യുഡിഎഫ് യോഗത്തില്‍ നിന്നും കേരള കോണ്‍ഗ്രസ്-ബി വിഭാഗം ഇറങ്ങിപ്പോയി

January 3, 2014 കേരളം

തിരുവനന്തപുരം: യുഡിഎഫ് യോഗത്തില്‍ നിന്നും കേരള കോണ്‍ഗ്രസ്-ബി വിഭാഗം ഇറങ്ങിപ്പോയി. പാര്‍ട്ടിയുടെ എംഎല്‍എ ഗണേഷ്കുമാറിന് മന്ത്രിസ്ഥാനം തിരിച്ചു നല്‍കുമെന്ന വാക്ക് മുഖ്യമന്ത്രി പാലിച്ചില്ലെന്നാരോപിച്ചായിരുന്നു ഇറങ്ങിപ്പോക്ക്. പാര്‍ട്ടി ചെയര്‍മാന്‍ ആര്‍.ബാലകൃഷ്ണപിള്ള യോഗത്തിന് എത്തിയില്ല. ജനറല്‍ സെക്രട്ടറി വേണുഗോപാലന്‍ നായരാണ് പാര്‍ട്ടിയെ പ്രതിനിധീകരിച്ച് എത്തിയത്. ലോക്സഭ തെരഞ്ഞെടുപ്പിന് ശേഷം ഗണേഷിന് മന്ത്രിസ്ഥാനം നല്‍കാമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി യോഗത്തില്‍ പറഞ്ഞു. എന്നാല്‍ ഈ വാദം അംഗീകരിക്കാതെയാണ് കേരള കോണ്‍ഗ്രസ്-ബി യോഗം ബഹിഷ്കരിച്ചത്. ഒരു ലോക്സഭ സീറ്റുകൂടി അധികം വേണമെന്ന് കേരള കോണ്‍ഗ്രസ്-എം യോഗത്തില്‍ ആവശ്യപ്പെട്ടു. സിഎംപിയും ജനതാദള്‍ സെക്കുലറും ലോക്സഭ സീറ്റ് വേണമെന്ന് യോഗത്തില്‍ ആവശ്യപ്പെട്ടു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം