മോഡി ആപത്തോ ?

January 5, 2014 എഡിറ്റോറിയല്‍,പ്രധാന വാര്‍ത്തകള്‍

modi-pbരാഷ്ട്രീയ പ്രതിയോഗികള്‍ സ്ഥാനത്തും അസ്ഥാനത്തുമൊക്കെ ആരോപണങ്ങള്‍ ഉന്നയിക്കുക സ്വാഭാവികമാണ്. ഏതുതരത്തിലാണ് ആരോപണങ്ങള്‍ ഉന്നയിക്കുക എന്നതിനെ അടിസ്ഥാനമാക്കി ഓരോ വ്യക്തികളുടെയും സ്വഭാവവൈശിഷ്ട്യം വിലയിരുത്താന്‍ കഴിയും. എന്നാല്‍ പ്രധാനമന്ത്രി പോലെ ഉന്നതസ്ഥാനത്തിരിക്കുന്ന ഒരു വ്യക്തി വാക്കുകള്‍ സൂക്ഷിച്ചു മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളൂ. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് നടത്തിയ പത്രസമ്മേളനത്തില്‍ ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്രമോഡിയെക്കുറിച്ച് പറഞ്ഞ വാക്കുകള്‍ തന്റെ സ്ഥാനത്തിന് ഒട്ടുംയോജിച്ചതല്ല. നരേന്ദ്രമോഡി പ്രധാനമന്ത്രി സ്ഥാനത്തെത്തുന്നത് രാജ്യത്തിന് വിനാശകരമായിരിക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്. അതേസമയം രാഹുല്‍ ഗാന്ധിക്ക് പ്രധാനമന്ത്രിയാകാനുള്ള എല്ലായോഗ്യതയുമുണ്ടെന്നു സൂചിപ്പിക്കാനും മന്‍മോഹന്‍സിംഗ് മറന്നില്ല.

മോഡിയെ ബിജെപി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാക്കി ഉയര്‍ത്തിക്കാട്ടിയതോടെ വിറളിപിടിച്ചനിലയിലാണ് കോണ്‍ഗ്രസ് നേതൃത്വം. അഞ്ചു സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭാതെരഞ്ഞെടുപ്പില്‍ ഉണ്ടായ തിരിച്ചടിയോടെ കോണ്‍ഗ്രസ് നേതൃത്വം അങ്കലാപ്പിലായിട്ടുണ്ട്. മോഡിക്കൊപ്പം ഒരുതരത്തിലും കിടപിടിച്ചുനില്‍ക്കാന്‍ കഴിയുന്ന നേതാവല്ല രാഹുല്‍ ഗാന്ധി. ഇത് കോണ്‍ഗ്രസിനും നന്നായറിയാം. നേതൃദാരിദ്ര്യം അനുഭവപ്പെടുന്ന കോണ്‍ഗ്രസിന് ഇപ്പോള്‍ ഉയര്‍ത്തിക്കാട്ടാവുന്നത് രാഹുലിനെ മാത്രമാണ്.

ഗുജറാത്ത് കലാപത്തിന്റെ പേരില്‍ മോഡിയെ വേട്ടയാടാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. കോടതിയും പോലീസും പ്രത്യേക അന്വേഷണസംഘവും മോഡിയെ കുറ്റവിമുക്തനാക്കിയിട്ടും അദ്ദേഹത്തെ വെറുതെവിടാന്‍ കോണ്‍ഗ്രസുകാര്‍ തയാറല്ലെന്നാണ് പ്രധാനമന്ത്രിയുടെ പ്രസ്താവനയോടെ വ്യക്തമാവുന്നത്. മോഡിയെ വ്യക്തിഹത്യ നടത്തുന്നവര്‍ ഗുജറാത്ത് കലാപത്തിലേക്ക് നയിച്ച ഗോദ്ര സംഭവത്തെക്കുറിച്ച് ഒരു വാക്കുപോലും ഉരിയാടുന്നില്ല എന്നത് മനഃപൂര്‍വമാണ്. അയോധ്യയില്‍ നിന്നു മടങ്ങിയ 59 ഹിന്ദു സഹോദരങ്ങള്‍ ട്രെയിനില്‍ വെന്തുമരിക്കാനിടയായതില്‍ മന്‍മോഹന്‍സിംഗിനോ കോണ്‍ഗ്രസ് നേതൃത്വത്തിനോ ദുഃഖത്തിന്റെ ലെവലേശം പോലുമില്ല, ഗുജറാത്ത് കലാപത്തെക്കുറിച്ച് വാതോരാതെ സംസാരിക്കുന്നവര്‍ ഗോദ്ര സംഭവം മറയ്ക്കുകയോ മറക്കുകയോ ആണ്.

ഇന്ദിരാഗാന്ധി വധത്തെത്തുടര്‍ന്ന് ആയിരക്കണക്കിന് സിക്കുകാരെ ഡല്‍ഹിയിലും മറ്റും കൂട്ടക്കൊലചെയ്ത കോണ്‍ഗ്രസുകാരില്‍ എത്രപേരാണ് ശിക്ഷിക്കപ്പെട്ടത് ? അന്ന് രാജീവ് ഗാന്ധി പ്രധാനമന്ത്രിപദം ഏറ്റെടുത്തശേഷവും നൂറുകണക്കിന് സിക്കുകാര്‍ കൊല്ലപ്പെട്ടു. എന്നിട്ടും ആരും രാജീവ് ഗാന്ധിയെ കുറ്റപ്പെടുത്തിയില്ല !

മനുഷ്യക്കുരുതി എവിടെ നടന്നാലും അത് ചെറുക്കപ്പെടേണ്ടതും അപലപിക്കപ്പെടേണ്ടതുമാണ്. എല്ലാജീവനും വിലപ്പെട്ടതാണ്. മുസ്ലീമിന്റെയും സിക്കുകാരന്റെയും ഹിന്ദുവിന്റെയും ജീവന് തുല്യവിലയാണുള്ളത്. എന്നിട്ടും ഒരു പ്രത്യേകവിഭാഗത്തിന്റെ കാര്യത്തില്‍ മാത്രം കൂടുതല്‍ പ്രാധാന്യം കല്‍പ്പിക്കുന്നത് വോട്ടുബാങ്ക് രാഷ്ട്രീയത്തിന്റെ കറുത്ത അദ്ധ്യായമാണ്. മോഡിയെ കുറ്റപ്പെടുത്തുന്നതിനു പിന്നിലെ ചേതോവികാരവും ഇതല്ലാതെ മറ്റൊന്നുമല്ല.

മോഡിയെപ്പോലെ ശക്തനായ ഒരു നേതാവ് പ്രധാനമന്ത്രിപദത്തിലെത്തിയാല്‍ ഖജനാവുകൊള്ളയടിച്ച ഒരുപാട് കോണ്‍ഗ്രസ് നേതാക്കള്‍ അഴിയെണ്ണേണ്ടിവരുമെന്നും ഭയമുണ്ട്. ഇതൊക്കെ അറിയാവുന്ന കോണ്‍ഗ്രസുകാര്‍ മോഡിയെ ഭയത്തിന്റെ പ്രതിരൂപമായി ചൂണ്ടിക്കാട്ടി രക്ഷപ്പെടാനുള്ള വൃഥാശ്രമമാണ് ഇപ്പോള്‍ നടത്തുന്നത്.

കൂടുതല്‍ വാര്‍ത്തകള്‍ - എഡിറ്റോറിയല്‍