ഉന്നത വിദ്യാഭ്യാസ മേഖലയെ ശാക്തീകരിക്കും -മുഖ്യമന്ത്രി

January 4, 2014 കേരളം

തിരുവനന്തപുരം:  ഉന്നത വിദ്യാഭ്യാസ മേഖലയെ ശാക്തീകരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സംസ്ഥാന ഹയര്‍ എഡ്യൂക്കേഷന്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരം മാസ്‌ക്കറ്റ് ഹോട്ടലില്‍ സംഘടിപ്പിച്ച ഇതരദേശ വ്യാപക വിദ്യാഭ്യാസം  ത്രിദിന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വിദ്യാഭ്യാസ രംഗത്ത് കേരളം ഇന്ന് വിദേശ രാജ്യങ്ങളിലെ സംവിധാനങ്ങളോടു കിടപിടിക്കുന്ന തരത്തില്‍ മുന്നേറിയിട്ടുണ്ട്. ഉന്നത വിദ്യാഭ്യാസ രംഗത്ത് വിപ്ലവകരങ്ങളായ മാറ്റങ്ങള്‍ വന്നുകൊണ്ടിരിക്കുന്നു. സമ്പൂര്‍ണ സാക്ഷരതയിലും മികച്ച അധ്യാപക-വിദ്യാര്‍ഥി അനുപാതത്തിലും മാതൃ-ശിശു മരണ നിരക്ക് കുറയ്ക്കുന്നതിലുമൊക്കെ കേരളം കൈക്കൊണ്ട നടപടികള്‍ രാജ്യത്തിനാകെ മാതൃകയാണ്. ഇക്കാര്യങ്ങള്‍ക്കിടയിലും വിദ്യാഭ്യാസ മേഖലയിലെ ചില പോരായ്മകള്‍ സംസ്ഥാനത്തെ വിദ്യാഭ്യാസ മികവിന് കുറവു വരുത്തുന്നുണ്ട്. ഇവ പരിഹരിക്കുന്നതിനും കേരളത്തെ ഗുണമേന്മയുള്ള ഉന്നത വിദ്യാഭ്യാസ കേന്ദ്രമാക്കുന്നതിനുമാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. അടിസ്ഥാന സൗകര്യം, സാങ്കേതിക സൗകര്യമൊരുക്കല്‍, അധ്യാപക പരിശീലനം, അക്കാദമിക സ്വയംഭരണം, വിദ്യാഭ്യാസ മേഖലയില്‍ അന്താരാഷ്ട്ര നിലവാരം കൈവരിക്കല്‍ എന്നീ നയങ്ങളുമായി സര്‍ക്കാര്‍ മുന്നോട്ടുപോകും.ഇതരദേശ വ്യാപക വിദ്യാഭ്യാസം സംസ്ഥാനത്തിന്റെ ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് ഏറെ പ്രയോജനം ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

വിദ്യാഭ്യാസ മന്ത്രി പി.കെ.അബ്ദുറബ്ബ് അധ്യക്ഷനായിരുന്നു. കേന്ദ്ര സഹമന്ത്രി ഡോ.ശശി തരൂര്‍, ഡല്‍ഹി സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രഫ.ദിനേശ് സിംഗ്, ഹയര്‍ എഡ്യൂക്കേഷന്‍ കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് വൈസ് ചെയര്‍മാന്‍ ടി.പി.സ്രീനിവാസന്‍, കെഎസ്എച്ച്ഇസി മെംബര്‍ സെക്രട്ടറി ഡോ.പി.അന്‍വര്‍ എന്നിവര്‍ സംസാരിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം