മകരവിളക്കിന് വിപുലമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തും : മുഖ്യമന്ത്രി

January 4, 2014 പ്രധാന വാര്‍ത്തകള്‍

തിരുവനന്തപുരം: മകരവിളക്ക് മഹോത്സവത്തിന്, ശബരിമലയിലും അനുബന്ധ പ്രദേശങ്ങളിലും വിപുലമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, ദേവസ്വം മന്ത്രി വി.എസ്. ശിവകുമാര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ സെക്രട്ടേറിയറ്റില്‍ ചേര്‍ന്ന ഉന്നതതലയോഗത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

പോലീസ് സുരക്ഷാ സംവിധാനം ശക്തമാക്കും. സന്നിധാനത്ത്, എന്‍.ഡി.ആര്‍.എഫ്, ആര്‍.എ.എഫ് കേന്ദ്ര സേനകള്‍ക്കുപുറമേ നാലായിരം പോലീസ് സേനാംഗങ്ങളെ വിന്യസിപ്പിക്കും. പതിനെട്ടാംപടിയിലെ സേവനത്തിന് പരിചയസമ്പന്നരായ പോലീസ് സേനാംഗങ്ങളെ നിയോഗിക്കും. ആകസ്മികമായുണ്ടാകുന്ന ഭക്തജനത്തിരക്ക് നിയന്ത്രിക്കുവാന്‍ വാഹനങ്ങള്‍ വഴിമധ്യേ തടയേണ്ടിവരുന്ന സ്ഥലങ്ങളില്‍ വിവിധ വകുപ്പുകളുടെയും സന്നധ സംഘടനകളുടെയും സഹകരണത്തോടെ ആവശ്യമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തും.

കെ.എസ്.ആര്‍.ടി.സി, ആയിരം ബസ്സുകള്‍ സര്‍വ്വീസിനിറക്കും. സന്നിധാനം, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ കുടിവെള്ള ലഭ്യത ഉറപ്പുവരുത്തുന്നതിന് ആവശ്യമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തും. ഓരോ മണിക്കൂറും വെള്ളത്തിന്റെ ഗുണനിലവാരം പരിശോധിക്കും. കുള്ളാര്‍ ഡാമില്‍ നിന്നും ആവശ്യമായ വെള്ളം തുറന്നുവിട്ട് പമ്പയിലെ നീരൊഴുക്ക് ക്രമീകരിക്കും. വണ്ടിപ്പെരിയാര്‍ വഴിയും പരമ്പരാഗത കാനനപാത വഴിയും എത്തുന്ന തീര്‍ത്ഥാടകര്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തും. കോഴിക്കാനം, ഉപ്പുപാറ ഭാഗങ്ങളില്‍ മകരവിളക്ക് സമയത്തിനുശേഷം വെളിച്ചം ലഭ്യമാക്കും.

പുല്ലുമേട്, പാഞ്ചാലിമേട്, പരുന്തന്‍പാറ എന്നിവിടങ്ങളിലെ ഭക്തജനത്തിരക്ക് നിയന്ത്രിക്കും. ഇവിടങ്ങളില്‍ പോലീസിന്റെയും ഫയര്‍ഫോഴ്‌സിന്റെയും മതിയായ സേവനം ലഭ്യമാക്കും. ആരോഗ്യവകുപ്പ് വിപുലമായ ക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. പമ്പ, നീലിമല, അപ്പാച്ചിമേട്, സന്നിധാനം, നിലയ്ക്കല്‍ എന്നിവിടങ്ങളിലെ ചികിത്സാ കേന്ദ്രങ്ങളില്‍ കൂടുതല്‍ മെഡിക്കല്‍ ഓഫീസര്‍മാരെ നിയമിച്ചിട്ടുണ്ട്. മരുന്നുകള്‍ ആവശ്യാനുസരണം ലഭ്യമാക്കുന്നുണ്ട്. സന്നിധാനത്തെ തീയറ്റര്‍ അടിയന്തിര ശസ്ത്രക്രിയകള്‍ക്ക് പൂര്‍ണ്ണനിലയില്‍ സജ്ജമാണ്. കാര്‍ഡിയോളജി സെന്ററുകളില്‍ ഐ.സി.യു സംവിധാനങ്ങള്‍ ലഭ്യമാക്കിയിട്ടുണ്ട്. സന്നിധാനത്തേക്കുള്ള പ്രധാന പാതയിലും സ്വാമി അയ്യപ്പന്‍ റോഡിലുമായി 14 ഓക്‌സിജന്‍ പാര്‍ലറുകള്‍ തുറന്നിട്ടുണ്ട്. ഇവയ്ക്കുപുറമേ, എട്ട് ഇടങ്ങളില്‍ ജീവന്‍രക്ഷാ ഉപകരണങ്ങള്‍, മരുന്നുകള്‍ എന്നിവയുമായി, പരിശീലനം ലഭിച്ച 120 സന്നദ്ധ സേവകരുടെ ജീവന്‍രക്ഷാശൃംഖലകളും പ്രവര്‍ത്തിക്കുന്നുണ്ട്. രണ്ട് 108 ആംബുലന്‍സുകളുടെ സേവനം പമ്പയില്‍ ലഭ്യമാക്കിയിട്ടുണ്ട്. മകരവിളക്ക് ദിവസം പമ്പയിലും അനുബന്ധപ്രദേശങ്ങളിലുമായി 18 ആംബുലന്‍സുകളുടെ സേവനം കൂടുതലായി ലഭ്യമാക്കും.

ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എം.പി. ഗോവിന്ദന്‍ നായര്‍, അംഗങ്ങളായ സുഭാഷ് വാസു, പി.കെ. കുമാരന്‍, അഡീഷണല്‍ ചീഫ് സെക്രട്ടറി (ഇറിഗേഷന്‍) വി.ജെ. കുര്യന്‍, എ.ഡി.ജി.പി: എ. ഹേമചന്ദ്രന്‍, ആരോഗ്യവകുപ്പ് സെക്രട്ടറി ഡോ. കെ. ഇളങ്കോവന്‍, ദേവസ്വം സെക്രട്ടറി കെ.ആര്‍. ജ്യോതിലാല്‍, ജല അതോറിറ്റി എം.ഡി: അശോക് കുമാര്‍ സിങ്, കേരള മെഡിക്കല്‍ സര്‍വ്വീസസ് കോര്‍പ്പറേഷന്‍ എം.ഡി: ആര്‍. കമലാഹര്‍, കെ.എസ്.ആര്‍.ടി.സി എം.ഡി: കെ.ജി. മോഹന്‍ലാല്‍, ദേവസ്വം ചീഫ് എഞ്ചിനിയര്‍ ജോളി ഉല്ലാസ്, ആരോഗ്യവകുപ്പ് ഡയറക്ടര്‍: ഡോ. പി.കെ. ജമീല, മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍: ഡോ. വി. ഗീത, മറ്റ് വകുപ്പുതല മേധാവികള്‍, പത്തനംതിട്ട, ഇടുക്കി, കോട്ടയം ജില്ലാ കളക്ടര്‍മാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

കൂടുതല്‍ വാര്‍ത്തകള്‍ - പ്രധാന വാര്‍ത്തകള്‍