോടും, വാത്സല്യത്തോടും കൂടി ബ്രഹ്മാവ് പറഞ്ഞു; ‘മക്കളേ, ഇതെല്ലാം ധീരന്മാര്‍ക്കുള്ള പരീക്ഷണമാണ്. നിന്റെ ശാപത്തെ ഞാന്‍ ഭയപ്പെടുന്നു. അതിനാല്‍ ദേവി ഭൂമിയില്‍ രേവതന്റെ മകളായി ജനിക്കുക. ആര്‍ക്കും കേടുവരാത്ത രീതിയില്‍ സമയം ഞാന്‍ ചുരുക്കിത്തരാം.’ ജ്യോതിഷ്മതി ബ്രഹ്മാവിന്റെ വാക്കനുസരിച്ച് ആനര്‍ത്തത്തിലേക്കു പുറപ്പെട്ടു. ഈ രേവതിയിലാണ് ദേവി ആവേശിക്കേണ്ടത് എന്നു പറഞ്ഞ് ആദിശേഷന്‍ കഥ അവസാനിപ്പിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - സനാതനം